ആരാധകരെ ഞെട്ടിച്ച് പെനാലിറ്റി പാഴാക്കി മെസി, പോളണ്ടിനെതിരെ അർജന്റീനയുടെ വിജയ ശില്പികളായത് മാക് അലിസ്റ്ററും ജുലിയൻ അൽവാരെസും, ആദ്യ പകുതിയിൽ ശക്തമായി ചെറുത്ത് പോളണ്ട്, രണ്ടാം പകുതിയിൽ കടന്നാക്രമിച്ച് അർജന്റീനയും;  ആറു പോയിന്റുമായി സി ഗ്രൂപ്പ് ചാമ്പ്യൻമാരായി അർജന്റീന പ്രീക്വാട്ടറിലേക്ക് !

New Update

ദോഹ: ആദ്യ പകുതിയിൽ ലയണൽ മെസി പെനാലിറ്റി പാഴാക്കിയതോടെ അർജന്റീന ആരാധകർ നിരാശയായെങ്കിലും രണ്ടാം പകുതിയിൽ അലെക്‌സിസ് മാക് അലിസ്റ്റർ, ജുലിയൻ അൽവാരെസ് എന്നിവർ ഗോൾവല കുലുക്കിയതോടെ പോളണ്ടിനെതിരെ ഇരട്ട ഗോളുകളുടെ കരുത്തുമായി പ്രീക്വാർട്ടറിലേക്ക് അർജന്റീന കടന്നു

Advertisment

publive-image


തുടക്കം മുതൽ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയിൽ അർജന്റീനയെ ചെറുത്തെങ്കിലും രണ്ടാം പകുതിയിൽ അർജന്റീനയുടെ ശക്തമായ കടന്നാക്രമണത്തിനാണ് മൈതാനം സാക്ഷിയായത്.ഇതോടെ ആറുപോയിന്റുമായി അർജന്റീന സി ഗ്രൂപ്പ് ചാമ്പ്യൻമാരായി. അർജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ടും സി ഗ്രൂപ്പിലെ രണ്ടാമൻമാരായി പ്രീക്വാർട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്.


കോർണറോടെയാണ് അർജന്റീന തുടക്കമിട്ടത്. രണ്ട്, ആറ്, പത്ത് മിനിട്ടുകളിൽ മെസി ഗോൾ വലകുലുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തങ്ങൾക്ക് ഗോളടിക്കുക എന്നതനെക്കാൾ അർജന്റീന ഗോളടിക്കുന്നത് ചെറുക്കലായിരുന്നു ആദ്യപകുതിയിൽ പോളണ്ടിന്റെ ശൈലി.

36ാം മിനിറ്റിൽ പോളണ്ട് ബോക്‌സിനുള്ളിൽ ഗോളി മെസ്സിയെ ഫൗൾ ചെയ്തതിൽ വാർ പരിശോധനകൾക്കു ശേഷം റഫറി അർജന്റീനയ്ക്കു പെനാലിറ്റി അനുവദിച്ചു. എന്നാൽ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിമാറ്റി. ഇതോടെ അർജന്റീന ആരാധകർ നിരാശയിലായി. പോളണ്ട് ഗോൾ കീപ്പർ വോസിയച് ഷെസ്‌നിയും അർജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി.

അർജന്റീനയുടെ നിരവധി അവസരങ്ങൾ ഷെസ്‌നി പ്രതിരോധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. അർജന്റീനയുടെ ഭാവവും. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആൽബിസെലസ്റ്റസ് ലീഡെടുത്തു. അലെക്സിസ് മാക് അലിസ്റ്ററാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്. മൊളീന്യയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ വച്ചുള്ള അലിസ്റ്ററിന്റെ ഷോട്ട് പ്രതിരോധങ്ങളെ മറികടന്ന് ഗോൾവലയിലെത്തി. ഇതോടെ അർജന്റീന ഉയർത്തെഴുന്നേറ്റു.

publive-image


61-ാം മിനിറ്റിൽ സുവർണാവസരം ലഭിച്ചെങ്കിലും മാക് അലിസ്റ്ററിന് അത് ഗോളാക്കാനായില്ല. പിന്നാലെ യുവതാരം ജൂലിയൻ അൽവാരസാണ് ടീമിനായി രണ്ടാം ഗോളടിച്ചത്. എൻസോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് അൽവാരസ് പന്ത് തട്ടിയാണ് അർജന്റീനയെ പ്രീക്വാട്ടറിലെത്തിച്ചത്.


72-ാം മിനിറ്റിൽ അൽവാരസ് വീണ്ടും വലകുലാൻ ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക്. രണ്ട് ഗോളടിച്ചിട്ടും അർജന്റീനുടെ ആക്രമണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. തുടർച്ചയായി പോളിഷ് ഗോൾമുഖത്ത് ഇരച്ചുകയറി മെസ്സിയും കൂട്ടരും തകർപ്പൻ ഫുട്ബോൾ കാഴ്ചവെച്ചു.

Advertisment