ദേശീയം

അസം–മിസോറം അതിർത്തിയിലെ സംഘര്‍ഷം; മിസോറം പൊലീസ് നടത്തിയ വെടിവെപ്പിൽ അസം പൊലീസിലെ ആറുപേര്‍ മരിച്ചു; നിരവധി നാട്ടുകാര്‍ക്കും പരിക്ക്‌

നാഷണല്‍ ഡസ്ക്
Monday, July 26, 2021

ഐസ്വാൾ: അസം – മിസോറം അതിര്‍ത്തിയിൽ ഇന്നുണ്ടായ സംഘര്‍ഷത്തിനിടെ മിസോറം പൊലീസ് നടത്തിയ വെടിവെപ്പിൽ അസം പൊലീസിലെ ആറുപേര്‍ മരിച്ചു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അക്രമ സംഭവങ്ങളുടെ വിഡിയോ രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അമിത് ഷായെ ടാഗ് ചെയ്തു ട്വീറ്റ് ചെയ്തു.

പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു. മിസോറമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ചാച്ചാറില്‍ വെച്ച് ഒരു സംഘം കൈയ്യേറ്റം ചെയ്തതായി മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സംഘര്‍ഷത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ അക്രമം തുടരുമ്പോഴും ഞങ്ങള്‍ സ്ഥാപിച്ച പോലീസ് പോസ്റ്റുകള്‍ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ട്വീറ്റില്‍ ആരോപിച്ചു. അസമിലെ കാച്ചാര്‍ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവയ്ക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്.

മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയിൽ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.

×