ചുഴലിക്കാറ്റുണ്ടായപ്പോള്‍ തങ്ങളെ ആരും സഹായിച്ചില്ല, മുഖ്യമന്ത്രി പോലും സംഭവസ്ഥലം സന്ദര്‍ശിച്ചില്ല; രാഹുല്‍ ഗാന്ധിയോട് പരാതിയുമായി മത്സ്യത്തൊഴിലാളിയായ സ്ത്രീ; സര്‍ക്കാരിനെ സ്ത്രീ പ്രശംസിക്കുകയാണ് ചെയ്തതെന്ന തെറ്റായ വിവര്‍ത്തനവുമായി നാരായണസ്വാമി; പുതുച്ചേരി മുഖ്യമന്ത്രി വിവാദത്തില്‍, വീഡിയോ

നാഷണല്‍ ഡസ്ക്
Wednesday, February 17, 2021

പുതുച്ചേരി: മത്സ്യത്തൊഴിലാളിയായ സ്ത്രീയുടെ പരാതി രാഹുല്‍ ഗാന്ധിക്ക് തെറ്റായി വിവര്‍ത്തനം ചെയ്ത് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പുതുച്ചേരി സന്ദര്‍ശനത്തില്‍ മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത് രാഹുല്‍ ഗാന്ധിക്ക് വിവര്‍ത്തനം ചെയ്ത് നല്‍കിയത് നാരായണസ്വാമിയായിരുന്നു. സംവാദത്തിനിടയില്‍ ഒരു സ്ത്രീ സര്‍ക്കാരിനെതിരേ പരാതി ഉന്നയിച്ചു. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി.

എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വിമര്‍ശനം വിവാദങ്ങള്‍ക്കും തുടക്കമിട്ടു.

നുണകള്‍ പറയുന്നതില്‍ രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ മത്സരത്തിലാണെന്നാണ് തോന്നുന്നതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി. നേതാവ് സി.ടി. രവി ട്വിറ്ററില്‍ കുറിച്ചത്.

×