Advertisment

യുക്മയുടെ ഇടപെടല്‍ വീണ്ടും ഫലപ്രദം; ലണ്ടൻ - കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു; മറ്റ് വിമാന സര്‍വീസുകൾക്കുള്ള സമ്മർദ്ദം തുടരും…

New Update

publive-image

Advertisment

യുകെ: യുകെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവച്ചിരുന്നത് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്ന ലണ്ടൻ - കൊച്ചി സർവ്വീസ് നിറുത്തലാക്കിയ നടപടി യുകെ മലയാളികളെ നിരാശപ്പെടുത്തിയിരുന്നു. യുക്മ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു.

വന്ദേഭാരത് മിഷൻ ഫേസ് 9-ന്റ ഭാഗമായി ജനുവരി 26, 28, 30 ദിവസങ്ങളിൽ കൊച്ചിയിലേയ്ക്ക് ലണ്ടനിൽ നിന്നും വിമാനസർവീസുകൾ ഉണ്ടാവുമെന്ന് ലണ്ടൻ ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ നാട്ടിലെത്തുവാനുള്ള ഏക ആശ്രയം ഇല്ലാതായതിന്റെ ദുഃഖത്തിലായിരുന്ന യുകെ മലയാളികൾക്ക് പുതിയ പ്രഖ്യാപനം ആശ്വാസമായി. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് തുടക്കത്തിൽ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളിൽ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഉൾപ്പെടുത്തിയിരുന്നില്ല.

എന്നാൽ യുകെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ‍കേന്ദ്രമന്ത്രി വി മുരളീധരൻ വഴി നിവേദനം നൽകുകയുണ്ടായി. രണ്ടാം ഘട്ട വിമാന സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചപ്പോൾ ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമായി എടുത്ത് പറയുകയും ചെയ്തു.

വന്ദേഭാരത് മിഷനിലൂടെ തന്നെ വിമാന സർവ്വീസ് പുന:സ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർക്കും, കേരളത്തിൽനിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും അടിയന്തിര നിവേദനങ്ങൾ നൽകിയിരുന്നു.

ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവ്വീസുകൾക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സർവ്വീസുകൾ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കണമെന്ന് യുക്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ നീളുവാൻ സാധ്യതയുള്ള ഇംഗ്ലണ്ടിലെ നിലവിലെ ലോക്ക്ഡൗണിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബർമിംഗ്ഹാമിലേക്കും കൂടി വിമാന സർവ്വീസുകൾ അനുവദിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് യുക്മ നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

നിയന്ത്രിതമായ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ, ഹീത്രോ വിമാനത്താവളത്തിൽനിന്നും യുകെയുടെ വടക്കൻ മേഖലകളിലേക്ക് എത്തിച്ചേരുവാൻ ടാക്സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതമായ സാഹചര്യം കൂടി കണക്കിലെടുത്താണിത്. ഈ സർവീസുകളുടെ കാര്യത്തിൽ അധികാരികളുടെ മുന്നിൽ സമ്മർദ്ദം ചെലുത്തുവാൻ ശ്രമിക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

-സജീഷ് ടോം

(യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ)

uk news
Advertisment