വിയ്യൂര്‍: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ വിയ്യൂര്‍ ജയിലിലും പ്രതിഷേധം. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച് രൂപേഷ് ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ നിരാഹാരമിരുന്ന് പ്രതിഷേധിച്ചു.
സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കോടതി ഒരു നിമിഷം മൗനമാചരിക്കണമെന്ന രൂപേഷിന്റെ അപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് രാജീവന്‍, രാജന്‍, ധനീഷ് എന്നിവര്‍ക്കൊപ്പം രൂപേഷും ജയിലില്‍ നിരാഹാരമിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ചാരുംമജുംദാര്‍ മരിച്ചപ്പോള്‍ കോടതികള്‍ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് മൗനമാചരിച്ചകാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രൂപേഷിന്റെ അപേക്ഷ. ഈ അപേക്ഷ നിരസിച്ചശേഷം രൂപേഷിന് മൗനം ആചരിക്കാന്‍ കോടതി അനുവാദം നല്‍കി.
അതെസമയം, സ്റ്റാന്‍ സ്വാമിയെ തടവിലാക്കിയ നടപടി ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് ഫാ. സ്റ്റാന്‍സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം ഗൗരവമുള്ളതായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ ഇന്ത്യയിലെ അധികാരികള്‍ പ്രവര്‍ത്തിക്കുന്നത് നിയമലംഘനങ്ങള്‍ക്കെതിരെയാണ്. അല്ലാതെ അവകാശങ്ങള്‍ നിയമാനുസൃതമായി പ്രയോഗിക്കുന്നതിനെതിരെയല്ല. ഇത്തരം നടപടികളെല്ലാം കര്‍ശനമായ നിയമം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു കോടതികള്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ തള്ളിയത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇദ്ദേഹത്തിന് മെഡിക്കല്‍ ചികിത്സയും നല്‍കിയിരുന്നെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു.