മലയാളി ഇക്കാലംകൊണ്ട് അറിഞ്ഞുകൊണ്ട് തട്ടിപ്പുകാരുടെ ഉള്ളംകൈയ്യില്‍ വച്ചുകൊടുത്തത് അമ്പതിനായിരം കോടിയിലേറെ !ഇനിയും നല്ല തട്ടിപ്പുകാര്‍ ഉണ്ടെങ്കില്‍ വന്നോളൂ പണം തരാന്‍ ഞങ്ങള്‍ റെഡി ! ഒരു തട്ടിപ്പ് രാജാവിന്‍റെ മകന്‍ എന്ന സിനിമയ്ക്ക് പ്രചോദനമായി ? മറ്റൊരു തട്ടിപ്പിനിരയായി പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ജനിച്ചു. ഒടുവില്‍ വള്ളിനിക്കറിട്ടു നടന്ന കൌമാരക്കാരന്‍ വരെ കോടികള്‍ തട്ടി. കേരളം ഊറ്റിയ തട്ടിപ്പുകളുടെ യാഥാര്‍ത്ഥ ചിത്രം ഇങ്ങനെ ….

ദാസനും വിജയനും
Friday, March 6, 2020

കോയമ്പത്തൂരിലെ യൂണിവേഴ്സൽ എന്ന ഒരു സ്ഥാപനം ബിറ്റ്‌കോയിന്റെ പേരിൽ മലയാളിയുടെ മൂവായിരത്തോളം കോടി രൂപ പിടുങ്ങിയിരിക്കുന്നു. എത്ര തല്ലുകൊണ്ടാലും മനസ്സിലാക്കാത്ത ഒരു വർഗ്ഗമായി മലയാളി മാറുമ്പോൾ ഇവിടെ വിലസുന്നത് മണിചെയിനും ബിറ്റ്കോയിനും മൈക്രോ ഫൈനാൻസും ലിസും ടൈം ഷെയറുകളും ബ്ലേഡ് കമ്പനികളും ആട് തേക്ക് മാഞ്ചിയവും ശബരീനാഥും കുറ്റിപ്പുറം മുസ്‌ലിയാരും ഇന്റഗ്രേറ്റഡ് ഫൈനാൻസും ഒക്കെയാണ് .

എൺപതുകളിൽ കേരളമൊന്നടങ്കം ഞെട്ടിച്ച ഓറിയന്റൽ ഫൈനാൻസ് ഉടമ സാജൻ വർഗീസും ലാബെല്ല രാജനും കൊളുത്തിവെച്ച തട്ടിപ്പിന്‍റെ  ദീപശിഖ പാലക്കാട്ടെ എച്ച്  വൈ എസ് ഫൗണ്ടേഷനിലൂടെ ആട് തേക്ക് മാഞ്ചിയത്തിലൂടെ വിവിധ റിസോർട്ടുകളുടെ ടൈം ഷെയറിലെത്തി . പിന്നീട് ലിസ് എന്ന ലോട്ടറിതട്ടിപ്പും വിവിധ മണിചെയിനുകളും കേരളത്തിൽ പിടിമുറുക്കി .

പലതരം പലവിധം കുറിക്കമ്പനികൾ ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും മുളച്ചുപൊന്തുമ്പോൾ അവരൊക്കെ ഫരീദാബാദിൽ ഹെഡ് ഓഫീസ് തുടങ്ങിക്കൊണ്ട് നിയമത്തിന്‍റെ  വാതിലുകൾ അടച്ചിടുകയായിരുന്നു . കോട്ടയത്തെ  ഇന്റഗ്രേറ്റഡ് ഫൈനാൻസ് കമ്പനി തുടങ്ങിയപ്പോൾ അമേരിക്കയിലെയും യൂറോപ്പിലെയും ഗൾഫിലെയും നഴ്‌സുമാർ അവരുടെ അദ്ധ്വാനം അതിൽ നിക്ഷേപിച്ചു പൊളിഞ്ഞു  .

ആ കാലഘട്ടത്തിൽ തന്നെ ഒരു  ബിഷപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പത്രത്തിന്റെ പേരിൽ ഒരു തട്ടിപ്പുകാരൻ ന്യുസ്‌വേ മണിചെയിൻ തുടങ്ങുകയും മുന്നൂറോളം കോടി പിരിച്ചുകൊണ്ട് ദുബായിൽ വിലസുകയും ചെയ്തിരുന്നു .

കോണ്ടസ ക്‌ളാസിക് തട്ടിപ്പില്‍ പിറന്നത് ‘രാജാവിന്റെ മകൻ’ എന്ന മെഗാ ഹിറ്റ്‌ സിനിമ 

മുംബയിൽ നിന്നും ഒരു മലയാളി ഹിന്ദുസ്ഥാൻ കോണ്ടസ കാർ ഡ്രൈവ് ചെയ്തുകൊണ്ട് വയനാട്ടിലെത്തി . അവിടെയുള്ള ചെമ്പറെ എസ്റ്റേസ്റ്റ് വിലക്ക് വാങ്ങി കോണ്ടസ നേരെ വിട്ടു കൊച്ചിയിലേക്ക് . കവിത തിയ്യറ്റർ വിലക്കു വാങ്ങണമെന്ന മോഹം ബാബുക്കയോട് അറിയിക്കുന്നു . ഒരു കോടി രൊക്കം  തരുകയാണെങ്കിൽ വിൽക്കാം എന്ന് ബാബുക്കയുടെ മറുപടി .

കോണ്ടസ ക്‌ളാസിക്കിന്റെ ഡിക്കിയിലും പിൻസീറ്റിലും അടുക്കിവെച്ചിരുന്ന നോട്ടുകെട്ടുകൾ കാണിച്ചുകൊണ്ട് ഇപ്പറഞ്ഞ മുംബൈക്കാരൻ മോഹൻകുമാർ ബാബുക്കയെ ഞെട്ടിച്ചു . ലാബെല്ല ഫിനാൻസ് കമ്പനിയുടെ മുതലാളിയുടെ ഉറ്റ സുഹൃത്തായിരുന്നു ഈ മുംബൈക്കാരൻ . ഒരു പ്രത്യേക സാഹചര്യത്തിൽ ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു . രാജാവിന്റെ മകൻ എന്ന സിനിമയുടെ പ്രചോദനം ഈ കോണ്ടസ ക്‌ളാസിക് കളികളായിരുന്നു .

മറ്റൊരു തട്ടിപ്പിന്‍റെ കെണിയില്‍ നിന്നും ജന്മം കൊണ്ടത് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ !

കേരളത്തിലെ എക്കാലത്തെയും ഒന്നാം നമ്പർ നിർമ്മാതാവായിരുന്നു അപ്പച്ചൻ . നവോദയയുടെ ബാനറിൽ അപ്പച്ചനും മകനും ഒക്കെ ചേർന്നുകൊണ്ട് മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് , 70 mm , 3 D ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചപ്പോൾ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു പ്രിയദർശൻ .

മൈഡിയർ കുട്ടിച്ചാത്തൻ പ്രിയനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുകയും പടത്തിന്റെ പോസ്റ്ററിൽ മകൻ ജിജോയുടെ പേര് വെക്കുകയും ചെയ്തപ്പോൾ മുതൽ തിരുവനന്തപുരം ലോബിയും കൊച്ചി ലോബിയും എന്നെന്നേക്കുമായി അടിച്ചു പിരിയുകയായിരുന്നു .

കൊച്ചിയിൽ 365 ദിവസം പടം കളിച്ചപ്പോൾ 35 ലക്ഷം മുടക്കിയവർക്ക് 2.5 കോടി ലാഭം കിട്ടുകയായിരുന്നു . ആ വാശി മനസ്സിൽ വെച്ച പ്രിയൻ തന്റെ ഹിറ്റ് ആയ ”ചിത്രം ” 366 ദിവസം കളിച്ചുകൊണ്ട് അപ്പച്ചന്റെ മേലെ ആധിപത്യം നേടി . വാശി തീരാതെ കടത്തനാടൻ അമ്പാടി എന്ന ബ്രഹ്മാണ്ഡ ചിത്രം അന്നത്തെ പ്രമുഖ നിർമ്മാതാവായ ബ്ലേഡ് സാജൻ അഥവാ ഓറിയന്റൽ ഫൈനാൻസ് ഉടമ സാജൻ വർഗീസിനെ കൊണ്ട് നിർമ്മിച്ചപ്പോൾ അപ്പച്ചൻ മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ മുതലാളിയെ സ്വാധീനിച്ച കൊണ്ട് സാജന്റെ ബ്ലേഡ് കമ്പനി പൊളിക്കുകയും കടത്തനാടൻ അമ്പാടിയെ വഴിയാധാരമാക്കുകയും ചെയ്തു .

അങ്ങനെ കേരളത്തിലും തമിഴ്‌നാട്ടിലും പടർന്നു പന്തലിച്ച ബ്ലേഡ് കമ്പനികൾ ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നടിയുകയായിരുന്നു . കുറെ പാവങ്ങൾ ആത്മഹത്യാ ചെയ്തു , കുറെ പേർക്ക് മാനസിക പ്രശ്നങ്ങൾ നേരിട്ടു . കുറെ പേര് ഹൃദയം പൊട്ടി മരിച്ചു .

ടൈം ഷെയർ തട്ടിപ്പ് രക്ഷപെട്ടത് കാലം അതായതുകൊണ്ട്‌

എൺപതുകളുടെ മദ്ധ്യത്തിൽ ഗൾഫ്‌കാരെയും അമേരിക്കൻ മലയാളികളെയും വലവീശിക്കൊണ്ട് വമ്പൻ കമ്പനികള്‍  ടൈം ഷെയർ പരിപാടി ആരംഭിക്കുകയും എല്ലാവരും ചേർന്നുകൊണ്ട് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും ചെയ്തു .

അതും തമിഴ്‍നാട്ടിലെ രണ്ടുപേർ ചേർന്നാണ് ആരംഭിച്ചതും പണം പിരിച്ചതും . സർട്ടിഫിക്കറ്റുമായി നമ്മൾ റിസോർട്ടിൽ എത്തിയാൽ ചിലയിടത്ത് റിസോർട്ടിന്റെ കമിങ് സൂൺ ബോർഡോ , അല്ലെങ്കിൽ അസ്ഥിവാരമോ അതല്ലെങ്കിൽ ഒന്നുമില്ലാത്ത അവസ്ഥയുമാണ് കാണുവാനായത് . അബദ്ധം പറ്റിയവരൊന്നും നാണക്കേടുകൊണ്ട് പരസ്പരം ചർച്ച ചെയ്യാത്തത് കൊണ്ടും , പോലീസിൽ പരാതി പെടാത്തതുകൊണ്ടും സോഷ്യൽ മീഡിയ ഇല്ലാതിരുന്നതുകൊണ്ടും ആരും ഒന്നും അറിഞ്ഞില്ല .

മലയാളിയെ ആടാക്കിയ ആട് തേക്ക് മാഞ്ചിയ0

എൺപതുകളുടെ അവസാനത്തിലാണ് ആട് തേക്ക് മാഞ്ചിയമെന്ന ഒരു നൂതന ആശയം പാലക്കാട്ടെ കൽമണ്ഡപത്തിലെ ഒരു വെളുത്ത കെട്ടിടത്തിൽ നിന്നും ആരംഭിച്ചത് . കോയമ്പത്തൂർ സായിബാബ കോളനിയിലെ കുറച്ചു ചെറുപ്പക്കാർ ചേർന്നുകൊണ്ട് പാലക്കാട്ടെ കളേഴ്സ് ഓഫ് ദി വേൾഡ് എന്ന കമ്പനിക്കാരനെ കൂട്ടുപിടിച്ചുകൊണ്ട് ഉണ്ടാക്കിയ തട്ടിപ്പിൽ കോടികളാണ് മലയാളിക്ക് നഷ്ടമായത് .

മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിലൊക്കെ മുഴുവൻ പേജ് പരസ്യങ്ങൾ കൊടുത്തുകൊണ്ട് നടത്തിയ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകൻ പാലക്കാട്ടെ ഒരു വിവാദ മേനോനാണ് .

സമ്മർ ഇൻ ബത്‌ലഹേം സിനിമയിൽ ജയറാമിന്റെ ഫാം പോലെ ഷെയർ എടുത്തവർ സ്ഥലവും മരവും കാണുവാൻ വന്നപ്പോള്‍  തമിഴ്‌നാട്ടിലെ ഏതെങ്കിലും തോട്ടങ്ങൾ കാണിച്ചുകൊടുത്തു . ഗാനഗന്ധർവൻ വരെ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള കമ്പനികൾ നിലവിൽ വന്നപ്പോൾ നഷ്ടം സംഭവിച്ചത് ഗൾഫിലെയും അമേരിക്കയിലെയും കുറെ വേദനിക്കുന്ന കോടീശ്വരന്മാർക്കും ആർത്തിമൂത്ത കുറെ പാവങ്ങൾക്കും മാത്രം .

തൃശൂരിലെ തട്ടിപ്പിന്‍റെ ചക്രവർത്തിനി ഫിലിം കോർപറേഷൻ

അതേ കാലഘട്ടത്തിൽ തന്നെയാണ് ജനകീയ സിനിമയെന്ന ആശയവുമായി തൃശൂർ അരിമ്പൂർ കേന്ദ്രമായി ചക്രവർത്തിനി ഫിലിം കോർപറേഷൻ ആരംഭിക്കുന്നത് . പാപ്പച്ചൻ എന്നയാളും കുറെ ശിങ്കിടികളും ചേർന്നുകൊണ്ട് ആരംഭിച്ച കമ്പനിക്കുവേണ്ടിയും കുറെ ഗൾഫിലെ പാവങ്ങൾ പണം നിക്ഷേപിച്ചു .

ഒരു സങ്കീർത്തനം പോലെ എന്ന തട്ടുപൊളിപ്പൻ സിനിമ നിർമ്മിച്ചെങ്കിലും പണം മുടക്കിയവന് ഒരു വീഡിയോ കാസറ്റ് വരെ കിട്ടിയില്ല എന്നതാണ് നഗ്നസത്യം . അതുപോലെ ഇളവങ്കോട് ദേശം എന്നപേരിൽ ഒരു കെജി ജോർജ്ജ് സിനിമ കുറെ അബുദാബിക്കാർ ചേർന്നുകൊണ്ട് നിർമിച്ചെങ്കിലും അവസാനം അമ്പതോളം വരുന്ന നിർമ്മാതാക്കളും തമ്മിൽ തമ്മിൽ അടിയോടടി ആയി  .

വിയർപ്പൊഴുക്കാതെ കോടീശ്വരനാകാന്‍ മണിചെയിന്‍

തൊണ്ണൂറുകളുടെ ആരംഭത്തിലാണ് മണിചെയിനുകൾ കേരളത്തെ വിഴുങ്ങുവാൻ തുടങ്ങിയത് . ഗ്രാമങ്ങളിലും പട്ടണങ്ങളിലും വെറുതെ നടന്നവർ അന്നത്തെ ഓപ്പൽ ആസ്ട്രയും മാരുതി എസ്റ്റീമും ദേവു സിലോയും ഒക്കെ കൊണ്ട് കറങ്ങാൻ തുടങ്ങി . ഇവരുടെയൊക്കെ വരുമാനം അന്വേഷിച്ചപ്പോൾ മണിചെയിൻ എന്ന അത്‌ഭുത വിദ്യയിലേക്ക് ജനങ്ങൾ എത്തിത്തുടങ്ങി . പട്ടണത്തിൽ വരുന്ന യജമാനന്മാർ ഏതെങ്കിലും ഹോട്ടൽ ഹാളുകളിലോ സ്‌കൂൾ ഹാളുകളിലോ ക്‌ളാസുകൾ എടുക്കുവാൻ തുടങ്ങി .

വിയർപ്പൊഴുക്കാതെ എങ്ങനെ കോടീശ്വരനാകാം എന്നുള്ള ചില സൂത്ര വിദ്യകൾ പാവങ്ങളെ പഠിപ്പിച്ചു . കേട്ടവർ കേട്ടവർ പണം കൊടുത്തുതുടങ്ങിയപ്പോൾ പിരമിഡിന്റെ മേലെ ഉള്ള ബുദ്ധിമാന്മാർ പോക്കറ്റ് വീർപ്പിക്കുവാൻ തുടങ്ങി . പിരമിഡിന്റെ താഴെയുള്ളവർ സ്വാഹാ .

ആയിടക്കാണ് കോട്ടയത്തെ പ്രമുഖ പത്രമായ ദീപികയുടെ പേരിൽ ഒരു മഹാൻ ന്യൂസ് വേ തുടങ്ങുകയും ആറായിരം രൂപ നിക്ഷേപിച്ചാൽ ആറായിരം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നും പറഞ്ഞത്  . അന്ന് കൊടുത്ത ആറായിരം രൂപക്കുള്ള സാധനങ്ങൾ ഇപ്പോഴും കിട്ടിയിട്ടില്ല .

പിന്നീട് വന്ന ക്യു നെറ്റും , ബിസാരെയും , ടൈക്കൂൺ എമ്പയർ ഗ്രൂപ്പും, ബിക്ക് മാർക്കും ചേർന്ന് ഏകദേശം പതിനായിരം കോടിയോളം കേരളജനതയെ പറ്റിച്ചു എന്നറിയുമ്പോൾ നമ്മുടെ തലച്ചോറിന്റെ വ്യാപ്തി ഏവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ .

ആപ്പിൾ എ ഡേ

800 ഓളം പേർക്ക് സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം തകർത്ത ആപ്പിൾ എ ഡേ റിയൽ എസ്റ്റേറ്റ് അഴിമതിയെ തുടർന്ന് മണി ചെയിൻ റാക്കറ്റ്,
റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പ്രൊമോട്ടർമാർ ശനിയാഴ്ച കീഴടങ്ങിയപ്പോൾ, പണ ശൃംഖല കുംഭകോണത്തിന് പിന്നിലുള്ള ഭൂരിഭാഗം ആളുകളും ജനങ്ങളിൽ നിന്ന് ശേഖരിച്ച പണവുമായി ഒളിവിലാണ്.

ബിസാർ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് എന്ന കമ്പനി നടത്തുന്ന പ്രധാന റാക്കറ്റ് വയനാട് പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് മണി ചെയിൻ സ്ഥാപനങ്ങൾക്കെതിരായ പരാതികൾ അധികൃതരെ നിറച്ചുതുടങ്ങി. ഒരിക്കലും നിർമ്മിക്കാത്ത സൂപ്പർ മാർക്കറ്റുകളിൽ ഓഹരികൾ വാഗ്ദാനം ചെയ്ത് കമ്പനി ദശലക്ഷക്കണക്കിന് രൂപ നിക്ഷേപകരെ കൊള്ളയടിച്ചു. ഇതിനെത്തുടർന്ന് കാലിക്കട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പണ ശൃംഖല നടത്തുന്ന ടൈക്കൂൺ എംപയർ ഇന്റർനാഷണലിനെതിരെ പരാതികൾ ഉയർന്നു. പ്രാഥമിക പോലീസ് അന്വേഷണത്തിൽ കമ്പനി ഈ രീതിയിൽ 3.7 ബില്യൺ രൂപ സമാഹരിച്ചു.

തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ പോലീസ് സ്കാനറിനു കീഴിലാക്കിയപ്പോഴേക്കും പ്രമോട്ടർമാർ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച ദശലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. പോലീസ് നടപടി മറ്റൊരു തമിഴ്നാട് അധിഷ്ഠിത കമ്പനി കാണാതായതിലേക്ക് നയിച്ചു. കമ്മീഷൻ, ആഡംബര കാറുകൾ, വിദേശ യാത്രകൾ എന്നിവ നൽകി നിക്ഷേപകരെ നിയമിച്ചു. ത്രിച്ചൂർ ജില്ലയിലെ ആർ‌എം‌പി നെറ്റ്‌വർക്കിംഗ് മാർക്കറ്റിംഗ് എന്ന കമ്പനിയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി.

കാലിക്കട്ട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ ഓഫീസുകൾ അതിനുശേഷം അടച്ചിരിക്കുകയാണ്. ആകർഷകമായ വിലയ്ക്ക് ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനം കമ്പനി നടത്തുന്നു. ഇവ കൂടാതെ നാല് കമ്പനികളും ഇപ്പോൾ പോലീസ് സ്കാനറിന് കീഴിലാണ്. കേരളത്തിലെ പണ ശൃംഖല റാക്കറ്റിൽ 200,000 പേരെങ്കിലും വഞ്ചിക്കപ്പെടുകയോ അതിൽ പങ്കാളികളാകുകയോ ചെയ്യുമായിരുന്നുവെന്ന് പോലീസ് കരുതുന്നു.

ബിസിനസ്സ് അടിത്തട്ടിലേക്ക് വ്യാപിച്ചതിനാൽ നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച പണം ഉടൻ കണക്കാക്കാൻ കഴിയില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചില ഫ്ലൈ-ബൈ-നൈറ്റ് മണി ചെയിൻ ഓപ്പറേറ്റർമാർ സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും സാങ്കൽപ്പിക പേരുകളിൽ നിയമവിരുദ്ധമായ ബിസിനസ്സ് നടത്തിയിട്ടുണ്ട് .

മലേഷ്യന്‍ കമ്പനി പറ്റിച്ചത് 5 ലക്ഷം പേരെ

H 2 Y 2 എന്ന പേരിൽ തൃശൂർ സ്വദേശി ഷാജിയും കുറെ കോടികൾ പിരിച്ചെടുത്ത് ജനങ്ങളെ പറ്റിച്ചു പിന്നീട് പോലീസിന്റെ പിടിയിലായി . 2013 ൽ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫൻസ് വിംഗ് (ഇഡബ്ല്യു) നടത്തിയ അന്വേഷണത്തിൽ മലേഷ്യ ആസ്ഥാനമായുള്ള ക്യുനെറ്റ് എന്ന കമ്പനി രാജ്യത്താകമാനം 5 ലക്ഷത്തോളം നിക്ഷേപകരെ കബളിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മൈക്കൽ ഫെറെയിറയെയും മറ്റ് കുറച്ചുപേരെയും അറസ്റ്റ് ചെയ്യുകയും കമ്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു. ഓൺലൈൻ മത്സരങ്ങളുടെ പേരിൽ മറ്റൊരു തട്ടിപ്പ് നടത്തി അകത്തായ ഒരാളാണ് ബിക്ക് മാർക്കിന്റെ മുതലാളി ബിജു കർണൻ , കേരളത്തിലെ ഒരു സൂപ്പർസ്റ്റാറും കുറെ വണ്ടിച്ചെക്ക് കേസുകളുള്ള ചാനൽ മുതലാളിയും ചേർന്ന് വാർത്തകൾ മുക്കിയെങ്കിലും അറസ്റ്റ് ഒഴിവാക്കുവാനായില്ല .

ശബരീനാഥന്‍ എന്ന തട്ടിപ്പുകാരുടെ ആസാമി  

ശബരീനാഥിന്റെ ടോട്ടൽ ഫോർ യു തട്ടിപ്പ് ആണ് ശരിക്കും മലയാളിയെ ഒന്നുമല്ലാതാക്കി കളഞ്ഞത് . കേവലം 21 വയസ്സുള്ള ഒരു പയ്യൻ ഐഎഎസ് കാരേയും പോലീസുകാരെയും രാഷ്ട്രീയക്കാരെയും ഒന്നുമല്ലാതാക്കിക്കൊണ്ട്  എല്ലാവരെയും കൈവെള്ളയിൽ അമ്മാനമാടി . ഇതേ തുടർന്ന് കുറ്റിപ്പുറത്തെ ഖാളിയുടെ മകൻ നൂർ മുസ്ല്യാർ മുന്നോറോളം കോടി രൂപ പിരിച്ചെടുത്ത് കുറേയെണ്ണത്തിനെ മക്കാരാക്കി .

മമ്മുട്ടിയുടെ ബിഗ് ബി മുതൽ പൃഥ്വിയുടെ താന്തോന്നി വരെ സിനിമകൾ മലയാളി കാണുവാൻ ഇടയായത് ഒരു  കുറ്റിപ്പുറത്തുകാരന്റെ പണത്തിനാലാണ് . വീടും പറമ്പും സ്വർണ്ണവും മറ്റും പണയം വെച്ചുകിട്ടിയ പണം മുഴുവൻ ഒരു  മുസ്ല്യാരുടെ കയ്യിൽ കൊടുക്കുമ്പോൾ ദൈവത്തെ സാക്ഷി നിർത്തിയാണ് മുസ്ല്യാർ പണം ഏറ്റുവാങ്ങിയിരുന്നത് .

അബുദാബിക്കാർക്ക് പെട്ടെന്നു കോടീശ്വരനാകണം എന്ന മോഹത്തിൽ എടപ്പാളിനടുത്തുള്ള കോലൊളമ്പ് എന്ന സ്ഥലത്തെ കുറച്ചുപേരിൽ പണം കൊടുത്തു . റിയൽ എസ്റ്റേറ്റ് നിക്ഷേപ ലാഭമെന്ന വ്യാജേന ഇവർ പിരിച്ചെടുത്ത പണം വഴിമാറ്റി ചിലവഴിച്ചപ്പോൾ ജനങ്ങൾ മുഴുവൻ വീടിന്റെ മുന്നിൽ സമരം നടത്തി . ആത്മഹത്യയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് മനസിലാക്കിയ പാർട്ണർ ആ വഴി തിരഞ്ഞെടുത്തു .

തട്ടിപ്പുകളെല്ലാം പിന്നെ ഫ്ലാറ്റായി  

കേരളത്തിൽ ഈയിടെ തകർന്നടിഞ്ഞ ഏറെക്കുറെ റിയൽ എസ്റ്റേറ്റ് – ഫ്‌ളാറ്റ് നിർമാണം എല്ലാം വേറെ ഒരു തരത്തിലുള്ള തട്ടിപ്പുകൾ തന്നെയായിരുന്നു . കോടിക്കണക്കിന് രൂപയാണ് ഫ്‌ളാറ്റ് നിർമ്മാതാക്കൾ വെട്ടിച്ചെടുത്തത് . ഇപ്പോൾ സ്വർണ്ണക്കടക്കാരും അതുപോലെ മലബാറിലെ ഓരോരോ മുക്കിലും മൂലയിലും നിരവധിയനവധി സ്ഥപാനങ്ങളാണ് ഇതുപോലെ നുരഞ്ഞു പൊന്തുന്നത് . വയനാട്ടിൽ താമസവും മൂന്നാറിൽ ഹോളിഡെയും കുമരകത്ത് കെട്ടുവള്ളവും എന്നൊക്കെ പറഞ്ഞുള്ള അനേകം പണപ്പിരിവുകൾ ഇപ്പോഴും കേരളത്തിൽ നിർബാധം തുടരുന്നു .

എത്രയൊക്കെ ബുദ്ധിവെച്ചാലും അനുഭവങ്ങൾ ഉണ്ടായാലും ചാനലിൽ പറഞ്ഞാലും പത്രത്തിൽ എഴുതിയാലും ഇനിയും ഞങ്ങൾ പറ്റിക്കപ്പെടും എന്നുറപ്പിച്ചുകൊണ്ട്

കോയമ്പത്തൂരിലെ യൂണിവേഴ്സൽ കമ്പനിക്ക് വീട് പണയം വെച്ച് പണം കൊടുത്ത ദാസനും
വയനാട്ടിലെ റിസോർട്ട് താമസം മോഹിച്ചുകൊണ്ട് പണം കൊടുത്ത വിജയനും

×