ഡൽഹി: സാധാരണക്കാരുടെ നെഞ്ചിൽ തീ പടർത്തി രാജ്യത്ത് ഇന്ധന വില റോക്കറ്റ് വേഗത്തിൽ കൂട്ടുന്പോഴും വൻപ്രതിഷേധങ്ങളില്ലാത്തത് അതിശയിപ്പിക്കുന്നു. 2014നു മുന്പു വരെ ഇന്ധനവില വർധനവിനെതിരേ രാജ്യത്താകെ ഉയർത്തിയിരുന്ന വൻ പ്രതിഷേധങ്ങൾ അന്നത്തേതിലേറെ വില കൂട്ടിയിട്ടും ഇപ്പോഴുണ്ടാകുന്നില്ല. പ്രധാന പ്രതിപക്ഷ പാർട്ടികളും പ്രബല മുഖ്യധാരാമാധ്യമങ്ങളും പുലർത്തുന്നത് അപലപനീയമായ അലംഭാവവും മൗനവും.
പെട്രോളിനും ഡീസലിനും ലിറ്ററിന് 100 രൂപയും കടക്കുമോയെന്ന ആശങ്കയിലാണു ജനം. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.94 രൂപയും ഡീസലിന് 85.14 രൂപയും മുംബൈയിൽ പെട്രോളിന് 95.21 രൂപയും ഡീസലിന് 86.04 രൂപയുമെത്തി. താരതമ്യേന വിലക്കുറവുണ്ടായിരുന്ന ഡൽഹിയിൽ പോലും ലിറ്ററിന് 88.73 രൂപയും 79.06 രൂപയുമായി. ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ പാചകവാതക വിലയും കുത്തനെ കൂട്ടി. ഇന്നലെ മുതൽ വീണ്ടും 50 രൂപ കൂട്ടിയതോടെ ഗാർഹിക എൽപിജി സിലിണ്ടറിന് 769 രൂപയാണ് ഡൽഹിയിലെ വില.
ജനവികാരം മാനിച്ചു നികുതികൾ കുറച്ച് ആശ്വാസം നൽകേണ്ട സർക്കാരാകട്ടെ വീണ്ടും വീണ്ടും വില കൂട്ടി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ഇന്ധന വിലയേക്കാൾ വേഗത്തിൽ അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.
ബിജെപി സർക്കാർ 2014ൽ ഡൽഹിയിൽ അധികാരത്തിലെത്തുന്പോൾ ഡൽഹിയിൽ പെട്രോളിന് 71.34 രൂപയും ഡീസലിന് 56.71 രൂപയുമായിരുന്നു വില. ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിൽ താഴെയും. പിന്നീട് 2014 സെപ്റ്റംബർ മുതൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു ശരാശരി 40-50 ഡോളറിലെത്തി. കഴിഞ്ഞ വർഷം ക്രൂഡ് വില 11.26- 39.68 ഡോളർ വരെ താഴുകയും ചെയ്തു. പക്ഷേ, പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ മാത്രം കൂട്ടി.
ഇന്ധന നികുതികളും സെസും ലോകറിക്കാർഡ് ഭേദിക്കുകയും ചെയ്തു. ജർമനിയിൽ ഇന്ധനവില കൂട്ടിയപ്പോൾ ജനങ്ങൾ വാഹനങ്ങൾ കൂട്ടമായി ഹൈവേകളിൽ ഉപേക്ഷിച്ചു പോയ ചരിത്രമുണ്ട്. 80 ദിവസത്തിലേറെയായി ഡൽഹിയിലെ തെരുവുകളിൽ സഹനസമരം തുടരുന്ന കർഷകരോടുള്ള ധിക്കാരപരമായ സമീപനമാണ് തുടർച്ചയായി ഇന്ധനവില കൂട്ടലിലൂടെ കേന്ദ്രവും തുടരുന്നത്.
ജോർജ് കള്ളിവയലിൽ