മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണം; ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്

നാഷണല്‍ ഡസ്ക്
Sunday, March 7, 2021

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്.  ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജോർജ് മുത്തൂറ്റ് മരിച്ചത്.

പരിക്കേറ്റ ജോർജ് മുത്തൂറ്റിനെ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമാർട്ടം നടത്തിയെന്നും മരണത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും ഡൽഹി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റിന്റെ (72) മൃതദേഹം ഞായറാഴ്ച പനമ്പിള്ളി നഗറിൽ പൊതുദർശനത്തിനു വയ്ക്കും. ഡൽഹിയിൽനിന്നു രാവിലെ എത്തിക്കുന്ന മൃതദേഹം എസ്ബിടി അവന്യുവിലെ മുത്തൂറ്റ് ഓറം റസിഡന്‍സസിൽ രാവിലെ ഏഴര മുതൽ എട്ടര വരെയാണ് പൊതുദർശനത്തിനു വയ്ക്കുക.

തുടർന്ന് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴ‍ഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം.ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.

×