Advertisment

ആദ്യരാത്രിയിൽ ഒരു കള്ളുകുടം അഥവാ മണിയറയിലെ മധുപാത്രം (കഥ)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ജോർജ് പുല്ലാട്ട്

കല്യാണ ദിവസമാണെന്നതൊക്കെ ശരി. സന്തോഷം തന്നെ. പക്ഷേ അത്രയ്ക്കൊരു ഉഷാറാകുന്നില്ല. വർഷങ്ങളായി തുടരുന്ന ഒരു ചടങ്ങ് ഇന്നു മുടങ്ങിയതിന്റെ അസ്വസ്ഥതയിലാണ് ചാപ്പൻ. ഉച്ചയ്ക്കോ മുടങ്ങി. എങ്കിലും ആൾക്കൂട്ടവും സദ്യയും കുശലവുമൊക്കെയുണ്ടായിരുന്നതുകൊണ്ട് ഉച്ചനേരം ഒരുവിധം കടന്നു കിട്ടി.

വൈകിട്ടെന്തു ചെയ്യും ?

ചായ സൽക്കാരം കഴിഞ്ഞ് വധുവിന്റെ ചന്തിരൂരിലെ വീട്ടിലേക്ക് പുറപ്പെടുന്നതിനു മുൻപായി കുപ്പിയൊരെണ്ണം പെട്ടിയിൽ ഒളിപ്പിക്കാൻ ഓർത്തതേയില്ല ചാപ്പൻ. പതിവുള്ള രണ്ട് ഉച്ചപ്പെഗ്ഗ് അകത്ത് ചെന്നിരുന്നെങ്കിൽ തലയൊന്ന് നേരെ നിന്നേനെ. എല്ലാമൊന്ന് ഓർത്തേനെ. അഥവാ അങ്ങനെ ഓർത്താലും പറ്റിയ ആളെ കിട്ടിയില്ലെങ്കിൽ കള്ളിന്റെ കള്ളക്കടത്ത് ഒത്തു വരില്ല. ഇതിനൊക്കെ കുറച്ചു മറ വേണം. ഇങ്ങനെയൊരു മറവി പറ്റിയതിൽ ചാപ്പന് വല്ലാത്ത കുറ്റബോധം തോന്നി. ആരും കാണാതെ ചാപ്പൻ സ്വന്തം തലക്കിടിച്ചു.

ആലപ്പുഴയിൽ നിന്ന് നവവധു ലൈസാമ്മയോടൊപ്പം അവളുടെ ചന്തിരൂരെ വീട്ടിലേക്കുള്ള യാത്രയിൽ, "ഇന്ന് വൈകിട്ട് എന്ത് ചെയ്യും" എന്ന ഭീകരമായ ഒരു ചോദ്യം അയാളെ കൂടുതൽ അസ്വസ്ഥനാക്കി. കെട്ടിയവന്റെ വായിൽ നിന്ന് ഒരു വാക്ക് ആദ്യമായി കേൾക്കാൻ കൊതിച്ചിരുന്ന ലൈസാമ്മ, ആലോചനയിൽ മുഴുകി ഒന്നും മിണ്ടാതെയിരിക്കുന്ന കെട്ടിയോനോട് തികഞ്ഞ ആദരവോടെയും സ്നേഹപാരവശ്യത്തോടെയും ചോദിച്ചു. "എന്താആലോചിക്കുന്നേ" ?

"പെട്ടെന്ന് അവധി തീരുമല്ലോ എന്നോർക്കുകയായിരുന്നു " ..

"കുറച്ച് ദിവസം കഴിയുമ്പോൾ എന്നെ അങ്ങോട്ട് കൊണ്ടുപോകാല്ലോ. സാരമില്ല "

"അതെയതെ . ചെന്നാലൊടനെ ഒരു വീടെടുത്തിട്ട് ഞാൻ വരാം"

ലൈസാമ്മക്ക് അതിഷ്ടപ്പെട്ടു . സ്നേഹസമ്പന്നനായ കെട്ടിയോൻ !

ചാപ്പൻ പട്ടാളക്കാരനാണ്. വായുസേനയിലാണ് കോർപറൽ ചാപ്പൻ. കോർപോറൽ എന്നങ്ങു തീർത്തു പറയില്ല കോപ്പ്ൾ എന്നാണ് ഔദ്യോഗിക ഉച്ചാരണം. മലയാളികൾ അതിനെ കോപ്പൻ എന്നും കോപ്പ് എന്നുമൊക്കെ സൗകര്യപൂർവം ഓമനിക്കാറുണ്ട് ചാപ്പാ എന്നും കോപ്പാ എന്നുമൊക്കെ അയാളെ ഞങ്ങൾ വിളിക്കും.

അവധിയിൽ ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളു. വീട്ടിലും നാട്ടിലും ചാക്കപ്പനായ കുട്ടനാട്ടുകാരൻ ജേക്കബ് പട്ടാളത്തിലെ കൂട്ടുകാർക്കിടയിൽ ചാപ്പൻ ആണ്. ചാക്കപ്പന്റെ "ക്ക" കൂട്ടുകാർ വെട്ടിക്കളഞ്ഞു. എട്ട് വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ നിരന്തരം ലഹരിസേവ നടത്തുന്ന ചാപ്പൻ തന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ ഈ ദിവസം, ഏറ്റവും ആഘോഷിക്കേണ്ട ദിവസം ഏറ്റവും ബോറൻ ദിവസമായി മാറുന്നതോർത്തു വല്ലാത്ത നീറ്റലിലാണ്. വീട്ടുകാരും വിരുന്നുകാരുമായി ഒരു പറ്റം ആളുകളോടൊപ്പമുള്ള യാത്രയ്ക്കിടെ 'ബ്രാണ്ടിക്കട' തപ്പി നടക്കാനോ കണ്ടുപിടിച്ചാൽത്തന്നെ വാങ്ങാനോ നിവൃത്തിയില്ല. ചാപ്പന്റെ ഉള്ളിലെരിയുന്ന ലഹരിത്തിളപ്പ് ചാപ്പന് മാത്രമേ അറിയൂ .

വിരുന്നുകാർക്കൊപ്പമിരുന്നു വരനും വധുവും അത്താഴം കഴിച്ചു. എട്ടു വർഷത്തിനിടെ അന്തിമോന്തൽ ഇല്ലാത്ത ചാപ്പന്റെ ആദ്യ അത്താഴം കഴിഞ്ഞു. ആരവമൊഴിഞ്ഞു. ആളുകൾ പിരിഞ്ഞു. വിളക്കുകൾ അണഞ്ഞു. ലൈസാമ്മയുടെ കൊച്ചുവീട്ടിൽ അങ്ങനെയവർ തനിച്ചായി . രാത്രി പത്തരയായി.

പാൽ നിറച്ച ഗ്ലാസ്‌ സ്നേഹപൂർവ്വം വെച്ചു നീട്ടിയ ലൈസാമ്മയോട് ചാപ്പൻ ചോദിച്ചു , "കൊച്ചേ ഇവിടെ അടുത്തെങ്ങാനും കള്ളുഷാപ്പൊണ്ടോ" ?

ലൈസാമ്മയുടെ കയ്യിലെ ഗ്ലാസിൽ നിന്ന് പാൽ തുളുമ്പി താഴെ വീണു. അവളുടെ കണ്ണു കലങ്ങി. അവൾ വിതുമ്പി. "അയ്യോ എനിക്കറീത്തില്ല"

"കൊച്ചേ ഞാൻ എന്നും വൈകിട്ട് രണ്ടെണ്ണം അടിക്കുന്നതാ. പട്ടാളക്കാരനല്ലേ. ഇന്നത് മൊടങ്ങി. അപ്പൊ ഏതാണ്ടൊരു… ഒരു… ഒരു… ഇത് പോലെ. ഒരു ഏനക്കേട്… അതുകൊണ്ട് ചോദിച്ചതാ"

ഇനിയുള്ള ജീവിതം മുഴുവൻ താങ്ങായും തണലായും കൂടെയുണ്ടാവേണ്ടവന്റെ ദയനീയമായ അവസ്ഥയും നിഷ്കളങ്കമായ ചോദ്യവും ലൈസാമ്മയുടെ കരളുരുക്കി. അവൾ പറഞ്ഞു "ഇവിടെ രണ്ടു തെങ്ങ് ചെത്തുന്നുണ്ട് "

"ഉണ്ടോ ? എവിടെ" ? ചാപ്പന്റെ കണ്ണിൽ പൂത്തിരി കത്തി.

"ഈ പുറകുവശത്താ"

ലൈസാമ്മ വാതിൽ തുറന്നു

ചാപ്പൻ ടോർച്ചെടുത്തു പുറത്തിറങ്ങി. ചുറ്റുപാടും നിരീക്ഷിച്ചു… എങ്ങും ആളനക്കമില്ല… അകത്തുള്ളവരൊക്കെ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ട് .

പിന്നാമ്പുറത്തു ഇറയത്തു ചേർന്ന് തന്നെ നിൽക്കുന്ന തെങ്ങിന്റെ മണ്ടയിലേക്ക് ചാപ്പൻ ടോർച്ചു നീട്ടി. ആകാശത്തു തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രനെപ്പോലെ അതാ ഒരു കുടം തിളങ്ങുന്നു…      നാലു കുതിപ്പിന് മണ്ടയ്ക്കെത്താം. ചാപ്പനും ലൈസാമ്മയും ഈ പൊന്നിൻകുടവും മാത്രമേ ഇപ്പോൾ ഭൂമിയിലുള്ളു.

"എങ്ങനെ എടുക്കും" ? ലൈസാമ്മ ചോദിച്ചു.

"കൊച്ചേ രണ്ടു കയ്യുംകൂട്ടി ഈ തടിയേലൊന്ന് ഇങ്ങനെ മുറുക്കി പിടിച്ചാൽ മതി" എന്ന് പറഞ്ഞ് ചാപ്പൻ ശ്രീമതി ലൈസാമ്മയ്ക്ക് ആദ്യത്തെ ട്യൂഷൻ എടുത്തു. അങ്ങനെ തന്നെ നവവധു തെങ്ങിൻ തടിയിൽ കൈ അമർത്തിപ്പിടിചച്ച് ഭർത്താവിനുള്ള ആദ്യ ചവിട്ടുപടിയൊരുക്കി. പുത്തൻ പൊന്നുവളകൾക്ക് ഉടവ് വരാതെ, കൈ വേദനിപ്പിക്കാതെ ചാപ്പൻ ആ കുരുന്നു കൈകളിൽ കയറിനിന്ന് മുകളിലോട്ട് നോക്കി നെറ്റിയിൽ കുരിശ് വരച്ചു. പിന്നെ ഏതാനും കുതിപ്പിന് മണ്ടയിലെത്തി. ലൈസാമ്മ ടോർച്ചു തെളിച്ചു നിന്നു അരുമക്കുഞ്ഞിനെ എന്നപോലെ ഹൃദയവായ്പോടെ അരുമക്കുടം അഴിച്ചെടുത്ത്, പൊന്നിൻകുടം പോലെ കരുതലോടെ പിടിച്ച് ഊർന്ന് താഴെയെത്തി… നെഞ്ചുരഞ്ഞിട്ടും അരുമക്കുടത്തിനു ഒരു പോറൽ പോലും വരാതെ അതിനെ താഴെയിറക്കിയ വീരൻ ചാപ്പനെ നോക്കി ലൈസാമ്മ അഭിനന്ദനവും ലജ്ജയും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു. അതിന്റെ ലഹരിയിൽ ഇടതു കൈയിൽ കള്ളുകുടം പിടിച്ച് മറുകൈ കൊണ്ട് ചാപ്പൻ ശ്രീമതി ലൈസാമ്മയെ ചേർത്തുപിടിച്ചു കവിളിൽ ആദ്യ ചുംബനം കൊടുത്തു.

രണ്ടാഴ്ച കഴിഞ്ഞു ചാപ്പൻ ഹിമാചൽ പ്രദേശിലെ കാസോളിക്കുന്നിലെ എയർ ഫോഴ്സ് സ്റ്റേഷനിലെത്തി ഞങ്ങളോട് ഈ കഥ ആഘോഷമായി പറഞ്ഞു. ചാപ്പന്റെ അപൂർവ സഹസികതയ്ക്കും ആദ്യരാത്രിയെ ഇത്ര മനോഹരമാക്കിയ ലൈസാമ്മയുടെ സഹകരണത്തിനും 'ചീയേഴ്‌സ് ' പറഞ്ഞ് ഞങ്ങൾ ഓൾഡ് മങ്ക് റം ഒഴിച്ച ഗ്ലാസുകൾ ഉയർത്തി.

(തുടരും…)

 

cultural
Advertisment