കൊല്ലത്ത് യുവനടന്റെ അപകട മരണം നായകനായ സിനിമയിലേതു പോലെതന്നെ; വിലാപയാത്രയും ചിത്രത്തിലേത് പോലെ; ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് റോഡിൽ കിടന്ന യുവനടന്‌ കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് കെഎസ്ഇബി ജീവനക്കാരന്‍’; ആശുപത്രിയിലെത്തിച്ചത് സ്ഥലത്തെത്തിയ യുവാക്കളും

ഫിലിം ഡസ്ക്
Saturday, May 30, 2020

കൊല്ലം: യുവനടന്‍ ഗോഡ്ഫ്രേ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നീരാവില്‍ ജംക്ഷന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ ജോണ്‍ റൊഡ്രിഗ്‌സിന്റെയും ഫിലുവിന്റെയും മകന്‍ ഗോഡ്‌ഫ്രേ(37) മരിച്ചത്. ദി ലവേഴ്‌സ് എന്ന സിനിമയില്‍ റൂബിദാസ് എന്ന പേരില്‍ നായകനായി അഭിനയിച്ചിരുന്നു ഗോഡ്‌ഫ്രേ. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് അപകടം സംഭവിച്ചത്.

പ്രാക്കുളത്തെ അമ്മ വീട്ടില്‍ നിന്ന് ചവറ ഭരണിക്കാവിലെ വീട്ടിലേക്ക് മടങ്ങുംവഴി ഗോഡ്ഫ്രേ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരൻ കൃത്രിമശ്വാസം നൽകി. തുടർന്ന് സ്ഥലത്തെത്തിയ യുവാക്കൾ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

നാല് വർഷം മുമ്പ് സുഹൃത്ത് ഷൈജുവുമായി ചേർന്ന് നിർമിച്ച ദ് ലവേഴ്സ് എന്ന സിനിമയിലെ ക്ലൈമാക്സ് പോലെയായിരുന്നു ​ഗോഡ്ഫ്രേയുടെയും അന്ത്യം. ആംബുലൻസിലെ വിലാപയാത്രയും അതേപോലെ തന്നെയായി. ഗോഡ്ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെയാണ് ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിലെത്തിച്ചത്.

സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യർഥനപ്രകാരം അതേ വസ്ത്രങ്ങൾ അണിയിക്കുകയും ചെയ്തു. ഗോഡ്ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റർ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങൾ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്‌ലോഡ് ചെയ്യാൻ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല.

വിദേശത്ത് ജയ്ഹിന്ദ് ചാനലിലും ചവറയിലെ സ്വകാര്യ ചാനലിലും ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഡിറ്റിങ് രംഗത്തും സജീവമായിരുന്നു. സംസ്‌കാരം നടത്തി. ആന്റണി, ആശ എന്നിവരാണ് സഹോദരങ്ങള്‍.

×