‘ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോല്‍സാഹനം സ്വീകരിക്കരുത്…സ്വദേശികളുടേത് മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കള്‍ നല്‍കണം സാര്‍…ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ…’; സച്ചിനെതിരെ ഹരീഷ് പേരടി

ഫിലിം ഡസ്ക്
Thursday, February 4, 2021

കൊച്ചി:  കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ വിദേശികള്‍ക്ക് മറുപടി എന്ന തരത്തില്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി. അന്നം തരുന്ന കര്‍ഷനോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത വ്യക്തിയെ കുറിച്ച് അഭിമാനമില്ലെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ഇയാളെ കാണാന്‍ എന്നെ പോലെയുണ്ടെന്ന് കേരളത്തില്‍ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നോട് പറഞ്ഞിരുന്നു…അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു…ഇന്ന് ഏല്ലാ സുഖവും പോയി…

അന്നം തരുന്ന കര്‍ഷകനോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ഒരാളുടെ രൂപത്തില്‍ എനിക്ക് ഒരു അഭിമാനവുമില്ല…ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോല്‍സാഹനം സ്വീകരിക്കരുത്…

സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കള്‍ നല്‍കണം സാര്‍…ഇന്‍ഡ്യക്കാരുടെ കാര്യത്തില്‍ ഇന്‍ഡ്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ…

×