26കാരിയായ യുവഡോക്ടർ കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ തുടർന്ന് മരിരിച്ചെന്ന പ്രചാരണം തള്ളി തമിഴ്‌നാട് ആരോഗ്യ വകുപ്പ്‌

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, March 31, 2021

ചെന്നൈ: മധുരയിൽ 26കാരിയായ യുവഡോക്ടർ കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന സമൂഹമാധ്യമ പ്രചാരണം തള്ളി തമിഴ്നാട് ആരോഗ്യ വകുപ്പ്. മാർച്ച് 11 നാണ് മധുരൈ മെഡിക്കൽ കോളജിൽ അനസ്തേഷ്യോളജയിൽ പിജി വിദ്യാർഥിനിയായ ഡോക്ടർ ഹരിഹരിണി മരിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് ഹരിഹരിണി കോവിഡ് വാക്സീന്റെ ആദ്യഡോസ് സ്വീകരിച്ചത്. ഒരു മാസത്തിനു ശേഷം മാർച്ച് അഞ്ചിന് അവർക്കു കടുത്ത പനിയും ശരീര വേദനയും അനുഭവപ്പെട്ടു. പിജി വിദ്യാര്‍ഥിയായ ഭർത്താവ് ഡോക്ടർ വിഘ്‌നേഷ് ഹരിണിയ്ക്ക് വീട്ടിൽ വച്ച് വേദനസംഹാരിയായ ഡൈക്ലോഫെനോക് സോഡിയം കുത്തിവച്ചു. ഇതോടെ ഹരിണിയുടെ ആരോഗ്യനില മോശമായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മാർച്ച് 11 ന് മരിക്കുകയും ചെയ്തു.

തുടർന്ന് മരണകാരണം വാക്സീനേഷൻ ആണെന്ന് പ്രചാരണം ഉയർന്നതിനെ തുടർന്ന് വിശദീകരണവുമായി തമിഴ്നാട് ആരോഗ്യവകുപ്പ് രംഗത്തെത്തി. മാർച്ച് 12 ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗുരുതരമായ അലർജി റിയാക്ഷൻ മൂലം ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നു പറയുന്നു.

വേദനസംഹാരി എന്ന നിലയിൽ വർഷങ്ങളായി ഡൈക്ലോഫെനോക് സോഡിയം കുത്തിവയ്ക്കാറില്ല. കോവിഡ് വാക്സീൻ സ്വീകരിച്ച ശേഷം ഇത്തരം കുത്തിവയ്പുകൾ നടത്തരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നിലവിൽ ഉണ്ടെന്നു ജില്ലാ പ്രതിരോധ കുത്തിവയ്പ് ഓഫിസർ ഡോക്ടർ കെ.വി. അർജുൻ കുമാർ പറഞ്ഞു.

കോവിഡ് വാക്സീൻ എടുത്തശേഷം ഡൈക്ലോഫെനോക് ഉപയോഗിക്കരുതെന്നു ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്. കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ ആകട്ടെ, കുത്തിവയ്പ് എടുത്തശേഷം ഡൈക്ലോഫെനോക്കിനു പകരം വേദന സംഹാരിയായി പാരസെറ്റമോൾ ഉപയോഗിക്കാൻ നിർദേശമുണ്ട്.

അതേസമയം ഹരിണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ആരോപണം ഉയർന്നിരുന്നു. വിഘ്‌നേഷും ഹരിണിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. മേല അനുപ്പനാടിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

×