Advertisment

ഡോ: ഫസൽ ഗഫൂറിന്റെ ആറാം പുറപ്പാട്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

എം .ഇ.എസ്സിന്റെ ഉദയ ഭൂമികയിൽ ഡോ: ഫസൽ ഗഫൂർ ഇന്ന് (15-06-2022) ആദരിക്കപ്പെടുകയാണ്. മുപ്പത്തിഎട്ടു വർഷങ്ങൾക്കുമുമ്പ് പിതാവിന്റെ അകാല വേർപാടിനെ തുടർന്ന് ഡോ: അബ്ദുൽ ഗഫൂർ സാഹിബ് പടുത്തുയർത്തിയ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനായത് ആകസ്മികമാണെങ്കിലും, തന്റെ കീഴിൽ വരുന്ന നൂറ്റിഅമ്പതോളം വിദ്യാഭാസ സ്ഥാപനങ്ങൾക്ക് മതേതര കാഴ്ചപ്പാടോടെ ആധുനികതയും സാങ്കേതികയും സമുന്നയിപ്പിച്ചുകൊണ്ടു നവ നവോത്ഥാനത്തിന്റെ വഴികളിലൂടെ പ്രസ്ഥാനത്തെയും സ്ഥാപനങ്ങളെയും നയിക്കാനായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് എം.ഇ .എസ്സിന്റെ കോഴിക്കോട്ടെ പ്രവർത്തകർ.

publive-image

(ഡോ: ഫസൽ ഗഫൂർ)

അറിവില്ലായ്മയുണ്ടെന്ന മുൻവിധിയോടെ കുത്തിക്കുറിക്കുന്ന ഈ കുറിപ്പിൽ ക്ഷമാപണത്തിന്റെ സ്വരമുണ്ട്, ആദരവിന്റെ ആരവമുണ്ട്, അത്ഭുതത്തിന്റെ അന്താളിപ്പുണ്ട്. കാരണം ഫസൽ ഗഫൂർ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്, ഒരു സംഭവമാണ്, ഒരു വിശ്വവിജ്ഞാനകോശമാണ്.

ഒരു വ്യക്തി സമൂഹത്തിൽ അറിയപ്പെടുന്നത് അയാളിലുണ്ടാവുന്ന ഒട്ടേറെ സവിശേഷതകൾ കൂടിച്ചേരുമ്പോഴാണ്. ജനലക്ഷങ്ങളുടെ ആദരവേറ്റുവാങ്ങികൊണ്ട് അയാൾ സമൂഹ ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു. നല്ല പ്രവർത്തനത്തിലൂടെയാണ് വ്യക്തികൾ സമൂഹത്തിൽ അറിയപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ അവർ ആദരിക്കപ്പെടുന്നു.

ഒരു ഭിഷഗ്വരന്റെ കൈയ്യൊപ്പിനേക്കാൾ കൂടുതൽ ഫസൽ ഗഫൂറിന്റെ പെരുമകളോതുന്നത് മുസ്ലിം സമൂഹത്തിന്റെ നാഡീ നരമ്പിൽ വിദ്യയുടെ മാസ്മരിക സ്പർശം ചാർത്തുന്നതിലൂടെയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിം പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഒരു ബാലികേറാമലയെല്ലെന്ന അറിവ് നൽകിയത് എം.ഇ.എസ്സിന്റെ അനുസ്യൂതമായ വളർച്ചയിലൂടെയായിരുന്നു, അതിനു ചുക്കാൻ പിടിച്ചത് പിതാവായ ഡോ: അബ്ദുൽ ഗഫൂറും പിന്മുറക്കാരനായെത്തിയത് ഡോ: ഫസൽ ഗഫൂറും.

publive-image

(ഹസ്സൻ തിക്കോടിയുടെ “ദ എസ്കയ്പ്പ്” ഡോ: ഫസൽ ഗഫൂർ കെ.വി. മോഹൻ കുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു)

ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണം:

മുസ്ലിം പെൺകുട്ടികളിലെ വിദ്യാഭ്യാസത്തിൽ അധുനാധുനമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഒരു പക്ഷെ അവസാനത്തെ കണ്ണിയായി പ്രവർത്തിച്ചത് 1964-ല് പി.കെ.അബ്ദുള് ഗഫൂര് സ്ഥാപിച്ച വിദ്യാഭ്യാസ സംഘടനയായ ”മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി” (എം.ഇ.എസ്.) എന്ന പ്രസ്ഥാനമാണ്. മുസ്ലിം സമൂഹത്തെ ആധുനിക വിദ്യാഭ്യാസപുരോഗതിയിലേക്ക് നയിക്കുക എന്നായിരുന്നു അദ്ധേഹത്തിന്റെ ലക്ഷ്യം. 1969-മണ്ണാര്ക്കാട് കോളേജ് സ്ഥാപിച്ചു. അതിനുശേഷം പൊന്നാനി, കൊടുങ്ങല്ലൂര്, മമ്പാട്, വളാഞ്ചേരി എന്നിവിടങ്ങളില് എം ഇ എസ് കോളേജുകള് വന്നുതുടങ്ങി. ഇന്ന് ഒരു മെഡിക്കൽ കോളേജടക്കം നൂറ്റി അമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.ഇ.എസ്സിന്റെതായി പ്രവർത്തിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും മറുനാട്ടിലും എം.ഇ.എസ്സ് അതിന്റെ സാന്നിധ്യം അനിഷേധ്യ യാഥാർഥ്യമായി മാറ്റിക്കഴിഞ്ഞു.

പി.കെ.അബ്ദുൽ ഗഫൂറിന്റെ ആകസ്മിക മരണത്തോടെ ഈ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മകൻ ഡോ: ഫസൽ ഗഫൂർ അവരോഹിക്കപ്പെട്ടതു എം.ഇ.എസ്സിന്റെ വളർച്ചക്ക് ഒരു നിമിത്തമായതിലുപരി ഈ പ്രസ്ഥാനത്തെ ധീരമായി നയിക്കാനുള്ള ആർജവം കൈവരിക്കുകകൂടിയായിരുന്നു.

ഡോ:ഫസലുമായുള്ള ആദ്യ കൂടിക്കാഴ്ച :

ഏകദേശം മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഡോ: ഫസൽ ഗഫൂറിനെ പരിചയപ്പെടുന്നത്. അന്നത്തെ കൊച്ചി വിമാനത്താവളത്തിൽ വിമാനമിറങ്ങി അമ്മോശൻ ആലിഹാജിയോടൊപ്പം എന്റെ വാസസ്ഥലമായ പൂക്കാട്ടേക് യാത്ര ചെയ്യവേ കോഴിക്കോട്ടെ ക്രിസ്ത്യൻ കോളേജിന് സമീപത്തെത്തിയപ്പോൾ വെറുതെ ഡോ: ഫസലിനെ കാണണമെന്ന് പറഞ്ഞു. അപസ്മാര രോഗികളെ ചികിൽസിക്കുന്ന ഡോക്റ്ററെ എന്തിനു കാണണമെന്നായി അമ്മോശൻ. എനിക്ക് വല്ല ന്യൂറോ പ്രോബ്ലംസ് ഉണ്ടോ എന്നും തിരക്കി.

കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഭാര്യ ഫാത്തിമ ഓർമ്മപ്പെടുത്തി “യാത്രാ ക്ഷീണമുണ്ട് വേഗം വരണേ”. കുവൈറ്റിൽ നിന്നും അതിരാവിലെയാണ് ബോംബെ വിമാനത്താവളത്തിലെത്തിയത്. അവിടെ ഉച്ചവരെയുള്ള കാത്തിരിപ്പ്. കൊച്ചിയിലേക്ക് ദിവസത്തിൽ ഒരു വിമാനം മാത്രം. അക്കാലത് കോഴിക്കോട് വിമാനത്താവളം ഉണ്ടായിരുന്നില്ല. യാത്രാ ക്ഷീണവും വിശപ്പും എന്നെയും അലട്ടിയിരുന്നു.

ഒരാഴ്ചക്കുള്ളിൽ തിരിച്ചു പോവാനുള്ളതുകൊണ്ടു ഞാൻ അമാന്തിക്കാതെ ഡോക്ടറെ കാണാൻ തീരുമാനിച്ചു. രോഗികൾ പുറത്ത് ഊഴം കാത്തിരിപ്പാണ്. എനിക്കൊട്ടും പരിചയമില്ലാത്ത, ഡോക്ടറുടെ ഒരു അപ്പോയ്ന്റ്മെന്റ് പോലുമില്ലാതെ ഞാൻ എങ്ങനെ കാണും? നേഴ്സ് ഇടയ്ക്കിടെ ചാരിയ വാതിൽ തുറന്നു ടോക്കൺ നമ്പരോടൊപ്പം പേര് വിളിച്ചുകൊണ്ടു ആളുകളെ അകത്തു കയറ്റുന്നു. വാതിലിനു ചുറ്റും ആൾ തിരക്ക്.

അപ്പോൾ ഞാൻ ഒരു സൂത്രം കണ്ടെത്തി. ഞാൻ ജോലിചെയ്യുന്ന കുവൈറ്റ് എയർവേഴ്സിന്റെ വിസിറ്റിംഗ് കാർഡ് തിരക്കിനിടയിൽ നഴ്സിനെ ഏൽപ്പിച്ചു. കൂട്ടത്തിൽ പറഞ്ഞു:

“രോഗിയല്ല, വെറുതെ ഒരു മിനുട്ട് കാണാനാണ്, കുവൈറ്റിൽ നിന്നും വരുന്നതാണെന്ന് പറഞ്ഞാൽ മതി.”

അകത്തെ രോഗി പുറത്തിറങ്ങിയതോടെ നേഴ്സ് എന്റെ പേര് വിളിച്ചു. ആദ്യ കൂടിക്കാഴ്. ഒരു പാട് വർത്തമാനങ്ങൾ പങ്കുവെച്ചു. ഏകദേശം ഒരു മണിക്കൂർ നേരം. ഞാൻ ഇടക്കൊക്കെ ഭവ്യതയോടെ അദ്ദേഹത്തോട് പറഞ്ഞു:

“പുറത്ത് രോഗികൾ ധാരാളം ഉണ്ട് അവർ ഒരു പക്ഷെ എന്നെ ശപിക്കും..”

അദ്ദേഹം സ്വതസിദ്ധമായ നർമ്മച്ചിരിയോടെ പറഞ്ഞു:

“അവരൊക്കെ അവിടെയിരിക്കട്ടെ, ഇവിടെ എന്നും തിരക്കാണ്. തിരക്കൊഴിഞ്ഞു സംസാരിക്കാനൊന്നും പറ്റില്ലല്ലോ. ഹസ്സൻ അതൊന്നും പ്രശ്നമാക്കണ്ട….”

കാറിൽ ഭാര്യയും കുട്ടികളും ക്ഷീണിച്ചിരിക്കുന്ന കാര്യം മനഃപൂർവം ഞാൻ മറച്ചുവെച്ചു. പുറത്തെ വരാന്തയിലും മുറ്റത്തും രോഗികളുടെ എണ്ണം കൂടി വരുന്നതായി നേഴ്സ് ഇടക്കുകയറി ഓർമ്മിപ്പിച്ചു. അദ്ദേഹം നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.

കുവൈറ്റിൽ എം.ഇ.എസ്സ് യൂണിറ്റ്:

കുവൈറ്റിൽ എം.ഇ.എസ്സിന്റെ ഒരു യൂനിറ്റ് തുടങ്ങുന്നതിന്റെ പ്രാഥമിക ചർച്ച ആരംഭിച്ചത് അന്നായിരുന്നു. ഇറങ്ങുബോൾ കുറച്ചു മെമ്പർഷിപ്പ് ഫോറങ്ങൾ എന്നെ ഏല്പിച്ചു. കുവൈറ്റ് എം.ഇ.എസ് യൂണിറ്റിന്റെ തുടക്കം അന്നുമുതലാരംഭിച്ചു. കമ്മറ്റി താമസം വിനാ നിലവിൽ വന്നു. പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ ഓർമ്മയിൽ ഒരു ഗാനമേളയോടെയായിരുന്നു എം.ഇ.എസ്സ് പ്രസ്ഥാനം കുവൈറ്റിന്റെ മണലാരണ്യത്തിൽ വേരൂന്നിയത്. അന്ന് ഫസിലിന്റെ നിറസാന്നിദ്യം ഞങ്ങൾക്ക് ആവേശം പകർന്നു.

കുവൈറ്റിൽ എം.ഇ.എസ്സിന്റെതയ ഒരു സ്കൂൾ ആരംഭിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ചില രാക്ഷ്ട്രീയ ചിന്തകർ അനവസരത്തിൽ അതിനെ വിലക്കിയത് ഒരു നല്ല സ്വപ്നം പൂവണിയാതെപോയി. പിന്നീട് വർഷങ്ങൾക്കുശേഷം പരേതനായ ഇബ്രാഹിം ഹാജി ആ പ്രൊജക്റ്റ് ഏറ്റെടുക്കുകയും ഒരു മുസ്ലിം മാനേജ്മെന്റ് ഇന്ത്യൻ സ്കൂൾ എന്ന മോഹം പൂവണിയുകയും ചെയ്തു.

മലേഷ്യയിലെ ഏഴു ദിനരാത്രികൾ:

യാത്ര ഒരുമിച്ചായിരുന്നില്ല, ഞാനും കുടുംബവും കുവൈറ്റിൽ നിന്നും നേരത്തെ യാത്ര ആരംഭിച്ചിരുന്നു. ഫസലും ഭാര്യയും ഇന്ത്യയിൽ നിന്നെത്തിയത് ഒന്നര ദിവസം കഴിഞ്ഞായിരുന്നു. കൂടെ എനിക്കപരിചിതനായ കുഞ്ഞിമ്മൂസയുമുണ്ടായിരുന്നു.അദ്ദേഹം എം.ഇ.എസ്സിന്റെ അന്നത്തെ ഒരു സജീവ പ്രവർത്തകനായിരുന്നു.

publive-image

(മലേഷ്യയിലെ വിഖ്യാത മുസ്ലിം പള്ളി)

വ്യത്യസ്തമായ സാംസ്കാരിക വൈവിധ്യമാണ് മലേഷ്യ. എവിടെ പോവണമെന്നും, എന്തൊക്കെ കാണണമെന്നും ഫസൽ നേരത്തെ തീരുമാനിച്ചിരുന്നു. ഫസലിനെ കൂടുതൽ അറിയാനും അദ്ദേഹത്തിന്റെ അറിവിന്റെ ആഴം മനസ്സിലാക്കാനും ആ യാത്ര ഏറെ ഉപകരിച്ചു. ഏഴാം നൂറ്റാണ്ടിൽ മക്കയിൽനിന്നും സിറിയയോളം തന്റെ വ്യപാരം വികസിപ്പിച്ച അന്നത്തെ ബഹുരാക്ഷ്ട്ര കച്ചവടക്കാരിയായിരുന്ന പ്രവാചകപത്നി ഖദീജബീവിയുടെ പേരിൽ ഒരു മാർക്കറ്റ് മലേഷ്യയിലുണ്ടെന്ന അറിവ് നേടിയത് ഫസലിൽ നിന്നായിരുന്നു. അവിടെ കച്ചവടക്കാരെല്ലാം സ്ത്രീകളായിരുന്നു.

പാസാർ ബസാർ എന്നറിയപ്പെടുന്ന സീതി ഖദീജ സെന്റർ മാർക്കറ്റ് പെൺ കച്ചവടക്കാരുടെ മാത്രം തെരുവാണ്. മലേഷ്യയുടെ പരമ്പരാഗത രുചിയും മണവും നിറങ്ങളും ഈ തെരുവിൽ നിന്ന് ആസ്വദിക്കാം. കൊത്തബാരുവിലെ പച്ചയായ മനുഷ്യരുടെ ജീവിതം അതിന്റെ തനിമയിൽ കണ്ടു മടങ്ങുമ്പോൾ ഫസലിന്റെ നർമ്മത്തിൽ കുതിർന്ന കമന്റുകൾ കേൾക്കുമ്പോൾ ചിരിക്കുക മാത്രമല്ല അതിന്റെ സമഗ്ര ഭാവനയുടെ നൈമിഷികത എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്.

publive-image

(പാസാർ ബസാർ എന്നറിയപ്പെടുന്ന സീതി ഖദീജ സെന്റർ മാർക്കറ്റ്)

അറിവിന്റെ ആവനാഴിയിൽ എപ്പോഴോ സൂക്ഷിച്ച തന്റെ സ്വതസിദ്ധമായ കഴിവുകൾ ഓരോന്നായി പെറുക്കിയെടുക്കുമ്പോൾ ഞാനൊരു കൊച്ചു വിദ്യാർത്ഥിയെപോലെ ആ അപാരമായ അറിവിനുമുമ്പിൽ കൈകൂപ്പിപ്പോയി. ലോകത്തിൽ വിവിധയിടങ്ങളിൽ ഞാൻ യാത്ര ചെയ്തെങ്കിലും ഡോ: ഫസലിനോടൊപ്പമുള്ള യാത്ര വേറിട്ട അനുഭവമായി മാറിയത് അദ്ദേഹത്തിന്റെ അപാര ജ്ഞാനത്തിന്റെ വിവരണം കൊണ്ടായിരുന്നു. ഓർമ്മകളില്ലെങ്കിൽ സംസ്കാരവും നാഗരികതയും ഒന്നും ഉണ്ടാവുമായിരുന്നില്ലെന്ന് ഫസലിലൂടെ തെളിയിക്കപ്പെടുന്നു. അതുകൊണ്ടാവണം. ഒരു ജനതയുടെ ജീവിക്കുന്ന ഓർമ്മയാണ് സാഹിത്യമെന്ന് റഷ്യൻ സാഹിത്യകാരൻ സോൾഷെനിത് സെൻ പറഞ്ഞത്.

അപാരമായ ഓർമശക്തി:

ഒരു പക്ഷെ താൻ യാത്ര ചെയ്യുന്ന രാജ്യത്തിന്റെ ഭൂതകാലവും വർത്തമാനകാലവും അവിടത്തെ രാക്ഷ്ട്രീയവും നേരത്തെതന്നെ അദ്ദേഹം പഠിച്ചിരിക്കാം. ഒരു ഗൈഡിന്റെ ആവശ്യമില്ലാതെ അനായാസേനയുള്ള വിവരണം കേട്ടപ്പോൾ എനിക്കൽത്ഭുതം തോന്നി. എത്ര ഗഹനമായ അറിവുകൾ. മലേഷ്യയിലെ ഓരോ തെരുവുളും ഫസലിന് സുപരിചിതമാണെന്ന് തോന്നുംവിധമായിരുന്നു വിവരണങ്ങൾ.

ഓർമ്മളെ കുറിച്ച് ഗബ്രിയേൽ മാർകേസ് പറഞ്ഞത് ശരിവെക്കുന്നതാണ് ഫസലിന്റെ ഓർമ്മ ശക്തി. “ജീവിക്കുന്നതല്ല ഓർമ്മിക്കുന്നതാണ് ജീവിതമെന്ന്” (What matter in life is not what happens to you; but what you remember). ഫസൽ ഓർമ്മകളുടെ നിശ്ശബ്ദതയുമായി ഇഴുകിച്ചേർന്നിരിക്കുന്നു. ഓരോ മനുഷ്യനും അനന്യത കൈവരിക്കുന്നത് ഭൂതകാലത്തിന്റെ ഓർമ്മകളിലൂടെയാണ്. താൻ വായിച്ചതും പഠിച്ചതും കണ്ടുമുട്ടിയതും അബോധമനസ്സിൽ സൂക്ഷിച്ചിരിക്കുന്നു. ഒരാളുടെ ഓർമ്മയും മറ്റൊരാളുടേതു പോലെയല്ല. ഒരനുഭത്തിൽനിന്നു ഒരായിരം അനുഭവങ്ങൾ പറയാനുള്ള ഫസലിന്റെ കഴിവുകൾ അപാരമാണ്.

ടെലിവിഷൻ സംവാദങ്ങളിൽ ഫസലിന്റെ പ്രകടനത്തിലെ വാക്ചാതുരി തന്റെ ഓർമ്മയിൽനിന്നും പെറുക്കിയെടുക്കുന്ന അതി തീഷ്ണമായ ഇടപെടലുകളിലൂടെ ഭൂതകാലത്തിന്റെ ഉടയാടകൾ എടുത്തണിയുമ്പോൾ ചരിത്രത്തിന്റെ പുതിയ രംഗങ്ങൾ പ്രേക്ഷക മനസ്സിൽ അഭിനയിക്കപ്പെടുന്നു. ഓർമ്മ ഒരു ഉപകരണത്തിനപ്പുറം ഒരു അരങ്ങുതന്നെയാണെന്ന് “വാൾട്ടർ ബഞ്ചമിൻ” പറഞ്ഞത് അന്വർത്ഥമാക്കുന്നതാണ് ഫാസിലിന്റെ ഏതു വിഷയത്തെക്കുറിച്ചുള്ള ഓർമ്മയുടെ പ്രകടനം.

വെല്ലുവിളികളുടെ കാലം:

പഴയ കാലമല്ല, പഴയ ഇന്ത്യയുമല്ല. ചരിത്രങ്ങൾ പോലും മാറ്റിമറിക്കപ്പെടുന്ന കാലത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഈ കാലങ്ങളിൽ ഈ ലോകത്ത് ആർക്കാണ് സുഖമുള്ളത്? ആർക്കാണ് സമാധാനമുള്ളതു? സമാധാനമുള്ള ഒരു ദിവസമെങ്കിലും നമുക്കുണ്ടായിട്ടുണ്ടോ? ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖവും സമാധാനവും? ആരാണ് നമ്മുടെ സുഖമില്ലാതാക്കിയത്? എന്തുകൊണ്ട് സമാധാനമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതമെങ്കിലും നമുക്ക് ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

ഇവിടെയാണ് ഫസൽ ഗഫൂറിനെ പോലുള്ള ധിഷണാശാലികളുടെ സാന്നിധ്യം നമുക്ക് തുണയാകുന്നത്. പക്വതയും പാണ്ഡിത്വവും, ആവശ്യമായ കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോവുന്നത്. ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസ-സാംസകാരിക ശാക്തീകരണം പഴയതിനെക്കാളുപരി ഈ കാലഘട്ടത്തിൽ ആവശ്യമായി വന്നിരിക്കുന്നു. ആത്മനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന മനുഷ്യരാശിക്ക് നേരിന്റെയും അറിവിന്റെയും വഴികാട്ടികളായി ഫസലിനെ പോലുള്ളവരുടെ ധീര സാന്നിധ്യം അനിവാര്യമായിരിക്കുന്നു.

വിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ:

ഫസലിന്റെ ആറാം പുറപ്പാടിൽ വെല്ലുവിളികൾ ഏറെയാണ്. അദ്ദേഹം രോഗികളെ ശുശ്രൂഷിക്കുന്ന ഒരു ഭിഷഗ്വരനെക്കാളുപരി സമൂഹത്തിന്റെ സ്പന്ദനങ്ങൾ കേൾക്കാനും കാണാനും കഴിയുന്ന ഒരു മനുഷ്യ സ്നേഹികൂടിയാണ്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയും ഗുണപ്രദമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. “വിദ്യാഭ്യാസം സമൃദ്ധിയുടെ ഒരു അലങ്കാരവും പ്രതികൂല സാഹചര്യങ്ങളിൽ അഭയവുമാണെന്ന” ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്റെ വാക്കുകൾ അന്വർത്ഥമാകും വിധത്തിലാവണം എം.ഇ.എസ്സിന്റെ വിദ്യാഭ്യാസ നയരൂപീകരണം.

എം.ഇ.എസ്സ് ഡീംഡ് യൂനിവേഴ്സിറ്റി:

ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തിലൂടെയാവണം ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടത്. സ്മാർട്ട് സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠനങ്ങൾ കൂടുതൽ ഉദാത്തമാക്കാനാവും. നിലവിലിലുള്ള വിദ്യാഭാസ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണം. ഇന്ത്യയിലെ വിദ്യാഭ്യാസ നയത്തിൽ സമൂലമായ ഇടപെടലുകൾ നടത്തേണ്ടതായിട്ടുണ്ട്. നൂതനമായ പഠന മാർഗങ്ങൾ അവതരിപ്പിച്ചുകൊണ്ടാവണം എം.ഇ.എസ്സ് മോഡൽ സമൂഹത്തിൽ നടപ്പിലാക്കേണ്ടത്.

publive-image

(എം.ഇ.എസ്സ് എജുകോം 2000, ദുബായിൽ നടത്തിയ വിദ്യാഭ്യാസ സമ്മേളനത്തിൽ കുവൈത്തിലെ ഹയർ എജുക്കേഷൻ അണ്ടർ സിക്രട്ടറി “റഷാ അൽ-സബാഹിനോടൊപ്പം ലേഖകൻ ഹസ്സൻ തിക്കോടി)

വിദ്യാഭ്യാസ സ്വാതന്ത്രം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച് ഇവിടെ ലഭ്യമാകുന്നില്ല. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠിച്ചെടുക്കാൻ സഹായിക്കുന്ന പുതിയ വിഷയങ്ങൾ യൂണിവേസിറ്റി സിലബസിൽ ഉൾപ്പെടുത്തണം. Social Psychology, Organizational Economics, Engineering Management, European Cultural Anthropology, cyber security എന്നീ പ്രത്യേക വിഷയങ്ങളിൽ സാങ്കേതിക വൈദഗ്ത്തിലൂന്നിയ പഠനം നമ്മുടെ കുട്ടികൾക്ക് ലഭിക്കണം.

പഠിക്കുന്ന നാളുകളിൽ തന്നെ താൻ പഠിക്കുന്ന വിഷയത്തിലൂന്നിയ ജോലി പരിചയം സ്വായത്തമാക്കാനാവും വിധത്തിൽ ഇവിടത്തെ യൂണിവേഴ്സിറ്റികൾ പാഠ്യപദ്ധതികൾ തയ്യാറാക്കണം. ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥി എന്ന നിലയിൽ ഡോ: ഫസലിന്റെ ഇടപെടലുകൾ ആവശ്യമായ ഒരു ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്, അതോടൊപ്പം എം.ഇ.എസ്സിനെ ഒരു “ഡീംഡ് ടു- ബി-യൂണിവേഴ്സിറ്റി” (Deemed-to-be-University) ആക്കാനുള്ള ശ്രമവും ഫസലിൽ നിഷിപ്തമായിരിക്കുന്നു. കാലത്തിന്റെയും ദേശത്തിന്റെയും സമൂഹത്തിന്റെയും അഭിരുചികൾക്കനുസരിച്ച് എം.ഇ.എസ്സ് വിദ്യാഭ്യാസ പ്രസ്ഥാനം വളരാൻ ഡീംഡ് യൂണിവേഴ്സിറ്റി എന്ന ആശയം ഏറെ സഹായകരമാവും.

ഫാസിലിന്റെ കൈയ്യൊപ്പ് പതിക്കാത്ത മേഖലകൾ കുറവാണു, രാക്ഷ്ട്രീയമൊഴിച്ച്. ഒരു മുഹമ്മദ്റാഫി ഫാൻ കൂടിയായ ഫസൽ ഗായകനായും, ക്വിസ്മാസ്റ്ററായും, ടെലിവിഷൻ സംവാദകനായും, പ്രഭാഷകനായും, എഴുത്തുകാരനായും നിരൂപകനായും എല്ലാറ്റിലുമുപരി ഒരു ചിന്തകനായും സമൂഹത്തിന്റെ നാനാ തുറകളിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. അദ്ദേഹത്തിന് എം.ഇ.എസ്സ് എന്ന പ്രസ്ഥാനത്തെയും തന്നിൽ വിശ്വാസം അർപ്പിച്ച സമൂഹത്തെയും ഏറെ നാൾ നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഹസ്സൻ തിക്കോടി-9747883300-email:hassanbatha@gmail.com

Advertisment