Advertisment

മണൽക്കാടും മരുപ്പച്ചയും

author-image
admin
New Update

-ഹസ്സൻ തിക്കോടി

Advertisment

publive-image

-6- സ്മശാനത്തിൽ ഏകാന്തവാസം.

“ഞാൻ ഒരു കവിയും എഴുത്തുകാരനും നാടകകൃത്തുമാവും. ഏതുവിധത്തിലും ഞാൻ പ്രസിദ്ധനാകും, അല്ലെങ്കിൽ കുപ്രസിദ്ധൻ”. ഓസ്കർ വൈൽഡ് എന്ന പ്രശസ്തനായ എഴുത്തുകാരന്റെ വാക്കുകൾ വായിച്ചെടുത്തത് എന്റെ ഓർമ്മകളിലുണ്ട്. ജീവിതത്തിനു ഒരു പാട് കയറ്റിറക്കങ്ങളുണ്ടെന്നും, മനുഷ്യരുടെ മുഖച്ഛായയിലും രൂപത്തിലും വലിയ വ്യത്യ്സങ്ങൾ കാണുന്നില്ലെങ്കിലും അവരുടെ മനസ്സിൽ വലുപ്പച്ചെറുപ്പങ്ങൾ ഉണ്ടെന്നും, സ്നേഹവും പ്രേമവും സഹാനുഭൂതിയും വെറുപ്പും അസൂയയും കുശുമ്പും വ്യത്യസ്തമായ അളവിൽ എല്ലാവരിലും ഉണ്ടെന്നും മനസ്സിലാക്കാൻ ഏറെ നാൾ വേണ്ടിവന്നില്ല.

ജീവിതത്തിൽ വിജയിച്ചവർ അത് നേടിയെടുത്തത് എങ്ങനെയെന്ന് ഞാൻ പഠിക്കാൻ ശ്രമിച്ചു. സ്ഥിരോത്സാഹവും ആത്മവിശ്വാസവും കൈവരിക്കുക അത്ര എളുപ്പമല്ലെങ്കിലും ഞാൻ എവിടെയും പരാചയപ്പെട്ടിട്ടില്ലന്നും എന്റെ സ്വപ്നങ്ങളിലേക്ക് എന്നെങ്കിലുമൊരിക്കൽ എത്തിച്ചേരാനാവുമെന്നും എന്റെ മനസ്സ് സാധാ പറഞ്ഞുകൊണ്ടിരുന്നു. അക്ഷരങ്ങളുടെയും സ്വപ്നങ്ങളുടെയും നിഴലുകൾക്കപ്പുറം മറ്റൊരു ലോകമുണ്ടെന്നും അവയിലേക്കുള്ള പ്രയാണം അത്ര എളുപ്പമല്ലെന്നും ഞാൻ മനസ്സിലാക്കി.

എളേപ്പയുടെ കാരുണ്യം:

കുവൈറ്റിൽ ഉറ്റവരായി ഉപ്പമാത്രമായിരുന്നില്ല, ഉപ്പയുടെ അനുജൻ എന്റെ എളേപ്പ (ആപ്പ എന്നാണ് ഞാൻ വിളിച്ചിരുന്നത്) കുടുംബസമേതം ഫഹാഹീലിൽ താമസിച്ചിരുന്നു. ഞാൻ കുവൈറ്റിൽ എത്തുമ്പോൾ അവർ തമ്മിൽ ചെറിയ പിണക്കത്തിലായിരുന്നതിനാൽ എനിക്കധികം ഇടപെടാൻ പറ്റിയിരുന്നില്ല. പക്ഷെ ഒരു കാര്യം ഞാൻ മനസ്സിലുറപ്പിച്ചിരുന്നു ഇവർ തമ്മിലുള്ള സൗന്ദര്യപ്പിണക്കം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന്. ആറുമാസത്തെ നിരന്തരമായ ശ്രമത്തിനൊടുവിൽ ജേഷ്ടനും അനുജനും കെട്ടിപ്പിടിച്ചുമ്മവെച്ചു. ഒട്ടേറെ വെറുപ്പ് നിറഞ്ഞ മനസ്സുകൾ അവർ തുറന്നു. രക്ത ബന്ധങ്ങളുടെ കൂടിച്ചേരലുകൾ കോരിത്തരിപ്പിച്ച അനർഘനിമിഷങ്ങൾ ഞാനിന്നും ഓർക്കുന്നു.

ആപ്പ ജോലിചെയ്തത് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷനിലായിരുന്നെങ്കിലും അത്ര വലിയ ശമ്പളമൊന്നുമുണ്ടായിരുന്നില്ല. കഷ്ട്ടിച്ചുള്ള ജീവിതം. എട്ടു പേരുള്ള കുടുംബത്തെ പോറ്റുന്നതിനിടയിൽ ആപ്പ അസുഖബാധിതനായതു വളരെ പെട്ടെന്നായിരുന്നു. മരുന്നും ആശുപത്രിവാസവുമായി കഴിഞ്ഞ നാളുകളിൽ ഒരു നിറമില്ലാത്ത നിഴലായി ഞാനും അവരോടൊപ്പം ഉണ്ടായിരുന്നു. ആപ്പയുടെ ബോസ് തിരുവനന്തപുരത്തുകാരനായ എൻജിനീയർ എൻ.സ്. നായരുടെ സഹതാപപൂർണമായ സാമീപ്യം ആപ്പയെ തെല്ലൊന്നുമല്ല സമാശ്വസിപ്പിച്ചത്.

ഗൾഫിൽനിന്നും ആപ്പ നാട്ടിൽ വരുമ്പോൾ ചുറ്റും ആൾക്കാരും ആരവങ്ങളും നിറഞ്ഞു നിന്നിരുന്നു. ഒന്നന്നൊര മാസത്തെ ആർഭാടപൂർണമായ താമസത്തിനു ശേഷമാണു ആപ്പ മടങ്ങിപ്പോവുക. ഉപ്പയും ആപ്പയും ഏറെ ഊഷമള സ്നേഹത്തിലും പിരിശത്തിലുമായിരുന്നു മരുഭൂമിയിൽ ജീവിച്ചിരുന്നത്. രണ്ടുപേരും മിച്ചം വെച്ച കാശുകൊണ്ട് കുവൈറ്റിലെ “മൃഗാമിൽ” അൽ-മദീന റെസ്റ്റോറന്റ് തുടങ്ങിയതോടെ അവരുടെ സ്നേഹം നിറഞ്ഞ മനസ്സിൽ പാടില്ലാത്ത വെറുപ്പും വിധ്വെശവും കടന്നുകൂടി. അതായിരുന്നു വർഷങ്ങൾ നീണ്ട പിണക്കത്തിന് കാരണമായത്.

അസുഖം മൂർച്ഛിച്ചതോടെ ആപ്പയെ “അൽ-സബാ” ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഓപ്പൺ ഹാർട്ട് സർജറി അത്യാവശ്യമായി വേണ്ടിവരുമെന്ന് ഡോക്ടർ എന്നോടും നായരോടുമായി പറഞ്ഞു. അന്നൊന്നും ഓപ്പൺ ഹാർട്ട് സർജറി അത്ര വിപുലമോ കാര്യക്ഷമമോ ആയിരുന്നില്ല. കാർഡിയാക് സർജറി ചെയ്യുന്ന കുവൈറ്റിലെ ഏക ഹോസ്പിറ്റലായിരുന്നു അൽ-സബാഹ്. മേത്തരം ചികിത്സക്കായി പണമുള്ളവർ അക്കാലത്തു ലണ്ടനിലോ അമേരിക്കയിലോ കൊണ്ടുപോവുകയാണ് പതിവ്. വിദേശികൾക്കു അഭയം ഇവിടത്തെ ആശുപത്രിയായിരുന്നു.

പറക്കമുറ്റാത്ത അഞ്ചു കുട്ടികളോടും എളേമ്മയോടും ഞങ്ങൾ അസുഖത്തിന്റെ തീവ്രത അറിയിച്ചിരുന്നില്ല. ഓപ്പറേഷന്റെ തലേദിവസം വൈകുന്നേരം ഞാനും നായരും ഹോസ്പിറ്റലിൽ പോയി ആപ്പയെ കണ്ടു. നനവൂറിയ കണ്ണുകളിൽ അധികനേരം നോക്കി നിൽക്കാനായില്ല. നിസ്സഹായതയുടെ ആഴക്കയത്തിൽനിന്ന് ആപ്പ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. സന്ധ്യാ വെളിച്ചത്തിൽ നിറകണ്ണുകളോടെ ഞാൻ ആപ്പയെ ഇടതടവില്ലാതെ നോക്കികൊണ്ടിരുന്നു. വർദ്ധിത സ്നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും ഗൗരവമില്ലാത്ത ആ മുഖം വായിച്ചെടുക്കാൻ ഞാൻ പ്രയാസപ്പെട്ടു. ആപ്പാക്കു എന്നോടായി എന്തോ പറയാനുണ്ട്. ഞാൻ കട്ടിലിൽ ചേർന്നിരുന്നു. കാന്റിൽ കെട്ടിയ കൈകൾ എന്നെ തഴുകികൊണ്ട് പറഞ്ഞു.

“നാളെ പതിനൊന്നു മണിക്കാണ് ഓപ്പറേഷൻ….”

വാക്കുകൾ മുറിഞ്ഞുപോയി...കണ്ണിൽ നിന്നും ധാരയായി ഒഴുകുന്ന കണ്ണുനീർ വെളുത്ത ബെഡ്ഷീറ്റിൽ ഉറ്റി വീഴുന്നുണ്ടായിരുന്നു. പറയാൻ ആഗ്രഹിച്ച വാക്കുകൾ മുറിഞ്ഞുപോയാതായി തോന്നി. പതിയെ ആപ്പ ഗദ്ഗദകണ്ഠനായി പറഞ്ഞ ആ വാക്കുകൾ ഞാൻ കേട്ടു.

“മോനെ ...ഞാൻ മരിച്ചാൽ…..എന്റെ കുട്ടികൾക്കു നീ ഉണ്ടാവണം...അവരെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു…..” ആപ്പാക്കു തുടർന്ന് പറയാൻ കഴിയുന്നില്ല.

എന്നോടൊപ്പമുള്ള നായരും ഭാര്യയും ആപ്പയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവരുടെ കണ്ണുകളിലും നനവൂറുന്നതു ഞാൻ ശ്രദ്ധിച്ചു. ആശൂപത്രിയുടെ ചില്ലുവാതിലുകൾക്കപ്പുറം അകലെ കടലിൽ സൂര്യൻ അസ്തമിക്കുന്നതിന്റെ ശോണിമയാർന്ന നിറത്തിനു സ്വാന്തനത്തിന്റെ സ്പർശനമുള്ളതായി എനിക്കുതോന്നി.

വിസിറ്റിംഗ് സമയം അവസാനിച്ചതായി നേഴ്സ് ഞങ്ങളെ പലതവണ ഓർമ്മപ്പെടുത്തി. അവർ വീണ്ടും വന്നു പറഞ്ഞു “ നാളെക്കുള്ള പ്രോസിജിയർ തുടങ്ങണം...ദയവായി…..”

അതവസാനത്തെ കൂടിക്കാഴ്ചയാണെന്നു ഞങ്ങൾക്കറിയില്ലായിരുന്നു. തിയേറ്ററിനു പുറത്തു ഞങ്ങൾ മണിക്കൂറുകളോളം പ്രാർത്ഥനാനിർഭരരായി കാത്തിരുന്നു. ഒടുവിൽ ആകാംക്ഷാഭരിതമായ നാലു മണിക്കൂറിനുശേഷം തിയേറ്ററിന്റെ വാതിൽ തുറന്നു. സ്റ്റെച്ചറിൽ കിടത്തിയ ആപ്പയെ വെളുത്ത തുണികൊണ്ടു ആകെ മൂടിയിരുന്നു. ഞങ്ങളുടെ അടുത്ത് നിർത്തിയശേഷം നേഴ്സ് മുഖത്തെ തുണി നീക്കി.

മരവിച്ച മരിച്ച മുഖത്ത് ദു:ഖവും വേദനയും ഉൽക്കണ്ഠയും തളംകെട്ടിയപോലെ. സ്നേഹവും വാത്സല്യവും ഇത്തിരിനാളത്തേക്കാണെങ്കിലും വാരിക്കോരിത്തന്ന സ്നേഹ നിധിയായ ആപ്പയെ അധികനേരം നോക്കി നിൽക്കാനായില്ല. അപ്പോഴേക്കും നായരും ഭാര്യയും എന്നെ പിടിച്ചുമാറ്റി. ആദ്യമായാണ് ചൂടാറുംമുമ്പേ മരണം നേരിൽ കാണുന്നത്. മരണം നേരെത്തെ വായിച്ചെടുത്തപോലെ തലേദിവസം എന്റെ കൈപിടിച്ച് എല്ലാം ഏൽപ്പിച്ചതോർത്തപ്പോൾ ഞാനാകെ തളർന്നുപോയി.

സ്മശാനത്തിൽ ഏകാന്തവാസം:

ഫഹാഹീലിലെ കടപ്പുറത്തിന്നരികിലാണ് ഖബർസ്ഥാൻ (സ്മശാനം). എത്രയോ ജീവിതങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഈ ഊഷര ഭൂമിയിൽ ആപ്പക്കായി ആറടി ആഴത്തിൽ മണ്ണെടുത്തിരുന്നു. അത്രയൊന്നും പുരാതനമല്ലാത്ത ഏതോ വിസ്മൃതിയുടെ കോരിത്തരിപ്പുകൾ ഈ ഭൂമിക്കടിയിലെ ശയ്യയിൽ പരസ്പരമറിയാതെ കിടന്നുറങ്ങുന്നുണ്ട്. അവരൊക്കെ പലനാട്ടുകാരും വിവിധ ഭാഷക്കരുവും വൈവിധ്യമുള്ള സംസ്കാരമുള്ളവരുമാണ്.

മരുഭൂമിയിലെ ഖബർസ്ഥാനിൽ ഞാനാദ്യമായാണ് വരുന്നത്. ഖബ്ർസ്ഥാനോടു ചേർന്ന് കിടക്കുന്നതു ഒരു പൂന്തോട്ടമാണ്. മരിച്ചവരുടെ സന്ധ്യായാമങ്ങളിൽ സുഗന്ധം പരത്തുന്നതിനായിരിക്കും ഒരുപക്ഷെ ഈ ഉദ്യാനം ഇവിടെത്തന്നെ അധികാരികൾ നിർമ്മിച്ചത്. മയ്യത്തു മറമാടാൻ അധികമാരും ഉണ്ടായിരുന്നില്ല. ആശുപത്രീയുടെ ആംബുലൻസിൽ കൊണ്ടുവന്ന മയ്യത്തു ആരൊക്കൊയോ ഏറ്റുവാങ്ങി കുഴിയിലേക്ക് മാറ്റുമ്പോൾ ചുറ്റും നിശബ്ദത തളംകെട്ടിയിരുന്നു. ആപ്പയുടെ ജീവിതത്തിന്റെ ഏകാന്ത വാസത്തിലേക്കുള്ള യാത്ര എന്റെ മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു. അന്നാണ് മരണത്തിന്റെ നോവും നൊമ്പരങ്ങളും മറ്റുള്ളവരെ അലട്ടുമെന്ന യാഥാർഥ്യം ഞാൻ മനസ്സിലാക്കുന്നത്. നായർ അങ്കിളിന്റെ സാമീപ്യം അവസാനം വരെ അവിടെ ഉണ്ടായിരുന്നു. അത് ആപ്പയുടെ മരണത്തോടെ അവസാനിച്ചിരുന്നില്ല.

publive-image

കുടുംബത്തിന്റെ ശേഷിക്കുന്ന ജീവിതം എങ്ങനെയെന്ന വലിയ ചോദ്യചിഹ്നത്തിനുത്തരം തരാൻ ആരുമുണ്ടായിരുന്നില്ല. അശരണരായ കുടുംബത്തിന് തണലേകാൻ ആരും മുന്നോട്ടു വന്നില്ല. ഒടുവിൽ ഞാനും നായരും ആ തീരുമാനമെടുത്തു. ഇന്ത്യൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകനൊഴിച്ചു ബാക്കി എല്ലാവരെയും നാട്ടിലേക്കയക്കുക. ആശുപത്രികിടക്കയിൽ നിന്നും എന്റെ കൈപിടിച്ചു അവസാനമായി പറഞ്ഞ വാക്കുകൾ ആയിരം നാവായി എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ആ വാക്കുകളുടെ ശക്തിയിൽ ഞാൻ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു. എനിക്ക് കരുത്തേകാൻ നായരും ഭാര്യയും ഒപ്പമുണ്ടായിരുന്നു. അങ്ങനെ മൂത്തമകൻ നാസിറിനെ എന്നോടൊപ്പം കുവൈറ്റിൽ താമസിപ്പിച്ചു പഠിപ്പിച്ചു. മറ്റുകുട്ടികളെല്ലാം നാട്ടിലെ സ്കൂളിൽ ചേർക്കാനുള്ള ഏർപ്പാടും ചെയ്തു. എളേമ്മയുടെ കുവൈറ്റ് ജീവിതം അങ്ങനെ അവസാനിച്ചു.

***************************************************************************

ഫഹാഹീലിൽ ഒരു റെസ്റ്റോറന്റ്:

ഇക്കാമ അടിക്കാനായി പല കുവൈറ്റികളെയും സമീപിച്ചെങ്കിലും പലരും വലിയ സംഖ്യ ചോദിച്ചതിനാൽ നടന്നില്ല. ടെംപററി ഇക്കാമയുടെ കാലാവധി അവസാനിക്കാൻ ഇനി ഒരാഴ്ചകൂടി. ജോലിയില്ലാതെ ഒരു കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം എങ്ങനെ നിറവേറ്റും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു.

വന്നയിടക്ക് ആസാദ് ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട കോഴിക്കോട്ടുകാരൻ ബാബുവിനെ സമീപിക്കാൻ തീരുമാനിച്ചു. അന്ന് അയാൾ അവിടെ വെയ്റ്ററായാണ് ജോലി ചെയ്തത്. ബി.എ.വരെ പഠിച്ച ബാബു റെസ്റ്റോറന്റിൽ ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ട് പിന്നീട് ഫഹാഹീലിൽ സ്വന്തമായൊരു റെസ്റ്റോറന്റ് ആരംഭിച്ചിരുന്നു. ഞാൻ ബാബുവിനോട് വിവരങ്ങൾ പറഞ്ഞു. ഏകദേശം അഞ്ഞൂറ് ദിനാർ വേണമെന്നായി ബാബു. കൊടുക്കാമെന്നു പറഞ്ഞപ്പോൾ ബാബുവിന്റെ മറുചോദ്യം എന്നെ ഞെട്ടിച്ചു.

“ഹസ്സന്റെ കൈയിൽ ആയിരം ദിനാർ ഉണ്ടോ?”

എയർഫോഴിസിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ ആയിരം ദിനാറും ശമ്പളവും ഒക്കെയായി ആയിരത്തി ഇരുനൂറ്റി അമ്പതു. ബാബു പറഞ്ഞു: “എന്നാൽ ആയിരം ദിനാർ നാളെ കൊണ്ടുവരണം, പാസ്സ്പോർട്ടും മറ്റു പേപ്പറും…..ബാക്കി നാളെ പറയാം….”

അതിരാവിലെ ബാബു എന്നെയും കൂട്ടി ഫഹാഹീലിലെ ഒരു ബിൽഡിങ്ങിൽ പോയി. അവിടെ ഒരു കാലിയായ മുറി ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു :

“ഇതാണ് നമ്മൾ തുടങ്ങാൻ പോകുന്ന പുതിയ റെസ്റ്റോറന്റ്….ഹസ്സനും മൂടാടിക്കാരൻ അബ്ദുള്ളയും ഇതിന്റെ പാർട്ണർമാരായിരിക്കും. നിന്റെ ഇക്കാമ അടിക്കുകയും ചെയ്യും ഷോപ്പ് നോക്കി നടത്തുകയും ചെയ്യാം. സമ്മതമാണെങ്കിൽ ഇപ്പോൾ തന്നെ പാസ്പോർട്ട് ഓഫീസിൽ പോയി കുവൈറ്റിയെ കാണാം. അദ്ദേഹമായിരിക്കും ഇതിന്റെയും ഹസ്സന്റെയും സ്പോൺസർ…”

ഒരിക്കൽ മടിച്ചുനിന്ന ഫീൽഡ്, ഇപ്പോൾ അതിലെ പാർട്ണറായി ജോലി. മനസ്സിൽ കരുതിവെച്ച സകല മോഹങ്ങളോടും വിടപറയാനുള്ള സമയമാണിത്. ആകാശവിഹായുസ്സിലേക്കുയർന്ന ഉദോഗസ്ഥ സ്വപ്നങ്ങൾക്ക് അതോടെ വിരാമം കുറിക്കണം. മറുത്തൊന്നും ആലോചിച്ചില്ല. സമ്മതം മൂളി കാറിൽ ബാബുവോടൊപ്പം പാസ്പോർട്ട് ഓഫിസിലെത്തിയപ്പോൾ മനസ്സിൽ കുറിച്ചു “വരാനുള്ളത് വഴിയിൽ തങ്ങില്ല”.

ടിപ്പ് ടോപ് റെസ്റ്റോറന്റിൽ കച്ചവടം തകൃതിയായി നടന്നു. പാർട്ണർ ആണെങ്കിലും രാവിലെ മുതൽ അവിടെ എത്തി ജോലിചെയ്യണം. ക്യാഷ് കൈകാര്യം ചെയ്യണം, വൈയ്റ്ററാവണം, ടേബിൾ തുടക്കണം, പാർസൽ കെട്ടിക്കൊടുക്കണം, സാധനങ്ങൾ പർച്ചേയ്സ് ചെയ്യണം. രാവും പകലും ജോലിചെയ്യണം. വിശ്രമം വളരെ കുറവ്.

ഉമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ എന്റെ നാലാം മാസത്തിൽ ദൈവം എഴുതിച്ചേർത്ത വിധിവിഹിതങ്ങൾ തടുക്കാനാവില്ലല്ലോ. ഞാൻ ഇവിടെ എത്തണമെന്നും, എന്തൊക്കെ ജോലികൾ ചെയ്യണമെന്നും ഈ ഊഷര ഭൂമിയിൽ ഞാൻ അനുഭവിച്ചറിയേണ്ട ജീവിതം എന്തൊക്കെയാണെന്നും പടച്ച തമ്പുരാൻ നേരെത്തെ കണക്കാക്കിയിരുന്നു. ദൈവത്തിന്റെ ആ ലിഖിതം മാലോകർക്ക് മായ്ക്കാനാവില്ലല്ലോ. ജീവിതത്തിൽ മറക്കാനാവാത്ത നാളുകളായിരുന്നു അത്. എന്തുജോലിയും ചെയ്യാൻ കിട്ടിയ മനസ്സാന്നിധ്യം ഒരു വഴിത്തിരിവിനപ്പുറം മറ്റു പലതും നേടിയെടുക്കാനുള്ള അവസരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. (തുടരും)

hassan thikkodi
Advertisment