Advertisment

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

author-image
admin
Updated On
New Update

ഹസ്സൻ തിക്കോടി

Advertisment

publive-image

ആ മുറിയിൽ അയാൾ തനിച്ചാണ് :(8)

ഫലസ്തീൻ വിമോചന സേനയുടെ (PLO) ചെയർമാൻ യാസ്സിർ അറഫത്തിനെ പരിചയപ്പെടുത്തിയത് ഏവിയേഷനിൽ എന്റെ ഗുരുവായ ഇമാദ് അഖിൽ ആണ്. വർഷങ്ങൾക്കുമുമ്പ് യാസിർ അറഫാത്ത് കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഇലക്ട്രിക്ക്സിറ്റിയിലെ ഒരു ജീവനക്കാരനായിരുന്നു. ഞങ്ങളോടൊപ്പം മെയിൻ ഓഫിസിൽ ജോലിചെയ്തിരുന്ന മറ്റൊരു ഫലസ്തീനി “സമീർ സെക്സി” യാസിർ അറഫാത്തിന്റെ ഏറ്റവും അടുത്ത കൂട്ടാളിയും പി.എൽ..ഓ.വിന്റെ കുവൈറ്റിലെ നേതാവുമായിരുന്നു. അവിചാരിതമായി ഒരു വൈകുന്നേരം സമീർ തന്റെ നേതാവിനെയും കൂട്ടി ഇമാദിന്റെ ഓഫിസിൽ കയറി വന്നു. യാസിർ അറാഫാത്തുമായി ഇമാദിന് വളരെ നല്ല ഹൃദയ ബന്ധമായിരുന്നു.

publive-image

(പി.എൽ.ഓ ചെയർമാൻ യാസിർ അറഫാത്ത്)

രാത്രി ഏറെ വൈകുംവരെ ഓഫീസിൽ തനിച്ചിരുന്നു ജോലിചെയ്യുക ഇമാദിന്റെ “ഹാർഡ് വർക്കിങ് നേച്ചർ” ആയിരുന്നു. ഇടക്കിടെ അറബിക് ഗഹ്വയും സിഗരറ്റും ഉണ്ടാവണമെന്നത് ഇമാദിന് നിർബന്ധമാണ്. എന്റെ ഓഫീസ് സമയം കഴിഞ്ഞാൽ പലദിവസങ്ങളിലും കൂട്ടിനിരിക്കാനും ഏവിയേഷൻ രംഗത്തെ നൂതന വിഷയങ്ങൾ ചർച്ചചെയ്യാനും എന്നെ അദ്ദേഹം വിളിപ്പിക്കുമായിരുന്നു.

ഇമാദ് ഒരു “ഹ്യൂമൺ ലൈബ്രററി”യാണ്. ലോകത്തിലെ പലവിഷയങ്ങളും ഇമാദിൽ നിന്നും പഠിക്കാനും അറിയാനും കഴിയും. അറബികളുടെ വിജ്ഞാനസമ്പാദനത്തിനു അതിരുകളുണ്ടായിരുന്നില്ലെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നാഗരികതക്കു വെളിച്ചം നൽകിയതും ശാസ്ത്ര-സാങ്കേതിക വിദ്യകൾക്കു തുടക്കം കുറിച്ചതും മണൽക്കാട്ടിൽനിന്നും ജന്മമെടുത്ത അറബികളായിരുന്നു. ഇന്ന് നാം കാണുകയും അനുഭവിക്കുക്കയും ചെയ്യുന്ന പലതും അവരിൽ നിന്നാണ് ലോകം പഠിച്ചെടുത്തത്. ബീജഗണിതവും, ത്രികോണമിതിയും, രസതന്ത്രവും മനസ്സിലാക്കിയതും പുതിയ പരീക്ഷണങ്ങളിലേക്കു ലോകശാസ്ത്രത്തെ നയിച്ചതും അറബികളാണെന്ന സത്യം ഇന്ന് പലരും മനപ്പൂർവം മറക്കുന്നു.

ലോക ചരിത്രത്തിൽ ഗണിതശാസ്ത്രത്തിനു മറക്കാനാവാത്ത സംഭാവനകൾ നൽകിയത് മുഹമ്മദ് ഇബ്നു മൂസായെപോലുള്ള ശാസ്ത്രഞ്ജന്മാരായിരുന്നു. പ്രശസ്ത അറബിക് കവി “ഒമർഖയ്യാം” ഒരു ഗണിത ശാസ്ത്രജ്ഞൻ കൂടിയാണെന്നത് നാം ഓർക്കേണ്ടതുണ്ട്. അൽ-റാസി എന്ന അറബി ശാസ്ത്രജ്ഞനായിരുന്നു ഒരു കാലത്തു മഹാമാരിയായ “വസൂരി”രോഗത്തിന്റെ ശരിയായ കാരണങ്ങൾ കണ്ടുപിടിച്ചത്. ”കിത്താബുൽ ഹാവി” എന്ന ബ്രിഹത്തായ ശാസ്ത്ര ഗ്രന്ഥത്തിനു പുറമെ നൂറിലധികം പുസ്തകങ്ങൾ രസതന്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ അൽ-റാസി രചിച്ചിരുന്നു.

ഇരുളടഞ്ഞ മധ്യകാല യൂറോപ്പിന് അറബികളുടെ ശാസ്ത്ര സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. എന്നാൽ പിന്നീട് യൂറോപ്യൻസ് അതൊക്കെ അവരുടെ സ്വന്തമാക്കുന്നതിൽ മിടുക്കു കാണിച്ചെങ്കിലും ചരിത്രത്തിൽ അറബികളുടെ ശാസ്ത്രസംഭാവന എന്നും അണയാത്ത തീ ജ്വാലയായി നിലനിൽക്കുന്നു. യുക്തിക്കു വിശ്വാസത്തെക്കാൾ പ്രാധന്യം നൽകിയ ഒരു ജനതയുടെ പിൻഗാമികളാണ് ഒരു പക്ഷെ എന്റെ മുമ്പിലിരിക്കുന്ന ഇമാദും, യാസിർ അറഫാത്തും, സമീർ സെക്സികയും. അത്രക്കപാരമായിരുന്നു ആ വിജ്ഞാന സദസ്സ്. ഫലസ്തീൻ പ്രശനത്തെക്കുറിച്ചു ഒരു പാട് പുതിയ അറിവുകൾ എനിക്കവരിൽനിന്നും കിട്ടി. ജ്ഞാനനിബന്ധമായ ഒരു വലിയ ഭൂതകാലം ഫലസ്തീനികൾക്കുണ്ട്. അതോടൊപ്പം ജ്ഞാനനിധികളാൽ സുശക്തമായ ഒരു സേനാവലയവും. എന്നിട്ടും അവരെന്തുകൊണ്ട് വിജയിക്കുന്നില്ല? യാസിർ അറഫാത്തിന്റ കർമ്മ മണ്ഡലം വെസ്റ്റ് ബാങ്കിലെ റാമല്ലയിലാണ്.

ഫലസ്തീനികൾ ഈ ഭൂമിക്കു അന്യരാണോ?

ആധുനിക ലോകത്തിലെ ഏറ്റവും സങ്കീർണമായ ഒരു തർക്കഭൂമിയാണ് ഫലസ്തീൻ. അതിപുരാതന മനുഷ്യരുടെയും മതങ്ങളുടെയും ഓർമകൾ സൂക്ഷിച്ചുവെച്ച ആ പുണ്യഭൂമി അവസാനമില്ലാത്ത യുദ്ധക്കളമായി ഇന്നും തുടരുന്നു. ഫലസ്തീനികളുടെ ജന്മ ഭൂമി ജൂതന്മാർക്ക് പതിച്ചു നൽകിയതിനുത്തരവാദി ആരായിരുന്നു? മുവ്വായിരം കൊല്ലം പഴക്കമുള്ള ഒരു മരുപ്രദേശത്ത് കലാപം സൃഷ്ടിക്കാൻ ആഹ്വനം ചെയ്തുകൊണ്ട് അറബികളെ വഞ്ചിച്ചത് ആരായിരുന്നു?.

“ഓട്ടോമൻ ഭരണത്തിനെതിരെ കലാപം നയിച്ചാൽ പകരമായി സ്വതന്ത്ര അറബ് രാജ്യത്തിന് വേണ്ട സഹായം ചെയ്യാമെന്ന് അറബികൾക്ക് ബ്രിട്ടൻ വാക്കു നൽകി. അങ്ങനെ 1916-ൽ മധ്യപൂർവ്വ ദേശത്തു ഓട്ടോമൻ ഭരണത്തിനെതിരെ കലാപം ആരംഭിച്ചു. പക്ഷെ, ബ്രിട്ടനെ സംബന്ധിച്ച് ഒന്നാം ലോകമഹായുദ്ധത്തിൽ ജയിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു അത്. “

ചരിത്രത്തിന്റെ നാൾവഴികളിലൂടെ എത്രതന്നെ സഞ്ചരിച്ചാലും ഉത്തരം കിട്ടാത്ത ഒരു സമസ്യയായി മാറിയിരിക്കുന്നു ഇസ്രായേൽ-ഫലസ്തീൻ പ്രശനം. 1964-ലാണ് ഒരു വിമോചന സംഘടനക്കു രൂപം നൽകിയത്. തുടക്കത്തിൽ അമേരിക്കയടക്കം ലോകരാജ്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും 1974-ൽ നിരീക്ഷകാംഗമായി. പിന്നീട് 1991 -ൽ മാഡ്രിഡ് ഉച്ചകോടിക്ക് ശേഷം ഇസ്രയേലുമായി സമാധാന ചർച്ചകൾ ആരംഭിച്ചു. നാളിതുവരെ യാതൊരു പരിഹാരവും കാണാതെ വെടിയൊച്ചകളും റോക്കറ്റാക്രമണങ്ങളും നടത്തി ഒരു ജനതയുടെ സൊയ്ര്യ ജീവിതം നശിപ്പിക്കുന്ന ദയനീയ ചിത്രമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാലും അന്തിമ വിജയം താങ്കൾക്കാണെന്നു ഓരോ ഫലസ്തീനിയും വിശ്വസിക്കുന്നു. ചരിത്രം അവരോടു പറയുന്നത് അതാണ്.

അരനൂറ്റാണ്ട് മുമ്പുതന്നെ മലയാളികളുടെ സ്വന്തം എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഫലസ്തീൻ പ്രശനത്തെക്കുറിച്ചെഴുതിയ വരികൾ ഏറെ പ്രസകതമാണ്

“അറബിമുസ്ലിമീങ്ങളുടെ ഹൃദയത്തിൽ ബ്രിടീഷ് ഗവർമെന്റ് ജൂതന്മാർക്കായി ഒരു രാജ്യം ഉണ്ടാക്കിക്കൊടുത്തു. ഇസ്രായേൽ. ബ്രിടീഷ് ഗവർമെന്റും അമേരിക്കയുമാണതിന്റെ പിന്നിൽ. അറബികൾ കൊച്ചു പിച്ചാത്തിയുമെടുത്തു യുദ്ധം ചെയ്യുന്നു. തക്ബീർ വിളിക്കുന്നു. തോൽക്കുന്നു. അറബികൾ ഒരുമിച്ചു മൂത്രമൊഴിച്ചാൽ കലങ്ങിപോവാനേയുള്ളൂ ഇസ്രായേൽ. ഭയാനകമായ ജനസംഖ്യയുള്ള അറബികൾ എന്ത്കൊണ്ട് തോൽക്കുന്നു? സുശക്തമായ ഒരു പട്ടാളത്തെ സർവസജ്ജീകരണങ്ങളോടുംകൂടി എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ? മിനുട്ടിൽ നാല്പത്തിയേഴുലക്ഷം രൂപ പെട്രോളിയത്തിൽ നിന്നും റോയൽറ്റി കിട്ടുന്ന അറബി രാജ്യമുണ്ട്. പെട്രോളിയം കുറെ അധികം രാജ്യങ്ങളിലുണ്ട്. സ്വർണ്ണവും. അള്ളാഹു കൊടുത്ത ഈ ഐശ്യര്യം അറബി ലോകം എങ്ങനെ ചെലവാക്കുന്നു? പല അറബി രാജ്യങ്ങളിൽ നിന്നുള്ള കത്തുകളും എന്റെ പക്കലുണ്ട്. ഓർക്കുമ്പോൾ നാണം തോന്നുന്നു.” (ഓർമ്മയുടെ അറകൾ എന്ന കൃതിയിൽ).

publive-image

അറബികളെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ് പാശ്ചാത്യ ശക്തികൾ. അവരെ സുഖലോലുപതയിൽ മയക്കികിടത്തി ഇസ്രയേലിനെ വളർത്തുകയാണെന്ന സത്യം എന്തുകൊണ്ടോ അറബികൾ മനസ്സിലാക്കുന്നില്ല. യാസിർ അറഫാത്തിന്റെ അകാല മരണം പോലും ആ മയക്കത്തിന്റെ ഭാഗമായിരുന്നു. എന്റെ സഹപ്രവർത്തകൻ സമീർ സ്കസി കുവൈറ്റ് പി.എൽ.ഓ. പ്രവർത്തകാനായി തുടർന്നെങ്കിലും പിന്നീട് കുറേനാളത്തേക്കു അദ്ദേഹത്തെ കുറിച്ചു യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ മറ്റൊരു ഫലസ്തീനി കൂട്ടുകാരനായ ആബിദിനോട് തിരക്കിയപ്പോഴാണറിയുന്നത് റാമല്ലയിലെ ഓഫിസിൽ ഇസ്രായേൽ പട്ടാളക്കാരന്റെ വെടിയേറ്റ് സമീർ സെക്സി മരിച്ചെന്ന വിവരം.

ഏവിയേഷനിലെ നൂതന പാഠങ്ങൾ:

ഇമാദിന്റെ “ഹാർഡ് വർക്കിങ് നേച്ചർ” എന്നിലേക്കുകൂടി ആവാഹിക്കുമെന്നു ഞാൻ ഭയപ്പെട്ടിരുന്നു. ഏറ്റെടുത്ത ജോലി സമയക്രമമില്ലാതെ ചെയ്തു തീർക്കുക ഇമാദിന്റെ സ്ഥിരം സ്വഭാവമായിമാറി. പക്ഷെ ഞാൻ ഒരല്പം സ്മാർട്ട് വർക്കറാകാൻകൂടി ഇഷ്ട്ടപ്പെടുന്ന കാര്യം പലപ്പോഴും ഞങ്ങൾക്കിടയിൽ ചില അസ്വസ്ഥതകളുണ്ടാക്കി. എന്റെ ഔദ്യോഗിക സസ്തികക്കപ്പുറമായി പുറത്തുനിന്നുള്ള ബിസിനസ്കൂടി ക്യാൻവാസ് ചെയ്തതോടെ ഇമാദിന് എന്റെ സ്മാർട്നെസ്സ് അംഗീകരിക്കേണ്ടി വന്നു. ഏതൊരു ജോലിയിലും ഹാർഡ് വർക്കിനെക്കാൾ അഭികാമ്യം സ്മാർട്ട് വർക്കാണ്, പ്രത്യേകിച്ച് സാങ്കേതികവിദ്യ പ്രചുരപ്രചാരമായ പുതിയ കാലഘട്ടത്തിൽ.

തുടക്കത്തിൽത്തന്നെ ഏവിയേഷനിലെ ചില ട്രൈനിങ്ങിന് എന്നെ നിർബന്ധിച്ചയച്ചു. അതിലൊന്ന് ബ്രിട്ടീഷ് ഐർവേസിലായിരുന്നു. എന്റെ ആദ്യ ലണ്ടൺ യാത്രയിൽ അന്നത്തെ (1980-1984) ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈകമ്മിഷണരായിരുന്ന വി.എ. സൈദ് മുഹമ്മദുമായി ഒരു കൂടിക്കാഴ്ചയ നടത്താനായി. അത് തൊട്ടടുത്ത ദിവസം ചന്ദ്രിക ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചു. ഓണക്കാലമായതിനാൽ ലണ്ടനിലെ ഇരുപത്തിമൂന്നു മലയാളി സംഘടനകൾ സംയുക്തമായി നടത്തിയ ഓണപ്പരിപാടിയിലും സംബന്ധിക്കാനുള്ള ഭാഗ്യം ലഭിച്ചു. അന്നത്തെ മുഖ്യാഥിതി ഹൈക്കമീഷണറായിരുന്നു.

publive-image

(ലേഖകൻ ഹസ്സൻ തിക്കോടി ഹൈക്കമീഷണറോടൊപ്പം )

ഇൻഡസ്ട്രിയൽ സിറ്റിയിലെ കുവൈറ്റ് എയർവെയ്സ് സാന്നിധ്യം

“ഷൈബാ ഏരിയ അതോറിറ്റി” ചെയർമാനുമായി പരിചയപ്പെട്ടതോടെയാണ് അവരുടെ ഇൻഡസ്ട്രിയൽ ഏരിയയിൽ മറ്റൊരു ഓഫീസ് കൂടി തുറക്കാനുള്ള സാധ്യത ഉണ്ടായത്. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയിലെ കച്ചവടം കൂടി ലഭിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് ഇമാദിനെ ധരിപ്പിച്ചു. ഓഫീസ് തുറന്നാൽ അതിലുണ്ടാവുന്ന റിസ്ക് പൂർണമായും ഞാൻ ഏറ്റെടുത്താൽ അനുമതി തരാമെന്നും ഓഫീസ് ബഡ്ജറ്റ് അനുവദിക്കാമെന്നും അദ്ദേഹം എന്നെ അറിയിച്ചു.

“ഷൈബായിലെ” ഓഫീസ് എനിക്കൊരു വെല്ലുവിളിയായിരുന്നു. ജനവാസമില്ലാത്ത അവിടെ വിവിധതരം കോൺട്രാക്ടിറ്റിങ്/കൺസ്ട്രക്ഷൻ കമ്പനികളും കുവൈറ്റിലെ ഏറ്റവും വലിയ സീപോർട്ടും പ്രവർത്തിച്ചിരുന്നു. തന്ത്രപ്രധാനമായ ഓയിൽ റിഫൈനറികളും അവിടെ ആയതിനാൽ ഹൈ സെക്യൂരിറ്റിക്കിടയിലായിരുന്നു ഓഫിസിന്റെ പ്രവർത്തനം. ഷൈബ ഏരിയ അതോറിറ്റി നൽകുന്ന പാസ് ഇല്ലെങ്കിൽ പട്ടാളക്കാർ അവിടേക്കു കടത്തിവിടില്ല. പുറത്തുനിന്നും അവിടേക്കു ആർക്കും പ്രവേശനമില്ലായിരുന്നു.

അങ്ങനെ ഷൈബ ഏരിയയിൽ കുവൈറ്റ് എയർവെയ്സിന്റെ പോർട്ടബിൾ ഓഫീസ് പണിയാനുള്ള അനുമതി നേടിയതോടെ ഒരു മാസത്തിനുള്ളിൽ പ്രീ-ഫാബ് ഓഫീസ് ആരംഭിച്ചു. ഫഹാഹീലിലെ ഓഫീസുമായി ലിങ്ക് ചെയ്തുകൊണ്ടായിരുന്നു പ്രവർത്തനം.

ആദ്യത്തെ രണ്ടുമാസം ഞാൻ തനിച്ചായിരുന്നു. ഓഫീസ് തൂത്തു വാരൽ മുതൽ ടിക്കറ്റിങ് അടക്കം എല്ലാം നോക്കണം. അതിനിടയിൽ കോർപ്പറേറ്റ് കമ്പനിയുമായുള്ള കൂടിക്കാഴച്ചകൾ. മൂന്നാമത്തെ മാസം മുതൽ സെയിൽസ് വിചാരിച്ചതിലും കൂടിയതിനാൽ രണ്ടുമൂന്നു സ്റ്റാഫിനെക്കൂടി അപ്പോയ്ന്റ് ചെയ്തു. ആയിടക്കാണ് കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) ഒരു പുതിയ റിഫൈനറികൂടി സ്ഥാപിക്കാൻ തീരുമാനിക്കുന്നത്. ഷൈബയും മീന അഹമ്മദിയും കൂടാതെ മീന അൽ-അബ്ദുല്ല റിഫൈനറിയുടെ പ്രവർത്തനവും ആരംഭിച്ചിരുന്നു. അതോടെ ക്രൂഡ് ഓയിലിന്റെ ദിനേനയുള്ള ഉൽപ്പാദനം 7,36,000 ബാരലൽ ആയി വർദ്ധിക്കും. കൂടാതെ ഓരോ ദിവസവും 2.5 ബില്യൺ ക്യബ്ബിക് ഫീറ്റ് ഗ്യാസും ഉല്പാദിപ്പിക്കപ്പെടും.

ബി.ടി.സി (BTC) എന്ന അമേരിക്കൻ കമ്പനിക്കായിരുന്നു റിഫൈനറി പണിയാനുള്ള കരാർ ലഭിച്ചത്. പ്രോജക്ടിന്റെ തുടക്കത്തിൽ ധാരാളം അമേരിക്കക്കാർ കുവൈറ്റിൽ വരികയും അവർക്കായി മീന അബ്ദുള്ളയിൽ പ്രത്യകേ താമസ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ബി.ടി.സിയുടെ തലവൻ അമേരിക്കക്കാരനായ “പാറ്റ് ബെരിയാസയെ” നേരിൽ കാണുകയും അവരുടെ യാത്രാ സൗകര്യങ്ങൾ ഏർപ്പാടുചെയ്യാനുള്ള അഗ്രിമെന്റിൽ ഒപ്പുവെക്കുകയും ചെയ്തു. പക്ഷെ ടിക്കറ്റ് റിസെർവഷനും ഇഷ്യൂ ചെയ്യലും അവരുടെ സ്ഥലത്തുവെച്ചു വൈകുന്നേരം 5-മുതൽ 7 വരെ ആയിരിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു. ഇമാദിന്റെ സമ്മതത്തോടെ ഞാൻ കാര്യങ്ങൾ ഏറ്റെടുത്തു. ടിക്കറ്റ് സ്റ്റോക്കുമായി ആഴ്ചയിൽ നാലു ദിവസം അവരുടെ റിക്രിയേഷൻ ക്ലബ്ബിൽ പോയിത്തുടങ്ങി.

റിഫൈനറി ഭാഗത്തു ഇരുട്ട് ചേക്കേറുന്നതോടെ ക്ലബ്ബും പരിസരവും ശബ്ദമുഖരിതമാവും. പാട്ടും ഡാൻസും, സിനിമയുമായി അവർ തിമിർത്തുല്ലസിക്കുമ്പോൾ അവരോടൊപ്പം അമേരിക്കൻ സ്റ്റൈൽ ഭക്ഷണവും കഴിച്ചു അവരിൽ ഒരാളായി ഞാൻ മാറിക്കഴിയും. രാത്രി ഏറെ വൈകിയാണ് അന്നൊക്കെ ഞാൻ ആ ഉല്ലാസവേദിയിൽനിന്നും പുറത്തിറങ്ങുക. എന്റെ ടാർഗെറ്റിനപ്പുറമായിരുന്നു അവിടുന്ന് കിട്ടിയ കച്ചവടം.

ഫിലിപ്പൈൻ യാത്ര:

പ്രോജക്ടിന്റെ പ്രാഥമിക ഭാഗം പിന്നിട്ടതോടെ റിഫൈനറിയുടെ മേജർ ജോലിക്കായി ഫിലിപ്പൈനിൽ നിന്നും പതിനായിരത്തോളം തൊഴിലാളികളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു കെ.എൻ.പി.സി.യും ബിടിസിയും. സമയനിബിഢമായി തൊഴിലാളികളെ ഫിലിപ്പൈനിൽ നിന്നും കുവൈറ്റിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം കുവൈറ്റ് എയർവെയ്സിന്നായിരുന്നു.

ഫിലിപ്പൈനിലെ എൻജിനീയറിങ് എക്യുപ്മെന്റ് ഇൻകോർപൊററെഷനുമായി (ഇ.ഇ.ഐ) ബിടിസി കരാർ ഒപ്പിട്ടു. യാത്രയുടെ ഷെഡ്യൂൾ തയ്യാറാക്കാനായി കെ.എൻ,പി.സി.പ്രൊജക്റ്റ് മാനേജരും, ബിടിസി യെ പ്രതിനിതീകരിച്ചു പാറ്റ് ബേരിയാസയും കുവൈറ്റ് എയർവെയ്സിന്റെ പ്രതിനിധിയായി ഞാനും ഫിലിപ്പൈൻസിലേക്കു യാത്ര പുറപ്പെട്ടു.

എന്റെ ആദ്യ ഡ്യൂട്ടി ട്രിപ്പായിരുന്നു ഫിലിപ്പൈൻ യാത്ര. അവിടത്തെ കുവൈറ്റ് എയർവെയ്സ് ഓഫീസുമായി സഹകരിച്ചായിരുന്നു ഫ്ലൈറ്റ് ഷെഡ്യൂൾ തയ്യാറാക്കിയത്. ഫിലിപ്പൈൻ എയർലൈൻസുമായുള്ള കോഡ്-ഷെയർ കരാറും നിലവിൽ വന്നു. ആറേഴുമാസത്തെ കൃത്യമായ ഷെഡ്യൂളിൽ എല്ലാ തൊഴിലാളികളെയും കുവൈറ്റിൽ എത്തിക്കാനായി. പിന്നീട് അഞ്ചു വർഷങ്ങൾ ഇ.ഇ.ഐ.യുടെ എല്ലാ പോക്ക് വരവുകളും കുവൈറ്റ് എയർവെയ്സിനായിരുന്നു.

കുവൈറ്റ് എയർവെയ്സിന്റെ അനുസ്യൂതമായ വളർച്ചക്കൊപ്പം ഞാനും ഉയരങ്ങളിലേക്ക് എത്താൻ തുടങ്ങി. സ്വാഭാവികമായും പെട്ടെന്നുള്ള ജോലിക്കയറ്റങ്ങൾ സഹപ്രവർത്തകരിൽ അസൂയയും കുശുമ്പും ഉണ്ടായിത്തുടങ്ങി. പക്ഷെ മാനേജ്മെന്റിന്റെ നിർവാജ്യമായ പിന്തുണയിൽ എന്റെ പ്രവർത്തനമേഖലയെ കൂടുതൽ വിപുലീകരിക്കാൻ ഞാൻ തീരുമാനിച്ചു.

publive-image

മറ്റൊരു മേച്ചിൽപ്പുറം

അവിചാരിതമായാണ് കുവൈറ്റ് ഓയിൽ കമ്പനിയിലെ മലയാളികൾ സംഘടിപ്പിച്ച ഒരു ഓണപരിപാടിയിൽ ഞാൻ ക്ഷണിതാവായത്. കുവൈറ്റ് എയർവെയ്സിന്റെ ലേബലും ഒപ്പം എഴുത്തുകാരനെന്ന പരിഗണയും എന്നെ ആ വേദിയിലെത്തിച്ചു. ഏഴായിരത്തോളം വരുന്ന ഓയിൽ കമ്പനിയിലെ യാത്രക്കാരുടെ വിവിധതരം യാതകൾ നിയന്ത്രിച്ചിരുന്നത് അൽസവാൻ എന്ന ട്രാവൽ ഏജന്റായിരുന്നു. അവരുടെ ഡ്യൂട്ടി ട്രിപ്പുകൾ, വെക്കേഷൻ, മെഡിക്കൽട്രിപ്പ്, ട്രൈനിംഗ് ട്രിപ്പുകൾ എന്നിവയൊക്കെയായി ലക്ഷക്കണക്കിന് ദിനാറുകളുടെ ബഡ്ജട്ടുണ്ട്. എന്നാൽ കച്ചവടത്തിൽ കുവൈറ്റ് എയർവെയ്സിന്റെ മാർക്കറ്റ് ഷെയർ കേവലം ഇരുപതു ശതമാനത്തിൽ കുറവായിരുന്നു. കുവൈറ്റ് ഓയിൽ കമ്പനിയുടെ ബിസിനസ്സ് നേടിയെടുക്കാനുള്ള പ്രൊജക്റ്റ് റിപ്പോർട് ദിവസങ്ങൾക്കകം റീജണിൽ ഡയറക്ർക്ക് സമർപ്പിച്ചു.

കലാകാലങ്ങളായി പതാകവാഹിനിക്കു എത്തിച്ചേരേണ്ട മാർക്കറ്റ് ഷെയർ തിരിച്ചെടുക്കാനായി ഹെഡ് ഓഫീസ് എന്നെ ചമതലപ്പെടുത്തി. പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയതോടെ കെ.ഓ.സി.യിൽ ഒരു implant ഓഫീസ് സ്ഥാപിക്കാനുള്ള അനുമതി നേടിയെടുത്തു. ഒരു മാസത്തിനുള്ളിൽ ഒരു ഫുൽഫ്ളഡ്ജ് ട്രാവൽ ഓഫീസ് സ്ഥാപിച്ചതോടെ കെ.ഓ.സി.യുടെ മുഴുവൻ ഡ്യൂട്ടി ടിക്കറ്റും കുവൈറ്റ് എയർവെയ്സ് നേരിട്ട് ഇഷ്യൂ ചെയ്തു. തുടർന്ന് മൂന്നു ഓയിൽ കമ്പനികളിലും കുവൈറ്റ് എയർവെയ്സ് നേരിട്ട് Implant ഓഫീസ് സ്ഥാപിച്ചതോടെ എന്റെ തലയിൽ മറ്റൊരു തൂവൽകൂടി ഞാനറിയാതെ വന്നു ചേർന്നു. അതോടെ അസൂയയുടെ വലിപ്പവും ഏറിക്കൊണ്ടിരുന്നു.

publive-image

(ലേഖകൻ ഹസ്സൻ തിക്കോടി കുവൈറ്റ് എയർവെയ്സ് ചെയർമാൻ ഷെയ്ഖ് തലാൽ അൽ-സബാഹിൽ നിന്നും ഉന്നത സേവനത്തിനുള്ള ഗോൾഡ് മെഡൽ വാങ്ങുന്നു.)

സത്യസന്ധതയും, ആത്മാർത്ഥതയും, ഹാർഡ് വർക്കും സ്മാർട്ട്നസ്സുമാണ് ഏതൊരാളെയും ഉയരങ്ങളിലേക്കെത്തിക്കുന്നതിനുള്ള പാരാമീറ്റർ. ഏവിയേഷനിൽ എനിക്കിതൊക്കെ സഗൗരവത്തോടെ പഠിപ്പിച്ച എന്നെ അസൂയാർഹമായ ഉയരങ്ങളിലേക്ക് ഉയർത്തി കൊണ്ടുവന്ന “ഇമാദ് അഖിൽ” എന്നെ എന്നും സഹോദരതുല്യനായി പരിരക്ഷിച്ചു.

“സാന്റാ ഫെ”യിലും ഓഫീസ്

അതിനിടയിൽ മറ്റൊരു അമേരിക്കൻ കമ്പനിയായ “സാന്റാ ഫെ” ഓയിൽ ഡ്രില്ലിങ് പ്രവർത്തനം ഏറ്റെടുത്തിരുന്നു. അവരുടെ റിഗ്ഗിൽ ജോലി ചെയ്യുന്നവരുടെ യാത്രകൾ കൈകാര്യം ചെയ്തിരുന്നത് കെ.എൽ.എം. (KLM) എന്ന ഡച്ചു വിമാനകമ്പനിയായിരുന്നു ആ വിമാനകമ്പനിയുടെ കുവൈറ്റിലെ മാനേജർ എന്റെ അനുജൻ കൂടിയായ നാസിർ ബാത്തയാണ്. റിഗ്ഗിലെ തൊഴിലാളികളുടെ യാത്ര ഏറെ പ്രയാസമുണ്ടാക്കുന്നതായിരുന്നു. തുടർച്ചയായ പതിനാലു ദിവസം അല്ലെങ്കിൽ ഇരുപത്തൊന്നു ദിവസം അവർ റിഗ്ഗിൽ തന്നെയായിരിക്കും. അതിനുശേഷം ഇരുപത്തൊന്നു ദിവസത്തെ “വിശ്രമാവധി” നിർബന്ധമാണ്.

അവർ റിഗ്ഗിൽ നിന്നും കയറുക വൈകുന്നേരം ആറു മണിക്കാണ്. തുടർന്ന് അടുത്ത ആറു മണിക്കൂറിനുള്ളിൽ അവരെ എയർപോർട്ടിൽ എത്തിച്ച് ഏറ്റവും ആദ്യത്തെ വിമാനത്തിൽ സ്വന്തം നാട്ടിലെത്തിക്കണം. സാന്റാ ഫെയും കെ.ഓ.സിയും തമ്മിലുള്ള കരാർ ലങ്കിക്കാൻ പാടില്ല. റിഗ്ഗിലെ ക്രൂ ചേഞ്ച് എല്ലാ ദിവസവും നടക്കും. അതുകൊണ്ടുതന്നെ യാത്രകൾ എല്ലാ ദിവസവും നിർബന്ധമായും ഉണ്ടാവും.ഓരോ ബാച്ചിലും അമ്പതോ അറുപതോ യാത്രക്കാരുണ്ടാവും. അമേരിക്കയിലേക്കുള്ള യാത്രക്ക് അവർക്കു ഏറ്റവും സൗകര്യം KLM മാത്രമാണ്. അവരുടെ ഡിപ്പാർചർ അർദ്ധരാത്രിക്കു ശേഷം 2 മണിക്കാണ്.അതേസമയം കുവൈറ്റ് എയർവൈസ് രാവിലെ 10.30-നും . കരാർ പ്രകാരം റിഗ്ഗിലെ ജോലിക്കാർക്ക് കുവൈറ്റ് എയർവെയ്സിന് യാത്ര ചെയ്യാൻ അസൗകര്യങ്ങൾ ഏറെയാണ്.

നാസ്സിറും ഞാനും ഒരുമിച്ചാണ് താമസിച്ചതെങ്കിലും ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ബിസിനസ്സ് കാര്യങ്ങൾ ഞങ്ങൾ പങ്കുവെക്കാറില്ല. എന്നാൽ സാന്റഫെയുടെ ഫുൾ റെവന്യൂ KLM-നു മാത്രമാവുന്നതിന്റെ തെറ്റും ശെരിയും ഞങ്ങൾ ചർച്ച ചെയ്തു. ഒടുവിൽ റിട്ടേൺ ട്രിപ്പ് കുവൈറ്റ് എയർവെയ്സിലായിരുന്നാൽ അവരുടെ ക്രൂ ചേഞ്ച് വളരെ എളുപ്പമാവും. അങ്ങനെ വരുമ്പോൾ റെവന്യൂ ഷെയറിങ് വഴി രണ്ടു പേർക്കും അവരവരുടെ മാർക്കറ്റ് ഷെയർ ഉറപ്പിക്കാം. സാന്റാ ഫെ ആവശ്യപ്പെട്ട implant ഓഫീസ് കുവൈറ്റ് എയർവെയ്സ് അവരുടെ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്യാം. അന്നത്തെ റീജിണൽ ഡയറക്ടർ സൗദ് അൽ-മുകൈസീം പദ്ധതി അംഗീകരിക്കുകയും സാന്റാ ഫെയുടെ ബിസിനസ്സ് ഉറപ്പിക്കുകയും ചെയ്തു. അതിവിദഗ്ദരായ രണ്ടു ടിക്കറ്റിങ് സ്റ്റാഫിനെ സാന്റാ ഫെ ഓഫീസിൽ നിയമിച്ചു. കാരണം വളരെയധികവും കോംപ്ലിക്കേറ്റഡ് റൂട്ടിംഗ് ആയിരുന്നു സാന്റാ ഫെയുടേത്.

നിശബ്ദനായ കൊലയാളി :

ഒരു ദിവസം അതിരാവിലെ ഇമാദിന്റെ സിക്രട്ടറി എന്നെവിളിച്ചു പറഞ്ഞു “മിസ്റ്റർ ഇമാദ് വാൻടു മീറ്റ് യു അർജെന്റിലി….” രാവിലെ തന്നെ ഞാൻ ഓഫീസിൽ എത്തി. പതിവ്പോലെ സൗമ്യതയില്ലാതെ വളരെ ഗൗരവത്തിലായിരുന്നു ഇമാദിന്റെ സംസാരം. ഹെഡ് ഓഫിസ് വേൾഡ്വൈഡ് ടാർഗറ്റ് വർധിപ്പിച്ചിരുന്നു. കുവൈറ്റിന്റെ മാത്രമായ ഷെയറിലെ വർദ്ധനവ് എങ്ങനെ നികത്തും എന്നതായിരുന്നു ഇമാദിന് പങ്കിടാനുള്ള വിഷയം. തൊട്ടാടുത്ത ദിവസം തന്നെ ഒരു സെയിൽസ് മീറ്റിംഗ് വിളിക്കാനും എല്ലാവരുടെയും അഭിപ്രായം അറിയാനും തീരുമാനിച്ചു. പുതിയ പ്രൊജക്റ്റ് അടുത്ത ദിവസത്തെ മീറ്റിംഗിൽ അവതരിപ്പിക്കാനും എന്നോട് കർശനമായി പറഞ്ഞുകൊണ്ട് ഞങ്ങൾ പിരിഞ്ഞു.

റൂമിൽനിന്നിറങ്ങി വരുമ്പോൾ സിക്രട്ടറി ചിരിച്ചുകൊണ്ട് ചോദിച്ചു.”

”യു ഗോട്ട് എനതർ പ്രൊജക്റ്റ്…..ഹി വിൽ നെവർ ലീവ് യു ഫ്രീ….”

അവളനുഭവിക്കുന്ന വർക്ക് ലോഡിനെ കുറിച്ച് എന്നോട് പലപ്പോഴും പരാതിപ്പെടാറുണ്ട്. ഒരു മിനിറ്റുപോലും വെറുതെ ഇരിക്കാൻ ഇമാദ് അവളെ അനുവദിക്കാറില്ല. അത്രക്കും കർക്കശമായിരുന്നു അദ്ദേഹത്തിന്റെ വർക്കിങ് നേച്ചർ. താഴെ സെയിൽസ് ഓഫീസിൽ ഇടയ്ക്കിടെ പോയിനോക്കുന്നതിനാൽ സ്റ്റാഫിനെല്ലാം ഇമാദിനെ പേടിയായിരുന്നു. ഇമാദിന്റെ സൂക്ഷമമായ കൃത്യ നിർവഹണത്തിൽ വിട്ടുവീഴ്ച്ചക്കിടമില്ലായിരുന്നു. ഇത്രയേറെ കർമ്മനിരതനായ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ജ്ഞാനിയും വർക്ക്ഹോളിക്കുമായ ഒരറബി രക്തം അയാളുടെ സിരകളിലൂള്ളത് കൊണ്ടാവാം വിശാലമായ കാഴ്ചപ്പാടോടെ വിമാനകമ്പനിയെ നിയന്ത്രിക്കുന്നത്.

അന്ന് വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു. ചടുലമായ ഉപദേശങ്ങൾ നൽകിയ ഇമാദിന്റെ “ടാർഗറ്റ് അച്ചീവ്മെന്റ് പ്രോജക്ടിനെ” കുറിച്ചുള്ള ചിന്തകൾ എന്നെ അലോസരപ്പെടുത്തുണ്ടായിരുന്നു. കുവൈറ്റിൽ പുതിയ പ്രൊജെക്ടുകൾ വളരെ കുറവായതിനാൽ പുതിയ ടാർഗറ്റ് ഞങ്ങൾക്ക് വെല്ലുവിളിയായിത്തീർന്നു.

രാത്രിയിൽ തുരുതുരെ എന്റെ ഫോൺ അടിച്ചുകൊണ്ടിരുന്നു. അലസമായി അതിലേക്കു നോക്കിയപ്പോൾ അത് ഇമാദിന്റെ സിക്രട്ടറിയായിരുന്നു. ഫോൺ എടുത്തതോടെ മറുതലക്കൽ ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ടിരുന്നു അവൾ. ഞാൻ ആവർത്തിച്ചു ചോദിച്ചു, “വൈ ആർ യു ക്രയിങ്”. അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് പറഞ്ഞു: “ഹസ്സൻ അവർ ഇമാദ് ഈസ് നോ മോർ...ഹി ഡൈഡ് ആൻ ഹവർ എഗോ……” അവളുടെ വാക്കുകൾക്ക് ഇടിമിന്നലിന്റെ ഗാംഭീര്യമുണ്ടായിരുന്നു. എന്റെ ഹൃദയത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റായിരുന്നു അവളുടെ വാക്കുകൾ. മറുത്തൊന്നും ചോദിക്കാനാവാതെ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടനാഴിയിൽ ഞാൻ തപ്പിത്തടഞ്ഞു. സിറ്റിയിലെ ഹോസ്പിറ്റൽ വരെ ഡ്രൈവ് ചെയ്യാനുള്ള മനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അനുജൻ നാസിർ വീട്ടിലുണ്ടായതിനാൽ അവനോടൊപ്പം തളർന്ന മനസ്സുമായി ഞാൻ പോയി.

അൽ-അമീരി ഹോസ്പിറ്റലിന്റെ കോറിഡോറിൽ ഞങ്ങളുടെ കൂടെ ജോലിചെയ്യുന്ന പലരും മൂകരായിരിപ്പുണ്ട്. ഇമാദിന്റെ ഭാര്യ ചെയർമാന്റെ സിക്രട്ടറി കൂടിയാണ്. അവർ ഐ.സി.യു.വിനു പുറത്തു ഒരു ബെഞ്ചിൽ അവശയായി തളർന്നിരിക്കുന്നു. കൂടെ അമ്മയും മറ്റുമുണ്ട്. ഞാൻ സഹപ്രവർത്തകരോട് വിവരങ്ങൾ തിരക്കി.

ഞാൻ പോയശേഷം മറ്റു പല സഹപ്രവർത്തകരെയും വിളിച്ചു പുതിയ ടാർഗറ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. പതിവുപോലെ എല്ലാവരും പോയശേഷം ആ മുറിയിൽ ഇമാദ് തനിച്ചായിരുന്നു. ഗഹ്വയും സിഗരറ്റും ബക്കർ എന്ന ഓഫീസ് പ്യൂൺ കൊടുത്തുകൊണ്ടിരുന്നു. ഏകദേശം എട്ടു മണിയോടെ ബക്കർ വീണ്ടും ഗഹ്വയുമായി മുറിയിൽ കടന്നപ്പോൾ ഇമാദ് മേശയിൽ മുഖം അമർത്തിഉറങ്ങും പോലെ കിടന്നു. ഇത് പതിവില്ലാത്തതാണെന്നു മനസ്സിലാക്കിയ ബക്കർ ഇമാദിനെ പലവുരു വിളിച്ചു. ഉണരാത്ത ഉറക്കത്തിലായിരുന്നു ഇമാദെന്നു അവനറിഞ്ഞില്ല. സ്വന്തം കർമ്മവേദിയിൽതന്നെ ജീവിതം അവസാനിക്കാനായിരുന്നു ഇമാദിന്റെ വിധി. ഒരിക്കലും തെറ്റാത്ത കൃത്യതതയും നൈപുണ്യവും ജീവിതത്തിൽ കാത്തുസൂക്ഷിച്ചിരുന്നു ഇമാദ്. അദ്ദേഹത്തിന്റെ സ്നേഹ സമ്പർക്കത്തിന്റെ സാമീപ്യം എനിക്കെന്നും ഓർത്തെടുക്കാനുള്ള അമൂല്യ നിധിയാണ്. നിശ്ശബ്ദനായ കൊലയാളി ആ മുറിയിൽ ഒരു കോമാളിയെപോലെ കയറിവന്നത് മറ്റാരും കണ്ടില്ല. (തുടരും).

ഹസ്സൻ തിക്കോടി, 9747883300 email: hassanbatha@gmail.com.

Advertisment