രചന

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

Sunday, July 18, 2021

ഹസ്സൻ തിക്കോടി

ബസ് യാ ബഹർ (കടലേ മതിയാക്കൂ!)-9

ആദ്യമായാണ് ഒരു അറബിക് സിനിമ കാണാൻ പോവുന്നത്. ഹ്രസ്വകാലത്തേക്ക് കുവൈറ്റിൽ എത്തിയ പ്രസിദ്ധ സാഹിത്യകാരൻ കെ.ൽ.മോഹനവർമയും കൂടെ ഉണ്ടായിരുന്നു. അദ്ദേഹം താമസിച്ച ഹവല്ലിയിലെ ആന്തലസ് തീയേറ്ററിലായിരുന്നു “ബസ് യാ ബഹറിന്റെ” പ്രദർശനം.

“ഹസ്സൻ, സബ് ടൈറ്റിൽ ഇല്ലെങ്കിൽ കഥ പറഞ്ഞുതരണം .എനിക്ക് അറബി ഒന്നും മനസ്സിലാകത്തില്ല ” വർമ്മ പറഞ്ഞു.

“വർമ്മാജി. ഹിന്ദി അറിഞ്ഞിട്ടാണോ നമ്മളൊക്കെ ചെറുപ്പത്തിൽ ഹിന്ദി സിനിമ കണ്ടത്, നമുക്ക് ശ്രമിക്കാം….റിവ്യൂ കേട്ടിടത്തോളം കടലുമായി ബന്ധപ്പെട്ട കഥയാണെന്നാ തോന്നുന്നത്. ഏതായാലും ഒരു കുവൈറ്റിയുടെ ആദ്യത്തെ സംരംഭമെല്ലെ …..”

പടം കാണുംമുമ്പേ എന്റെ അഭിപ്രായം പറഞ്ഞു
“അപ്പൊ തഴകിച്ചേട്ടന്റെ ചെമ്മീനിനെ പോലെയായിരിക്കുമോ?”

“ഹെമിങ്വേയുടെ കിഴവനും കടലും ആയിക്കൂടെന്നില്ല……”

പണ്ടെപ്പോഴോ വായിച്ച “കിഴവനും കടലും” എന്ന നോവലും അതിലെ സാന്തിയാഗോ എന്ന കിഴവനെയും ഒരു നിമിഷം ഓർത്തുപോയി.

“നിങ്ങൾക്കെന്നെ കൊല്ലാം പക്ഷെ നശിപ്പിക്കാനാവില്ല”. മനുഷ്യ വംശത്തിന്റെ പ്രതിനിധിയെ അവതരിപ്പിച്ച ഹെമിങ്വേയുടെ കഥാപാത്രമായ സാന്തിയാഗോവിന്റെ എൺപത്തിനാല് ദിവസം നീണ്ടുനിന്ന കടൽ പോരാട്ടത്തിന്റെ തീർവ്രമായ കഥ. ഒടുവിൽ മെർലിൻ എന്ന പടുകൂറ്റൻ മത്സ്യത്തോട് മല്ലിട്ടെങ്കിലും ഒന്നും നേടാനായില്ല. വെറുംകൈയോടെ തിരിച്ചെത്തിയ കിഴവൻ മുക്കുവനെ സ്വീകരിക്കാൻ ഒരു ഗ്രാമം മുഴുവനും ആ കടൽത്തീരത്തുണ്ടായിരുന്നു.

ആ ഗ്രാമം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ മീനിന്റെ അവശേഷിച്ച എല്ലിൻ കൂട്ടമാണ് വലയിൽ ബാക്കിയായതെന്നറിഞ്ഞപ്പോഴും കിഴവൻ നിരാശനായില്ല. എൺപത്തിമൂന്നു ദിവസം മിനക്കെട്ടിട്ടും ഒരു പൊടിമീനിനെ പോലും അയാൾക്ക് കിട്ടിയിരുന്നില്ല, അവസാനം എണ്പത്തിനാലാം ദിവസം കിട്ടിയ മെർലിൻ എന്ന പടുകൂറ്റൻ മത്സ്യം കരക്കടുത്തപ്പോഴേക്കും അസ്ഥിക്കൂടമായി മാറിയിരുന്നു. എന്നിട്ടും നൈരാശ്യം അയാളുടെ മുഖത്തുണ്ടായിരുന്നില്ല. ഓരോ ദിവസവും അയാളുടെ ആവേശവും മീൻ പിടിക്കാനുള്ള ഉത്സാഹവും ഏറിവരികയായിരുന്നു. “മനുഷ്യനെ തോൽപ്പിക്കാനാവില്ല കൊല്ലനെ കഴിയൂ” എന്ന ആശയമാണ് സാന്തിയാഗോവിലൂടെ ഹെമിങ്വേ ലോകത്തെ പഠിപ്പിച്ചത്.

കടലേ, ശാന്തമാവൂ.

കടലിന്റെ സൗമ്യഭാവവും രൗദ്രഭാവവും കണ്ടു വളർന്നവരാണ് പഴയകാല കുവൈത്തികൾ, കടലിനെ സഹർഷം സ്നേഹിച്ചവരും. ഭൂമിക്കടിയിലെ കറുത്തപൊന്ന് കണ്ടുപിടിക്കുംവരെ അവരുടെ ജീവിതായോധനം മീൻ പിടിക്കലും മുത്തുവാരലുമായിരുന്നു. കടലിന്നടിയിൽ ഒളിപ്പിച്ചുവെച്ച പവിഴപുറ്റുകളും മുത്തുച്ചിപ്പികളും വാരിയെടുത്തു അവർ കച്ചവടം നടത്തി.

പണ്ടുകാലം മുതലേ കടൽ ജീവിതവുമായി ഇടപഴകിയതുകൊണ്ടാണ് പുതിയ തലമുറയിലെ ഖാലിദ് അൽ-സിദ്ദീഖി എന്ന യുവ സംവിധായകൻ കുവൈറ്റികളുടെ കടൽജീവിതം ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചത്.

കലയും സാഹിത്യവും കുവൈറ്റികളുടെ ജീവിതത്തിൽ അന്തർലീനമായിരിക്കുന്നതിന്റെ ഏറ്റവും ആദ്യത്തെ സംഭാവനയാണ് ഖാലിദ് സിദീഖിയുടെ “ബസ് യാ ബഹർ’ എന്ന അറബിക് (കുവൈറ്റി) ചിത്രം. ലോകത്തിൽ നാലാം സ്ഥാനമാണ് അറബി ഭാഷക്കുള്ളത്. നാലാം നൂറ്റാണ്ടുമുതൽക്കുതന്നെ കഥയും കവിതയും അറബി സാഹിത്യത്തിൽ ഇടംപിടിച്ചിരുന്നു. “മുഅല്ലഖ”കൾ എന്നറിയപ്പെട്ട അറേബ്യൻ കവിത സമാഹാരം രചിക്കപ്പെട്ടത് ഡാർക്കേജ് യുഗത്തിലാണ്.

മുഹമ്മദ് നബിയുടെ നുബുവ്വത്തിനു (പ്രവാചക നിയോഗം) ശേഷമാണു അറബി ഭാഷ ലോകത്താകമാനം അറിയപ്പെട്ടതും എഴുത്തും വായനയും പ്രചുരപ്രചാരമായതും. ഖുർആനും പ്രവാചക വചനങ്ങളും രേഖപ്പെടുത്തിയതിന്റെ സവിശേഷതയാണ് ഇസ്ലാമിക കാലഘട്ടം. അറബികളുടെ യാത്രാവിവരങ്ങളും, ഗദ്യങ്ങളും, കവിതകളും, നാടകങ്ങളും ധാരാളമായി വികാസം പ്രാപിച്ചത് അബ്ബാസിയ കാലഘട്ടത്തിലായിരുന്നെന്നു ചരിത്രം രേഖപ്പെടുത്തുന്നു.
1948-ൽ തന്നെ യുനസ്കോയുടെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അറബി ഭാഷയെ പ്രഖ്യാപിച്ചു. പിന്നീട് 1973-ൽ ഐക്യരാഷ്ട്ര സഭയും അവരുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.

(ഖാലിദ് അൽ-സിദ്ദീഖി, കുവൈത്തി – നിർമാതാവ്,സംവിധായകൻ)

അഭ്രപാളിയിലെത്തിയ ആദ്യ കുവൈത്തി കഥ:

ഹെമിഗ്വേയുടെ കിഴവനും കടലും എന്ന ചെറു നോവലിൽ എഴുപത്തിയഅഞ്ചു വയസ്സ് പിന്നിട്ട സാന്തിയാഗോ തന്റെ കുലത്തൊഴിലായ മീൻ പിടുത്തത്തിനായി കടലിൽ പോയെങ്കിലും രൗദ്ര സമുദ്രം അയാൾക്ക് ഒന്നും കൊടുക്കാതെ എൺപത്തിമൂന്നു ദിവസം മടക്കിയയച്ചു.

പക്ഷെ സിദ്ദിഖികയുടെ “മുസൈദ്” തന്റെ കാമുകി “നൂറയെ” സ്വന്തമാക്കണമെങ്കിൽ അവളുടെ പിതാവ് ആവശ്യപ്പെട്ട ധാരാളം പണം കൊടുക്കേണ്ടിയിരുന്നു. മുസൈദിന്റെ ബാപ്പയാവട്ടെ മീൻപിടിത്തത്തിനിടയിൽ സ്രാവുകൾ ഉപദ്രവിച്ചതിനാൽ വിശ്രമത്തിലാണ്.

കടലിന്റെ സ്വഭാവം നന്നായറിയുന്ന ബാപ്പ മകനെ വിലക്കിയെങ്കിലും മുസൈദിന് നൂറയെ കല്യാണം കഴിക്കണമെങ്കിൽ കടലിൽ പോയി പണമുണ്ടാക്കാതെ മറ്റൊരു മാർഗ്ഗമുണ്ടായിരുന്നില്ല. കച്ചവടക്കാരനും മർക്കടമുഷ്ടിക്കാരനുമായ നൂറായുടെ ബാപ്പ പണം കിട്ടാതെ മകളെ മുസൈദിന് കല്യാണം കഴിച്ചുകൊടുക്കില്ലന്നു വാശിപിടിച്ചു. (ഇസ്ലാം മതാചാരപ്രകാരം പുരുഷനാണ് പെണ്ണിന് ധനം-മഹർ കൊടുക്കേണ്ടത്)

ഒടുവിൽ മുസൈദിന്റെ ബാപ്പ തന്റെ വള്ളവും മുങ്ങൽ ഡ്രസ്സും കൊടുത്തുകൊണ്ട് മകനെ മുത്തുവരാൻ കടലിൽ പോവാൻ അനുവദിച്ചു. ആഴക്കടലിൽ ഒരുപാട് നാൾ പോയെങ്കിലും ആവശ്യമായ മുത്തുകൾ കിട്ടിയില്ലെന്നു മാത്രമല്ല അവന്റെ കൈ ഒരു വലിയ ചിപ്പിയുടെ വായിൽ കുടുങ്ങിയതിനാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ആ കൈ മുറിച്ചുമാറ്റേണ്ടിവന്നു. എന്നിട്ടും ധീരനായ മുസൈദ് തന്റെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. നൂറായ സ്വന്തമാക്കാൻ!

മുസൈദിന്റെ അഭാവത്തിൽ കച്ചവടക്കാരനായ നൂറായുടെ ബാപ്പ തന്റെ മകളെ വലിയ പണക്കാരനായ കിഴവൻ അറബിയെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. കിഴവൻ കല്യാണ രാത്രിയിൽത്തന്നെ നൂറയെ ബലാൽസംഗം ചെയ്ത വിവരം സുഹൃത്തു മുസൈദിനെ അറിയിച്ചു. അവൻ ആകെ തളർന്നുപോയിരുന്നു.

ദിവസങ്ങൾ ഏറെകഴിഞ്ഞെങ്കിലും മുസൈദ് പരാജയപ്പെടാൻ തയ്യാറായില്ല. അവൻ ധരാളം മുത്തുച്ചിപ്പികൾ വാരിക്കൂട്ടി. മുസൈദ് വാരിക്കൂട്ടിയ മുത്തുച്ചിപ്പികൾ ഓരോന്നായി അവന്റെ സുഹൃത്ത് പൊളിച്ചു നോക്കിയയപ്പോൾ അതിലൊന്നിൽ ദാ കിടക്കുന്നു വലിയൊരു മുത്ത്. അപ്പോഴേക്കും മുസൈദ് അവശനായിരുന്നു.

ആഴക്കടലിലെ ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ സുഹൃത്ത് വള്ളം തുഴഞ്ഞെത്തുമ്പോൾ മകനെ സ്വീകരിക്കാൻ ഉമ്മയും നാട്ടുകാരും കരക്കെത്തിയിരുന്നു. ആ ഗ്രാമത്തിനു അതൊരു ആഘോഷമായിരുന്നു. ഒരു പക്ഷെ മുസൈദിന്റെ മരണത്തിനുമുമ്പ്തന്നെ ഈ വള്ളവും മുത്തും കരക്കെത്തിയിരുന്നെങ്കിൽ നൂറയെ സ്വന്തമാക്കാമായിരുന്നെന്ന സുഹൃത്തിന്റെ ആത്മഗതം.

എന്നാൽ ആ ഗ്രാമവാസികൾക്ക് കാണാനായത് മുസൈദിന്റെ മയ്യത്തും വിലപിടിപ്പുള്ള “മുത്തുമായിരുന്നു”. അവന്റെ ഉമ്മയുടെ കൈയിൽ കൊടുത്ത വിലപിടിച്ച “മുത്ത്” ഒരാക്രോശത്തോടെ, അടക്കാനാവാത്ത വേദനയോടെ കടലിലേക്ക് വലിച്ചെറിയുമ്പോൾ ഉമ്മ പറഞ്ഞു : “ബസ് യാ ബഹർ” , കടലേ മതിയാക്കൂ…….നിന്റെ ക്രൂരത മതിയാക്കൂ….ബസ് യാ ബഹർ………” അവർ കരഞ്ഞുകൊണ്ട് അതാവർത്തിച്ചു….ഉയർന്നു പൊങ്ങുന്ന തിരമാലകളുടെ ആരവത്തിൽ ഉമ്മയുടെ കരച്ചിലിന്റെ ശബ്ദം നേർത്ത് നേർത്തില്ലാതായി.

ഇന്ത്യയുമായുള്ള ബന്ധം

സിനിമ കണ്ടിറങ്ങുമ്പോൾ സംതൃപ്തിയോടെ വർമ്മ പറഞ്ഞു:
“നമുക്ക് ഇയാളെ ഒന്ന് കാണാൻ പറ്റുമോ?…സിനിമ നന്നായി ചെയ്തിട്ടുണ്ട്, ഹി ഈസ് വെരി ബ്രില്യന്റ്……”

സിറ്റിയിലെ നാലാം നമ്പർ കൊമേർഷ്യൽ ബിൽഡിങ്ങിലായിരുന്നു ഓഫീസ്. ഹൃദ്യമായ സ്വീകരണം. പക്ഷെ കുവൈറ്റി പാരമ്പര്യത്തിന്റെ ഔപചാരികതകളൊന്നും അവിടെ ഇല്ലായിരുന്നു. ചുമരുകളിൽ സ്വന്തം സിനിമയുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. സാധാരണപോലെ അടുക്കും ചിട്ടയുമില്ലാത്ത ഓഫീസ്, അടുത്ത വിശാലമുറി സ്റ്റുഡിയോ ആയി ഉപയോഗിക്കുന്നു. കുവൈറ്റിന്റെ പേരിനും പെരുമക്കും തിലകക്കുറി ചാർത്തിയ ഒരു യുവാവിന്റെ ആഢ്യത്തിന്റെയും അഹംഭാവത്തിന്റെയും സകല ലക്ഷണങ്ങളും ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.

“ഞാൻ ജനിച്ചത് കുവൈറ്റിലാണെങ്കിലും പഠിച്ചതും വളർന്നതും ഇന്ത്യയിലാണ്. ബാപ്പ ബോംബയിൽ കച്ചവടക്കാരനായിരുന്നു. അവിടുന്നാണ് സിനിമയിൽ കമ്പം കയറിയത്….പൂനയിൽപോയി സിനിമ പഠിച്ചു. ഇന്ത്യയോടും ഇന്ത്യക്കാരോടും സ്നേഹവും ബഹുമാനവുമുണ്ട്…….പക്ഷെ……” ഖാലിദ് പറഞ്ഞു നിർത്തി. ഒരു നേരിയ മൗനത്തിനുശേഷം ദീർഘനിശ്വാസത്തോടെ അയാൾ തുടർന്ന്.

“1977-ൽ ഇന്ത്യയോടുള്ള എന്റെ സ്നേഹം നഷ്ടപ്പെട്ടു. എന്റെ ആദ്യചിത്രത്തെ ലോകത്തിലെ മിക്ക രാജ്യങ്ങളും അംഗീകരിച്ചു. ഒൻപതു അവാർഡുകൾ കരസ്ഥമാക്കി. എണ്ണപ്പണത്തിന്റെ ശക്തികൊണ്ടായിരുന്നില്ല അതൊക്കെ നേടിയത്. സിനിമയിൽ കൗതുകവും കലയും ഉള്ളതുകൊണ്ടാണ്…..”

ഞാനും വർമ്മയും കേൾവിക്കാർ മാത്രമായി. ഖാലിദ് വാചാലനായി, തെല്ലു ഗൗരവവും സങ്കടവും ആ വാക്കുകളിൽ പ്രതിഫലിച്ചു.

(മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി)

“1976-ലെ ഡൽഹി ചലച്ചിത്ര മേളയിൽ എന്റെ ചിത്രം പ്രദർശിപ്പിച്ചു. അന്ന് നിങ്ങളുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള ഒരഭിമുഖത്തിൽ ഇന്ത്യയിലുടനീളം എന്റെ ചിത്രം പ്രദർശിപ്പിക്കാൻ അവസരമൊരുക്കുമെന്നു വാഗ്ദാനം തന്നു. അവർക്കു കുവൈറ്റിനോട് അത്രമേൽ സൗഹൃദമായിരുന്നു. മാസങ്ങൾ കഴിഞ്ഞു. ഭരണം മാറി. ഇന്ദിരാഗാന്ധി തോറ്റു. പിന്നീട് പലതവണ ഫിലിം സൊസൈറ്റിയോട് ആവർത്തിച്ചു പറഞ്ഞെങ്കിലും അവർ എന്റെ ഫിലിം വാങ്ങിയില്ല…..എന്നെ അവർ വല്ലാതെ അവഗണിച്ചു.” വേദനയോടെ അദ്ദേഹം കൂട്ടിച്ചേർത്തു:

“വേണമെങ്കിൽ എനിക്ക് പലതും ചെയ്യാമായിരുന്നു. ചുരുങ്ങിയത് കുവൈറ്റിലേക്ക് വരുന്ന നിങ്ങളുടെ ഹിന്ദി സിനിമകൾ തടഞ്ഞു നിർത്താമായിരുന്നു. പക്ഷെ, ഞാനൊരു കലാകാരനാണ്. പഠിച്ചതും വളർന്നതും ഇന്ത്യയിലാണെന്നു പറഞ്ഞല്ലോ, ആ കൂറും സ്നേഹവും ഇന്നും എന്നെ ഭരിക്കുന്നുണ്ട്…..ഇന്ത്യയിൽ വന്നു പടമെടുക്കാൻ പ്ലാനുണ്ടായിരുന്നു. ഞാനതുപേക്ഷിച്ചു…വീണ്ടും അവഹേളനം ഏറ്റുവാങ്ങാൻ ഞാൻ തയ്യാറില്ല. എന്റെ രണ്ടാമത്തെ സിനിമ എടുത്തത് സുഡാനിൽ വെച്ചാണ്. അത് പറഞ്ഞുകൊണ്ട് പുതിയ പടത്തിന്റെ കുറെ ബ്രോഷർ ഞങ്ങൾക്ക് തന്നു.

ഒരു സുഡാനി ബാലന്റെ കല്യാണം:

സുഡാനി നോവലിസ്റ്റായ അൽ-തയാബ് സാലിഹിന്റെ രണ്ടാമത്തെ നോവലാണ് “ദി വെഡിങ് ഓഫ് സൈൻ” (The wedding of Zain). ദരിദ്ര രാജ്യമായ സുഡാനിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് അൽ-തയാബ്. ഒരുപക്ഷെ മാജിക്കൽ റിയലിസത്തിലൂടെ കഥ പറയുന്ന ആദ്യത്തെ അറബി നോവലിസ്റ്റും.

ലാറ്റിൻ-അമേരിക്കൻ സാഹിത്യവുമായി ബന്ധപ്പെടുത്തി വിചിത്രവും വിശ്വസിക്കാൻ പ്രയാസം നോന്നുന്നതുമായ കാര്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു അൽ-തയാബ്. പക്ഷെ ഖാലിദ് അൽ-സിദിഖി അത് അഭ്രപാളിയിലെത്തിച്ചപ്പോഴേക്കും നോവലിന്റെ ഒഴുക്കും ചാരുതയും നഷ്ടപ്പെടുത്തി.

മാജിക്കൽ റിയലിസത്തിന്റെ കുലപതിയായ ഗബ്രിയേൽ മാർക്കേസ് തന്റെ വിശ്വവിഖ്യാത കൃതിയായ “ഏകാന്തതയുടെ നൂറു വർഷങ്ങൾ” ചലച്ചിത്രമാക്കൻ വിമുഖത കാണിച്ചത് നോവലിന്റെ ആലേഖന ഭംഗി നഷ്ട്ടപ്പെടുമെന്ന ഭയത്തിലായിരുന്നു. എന്നാൽ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ സിനിമയാക്കാനുള്ള അനുമതി പത്രത്തിൽ ഒപ്പിട്ടത് 2019-ലാണ്.

“സൈൻ” എന്ന ബാലനിലൂടെയാണ് കഥ കൊണ്ടുപോവുന്നത്. അവൻ ആ കൊച്ചു ഗ്രാമത്തിന്റെ ഉണർവ്വും ഉന്മേഷവുമാണ്. മുൻവശം രണ്ടു പല്ലുകൾ മാത്രമുള്ള ജീവിതകാലം മുഴുവൻ ചിരിച്ചുകൊണ്ട് കഴിയുന്ന ഒരു “വലിയ ബാലൻ”. കഥയിലെ കേന്ദ്ര കഥാപാത്രവും സൈൻ തന്നെ.

അവന്റെ ശബ്ദം കർക്കശവും പരുഷവുമായിരുന്നു. അവൻ വലിയ ഉച്ചത്തിൽ ചിരിക്കുമ്പോൾ അതിനെ “കഴുതച്ചിരി” എന്ന് പുഛത്തോടെ പറയുന്ന ഗ്രാമീണർ. ഒരു ഗ്രാമത്തിന്റെ മുഴുവൻ പുഛവും അവഗണയും സൈനിന്റെ ജീവിതത്തിൽ വരുത്തുന്ന മെറ്റമോർഫോസിസ്. എന്നാൽ അവനില്ലാതെ ആ കൊച്ചു ഗ്രാമമില്ല. അവിടത്തെ എല്ലാവരുമായും സ്നേഹത്തിലും അടുപ്പത്തിലുമായിരുന്നു സൈൻ.

ഗ്രാമത്തിലെ മറ്റു പുരുഷന്മാർക്ക് സുന്ദരികളായ യുവതികളെ തേടിപ്പിടിച്ചു കല്യാണം കഴിപ്പിക്കാനും സൈൻ ഉണ്ടായിരുന്നു. ചാരിത്രം നഷ്ട്ടപ്പെടാത്ത കന്യകകളെ തേടിപ്പിടിക്കുന്നതിൽ സൈൻ കാണിക്കുന്ന ഉത്സാഹത്തിൽ ഗ്രാമീണൻ അവനെ അഭിനന്ദിച്ചു. സൈനിന്റെ അഭിപ്രായത്തിനുശേഷമേ ഗ്രാമത്തിലെ മാതാക്കന്മാർ തങ്ങളുടെ കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുമായിരുന്നുള്ളൂ.

കല്യാണവീട്ടിലെ ഒത്താശക്കാരനും സൈൻ തന്നെയായിരിക്കും. വിറകുവെട്ടാനും, വെള്ളം കോരാനും കൂടാതെ വെപ്പുപുരയിലൂടെ നടന്നു സ്ത്രീകളുമായി കുശലം പറഞ്ഞും അവിടെയുള്ളതൊക്കെ തിന്നുകയും ചെയ്യുന്ന സൈൻ ഇടക്കിടക്ക് തന്റെ ജന്മസിദ്ദമായ രണ്ടു പല്ലുകൾ കാട്ടി അവരോടു ചിരിച്ചട്ടഹസിക്കും.

സൈനിനെ മാത്രം ചുറ്റിപ്പറ്റിയായിരുന്നില്ല ഈ നോവൽ. ഗ്രാമത്തിന്റെ ഓരോ ചലനങ്ങളും ചാരുതകളും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. സുഡാനിലെ മരുഭൂമിയുടെ സൗന്ദര്യം ഒപ്പീയെടുത്തിട്ടുണ്ട്. ഗ്രാമീണ ഭംഗിയിൽ പഴയകാല ഓത്തുപുരയും (മത പഠനം) അവിടത്തെ സ്കൂളിലെ ഹെഡ്മാസ്റ്ററും കുട്ടികളും, സൈനിന്റെ ചങ്ങാതിമാരായ ഹനീനും മഹജൂബും അപ്രധാനമല്ലാത്ത കഥാപാത്രങ്ങളാണ്.

സെനിനിന്റെ ഓരൊ കാര്യത്തിലും ഹനീനിന്റെ ഇടപെടൽ എപ്പോഴും ഒരനുഗ്രഹമായിരുന്നു. ഹനീനിന്റെ പെട്ടെന്നുള്ള തിരോധാനവും ആറേഴുമാസം കഴിഞ്ഞുള്ള തിരിച്ചുവരവും ആ ഗ്രാമത്തിലെ സംസാര വിഷയമായിരുന്നു. ഹനീനിനു ദിവ്യത്വം കിട്ടിയെന്നുകൂടി ഗ്രാമം വിശ്വസിച്ചു. സൈനിനെ ഹനീനിന്റെ ദിവ്യത്വവുമായി അവർ ബന്ധപ്പെടുത്തി.

(തിരിച്ചുവരവിൽ ഹനീനും സൈനും കണ്ടുമുട്ടിയപ്പോൾ)

ആ ഗ്രാമത്തിന്റെ സുന്ദരി “നൈമ” യുമായുള്ള സൈനിന്റെ അടുപ്പമാണ് കഥയുടെ പ്രധാന ഭാഗം. നൈമ സൈനിന്റെ അമ്മാവന്റെ മകളാണ്. വികൃതമായ രണ്ടു പല്ലുകൾ മാത്രമുള്ള സൈനിനു അവളോട് തോന്നിയ പ്രേമത്തെ ഹനീൻ എതിർത്തിരുന്നു. പക്ഷെ സൈൻ അവളെ മാത്രമെ കല്യാണം കഴിക്കൂ എന്ന വാശി കൂടിയാകുമ്പോൾ അൽ-തയാബിലെ നോവലിസ്റ്റ് ഫാന്റസിയിൽനിന്നും അത്ഭുതകരമായ ടിസ്റ്റിലൂടെ ഒരുതരം മാന്ത്രികത വരുത്തിച്ചേർത്തു. മാജിക്കൽ റിയലിസത്തിലൂടെ പിന്നീട് കഥ സഞ്ചരിക്കുന്നു.

പള്ളിയിലെ ഇമാമും വീട്ടുകാരും നൈമയെ സൈനിനെകൊണ്ട് കെട്ടിക്കാൻ തയ്യാറാവുന്നു. കൊച്ചുഗ്രാമത്തിലെ എല്ലാവരും കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. ഗ്രാമീണ കലയും നൃത്തവും ചേർന്നുണ്ടാവുന്ന കല്യാണരാവിൽ വരനായ “സൈനിനെ” കാണാതാവുന്നു. ഗ്രാമത്തലവന്മാർ സൈനിനെ അന്വേഷിച്ചു രാത്രിയുടെ ഇരുട്ടിൽ തപ്പിത്തിരയുന്നു. ഒടുവിൽ പള്ളിയുടെ കബർസ്ഥാനിൽ നിന്നും സൈനിന്റെ കഴുതക്കരച്ചിൽ കേൾക്കുന്നു. അവൻ ഹനീനിന്റെ ശവകുടീരത്തിലിരിക്കുകയായിരുന്നു…………

(അണിയിച്ചൊരുക്കിയ കല്യാണപ്പെണ്ണ് – നൈമ)

ഖാലിദ് സിദ്ദീഖി കഥയുടെ കെട്ടഴിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും മൂകരായിരുന്ന് അതിലെ ഓരോ രംഗംങ്ങളും മനസ്സിൽ കാണുകയായിരുന്നു. ഖാലിദിന്റെ അവതരണം അത്രമേൽ ഉദ്വേഗജനകമായിരുന്നു. അധികമാരും അറിഞ്ഞിട്ടില്ലാത്ത മരുഭൂമിയിലെ പച്ചയായ ജീവിതം സാക്ഷ്യപ്പെടുത്തുകയാണ് മാനുഷികത ഹൃദയത്തിൽ സൂക്ഷിക്കുന്ന ഖാലിദ് എന്ന യുവ കലാകാരൻ. ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച മരുഭൂമിയുടെ മറ്റൊരു വ്യത്യസ്തമായ വിസ്മയ കഥയായിരുന്നു സിദ്ദീഖിയുടെ രണ്ടാമത്തെ ചിത്രം.

പെട്രോഡോളറിന്റെ ഹുങ്കിൽ ഇന്ന് എല്ലാം മാറുകയാണ്. അറബികളുടെ പഴയ കാലജീവിതം ഒട്ടും മാഞ്ഞുപോവാതെ അവരുടെ ഗൃഹാതുരത അഭ്രപാളികളിൽ സന്നിവേശിപ്പിക്കയാണ് ഖാലിദ് സിദ്ദീഖി അദ്ദേഹത്തിന്റെ രണ്ടു ചലചിത്രത്തിലൂടെ ചെയ്തത്. രണ്ടിലും ഒരു അന്വേഷിയുടെ കൗതുകത്തോടെ തന്റെ വിശാലമായ മണൽപ്പരപ്പിൽ ഓർമ്മയുടെ മരുപ്പച്ചകൾ ബാക്കിയിരിപ്പുണ്ടെന്നു അദ്ദേഹം പറയുന്നു. അങ്ങനെ തനിക്കു ജന്മം കിട്ടിയ നാടിന് കഥയുടെയും സിനിമയുടെയും പുതിയ മേച്ചിൽപ്പുറങ്ങൾ തുറന്നുകൊടുക്കുകയാണ് ഈ കുവൈത്തി സംവിധായകൻ.

സ്നേഹവും സമാധാനവും സ്വാന്തനവും ഒരു കലാകാരന്റെ മുഖമുദ്രയായിരിക്കണമെന്ന ഉപദേശത്തോടെയാണ് ഖാലിദ് സിദ്ദീഖി പറഞ്ഞവസാനിപ്പിച്ചത്. ഇറാഖികൾ അധിനിവേശം നടത്തുന്നതിന് മുമ്പുവരെ ഞാനദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. കുവൈറ്റ് എയർവെയ്സിന്റെ ഒന്നുരണ്ടു കൂടിച്ചേരലുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പക്ഷെ അധിനിവേശം മുറിവേൽപ്പിച്ച കുവൈറ്റിൽ തിരിച്ചെത്തിയതിനുശേഷം എനിക്കദ്ദേഹത്തെ കാണാനോ ബന്ധപ്പെടാനോ സാധിച്ചിരുന്നില്ല. കാലം ഒരുപാടു മാറി, ഒപ്പം കുവൈത്തും അവിടത്തെ ജനങ്ങളും. എന്നാലും തേഞ്ഞുമാഞ്ഞു പോവാത്ത ഇത്തിരി ഓർമകളിൽ ഖാലിദ് സിദ്ദീഖിയും അദ്ദേഹത്തിന്റെ സിനിമകളും ഉണ്ടാവും. (തുടരും)

Hassan Tikkodi, phone: 9747883300 email: hassanbatha@gmail.com 18/07/2021.

×