കൊച്ചി: ബെവ്കോയ്ക്ക് മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഉടനടി നടപടിയെടുക്കണം എന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോർപ്പറേഷനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് കല്യാണത്തിന് 10 പേർക്കും മരണത്തിന് 20 പേർക്കും മാത്രമേ പങ്കെടുക്കാവൂ എന്നാൽ ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു.
ബെവ്‌കോയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. എക്സൈസ് കമ്മീഷണർ അനന്തകൃഷ്ണൻ, ബെവ്‌കോ എംഡി എന്നിവർ ഓൺലൈൻ മുഖാന്തരം കോടതിക്ക് മുന്നിൽ ഹാജരായിരുന്നു.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബെവ്കോയ്ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബെവ്കോയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നത് അഞ്ഞൂറോളം പേരാണ്. ഒരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കാതെയാണ് ക്യൂ നിൽക്കുന്നത്. മദ്യവിൽപ്പനയുടെ കുത്തക സംസ്ഥാന സർക്കാരിനാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ സർക്കാർ ഒരുക്കുന്നില്ല. ജനങ്ങളെ ഇക്കാര്യത്തിൽ കുറ്റം പറയാന്‍ കഴിയില്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു.