ഉന്നതവിദ്യാഭ്യാസവും വിവരമില്ലായ്മയും രണ്ടല്ല, ഒന്നാണോ ! കോളേജിൽ പോകാത്ത എംഎൽഎയെക്കുറിച്ച് പറഞ്ഞ മന്ത്രി സ്കൂള്‍ തികയ്ക്കാത്ത മന്ത്രിയെ മറന്നതോ ? അല്‍പം വിദ്യാഭ്യാസ കാര്യങ്ങള്‍ ?

ദാസനും വിജയനും
Saturday, November 2, 2019

മന്ത്രി പറയുന്നു എംഎൽഎ കോളേജിൽ പോകാത്തത് കൊണ്ട് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് . എങ്കിൽ അതേ മന്ത്രി മറ്റൊരു മന്ത്രിയെ പീഡനവിഷയം പറഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് . പീഡനവിഷയം ചർച്ച ചെയ്യാൻ ഈ മന്ത്രീയെന്താ പീഡനത്തിലാണോ ഡോക്ടറേറ്റ് എടുത്തതെന്ന് ആരും ചോദിച്ചു കണ്ടില്ല .

കൂടാതെ ഈ മന്ത്രിയുടെ ഒപ്പം  മന്ത്രിസഭയിൽ ഇലക്ട്രിസിറ്റി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഏത് വിഷയത്തിലാണ് എൻജിനീയറിങ് എടുത്തതെന്ന് വെളിപ്പെടുത്തണം . ഒപ്പം ആരോഗ്യം കൈകാര്യം ചെയ്യുന്ന ആരോഗ്യ മന്ത്രി ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറായത് എന്നും കൂടി ഈ മാർക്ക് ദാന വകുപ്പ് മന്ത്രി വെളിപ്പെടുത്തണം .

ബ്രണ്ണൻ കോളേജിലെ ഊരിപ്പിപ്പിടിച്ച വാളുകൾക്കിടയിലൂടെ വിപ്ലവഗാനങ്ങൾ പാടിനടന്നുകൊണ്ട്  ബിരുദം നേടിയ  മുഖ്യമന്ത്രി മാത്രം ഒന്നും തെളിയിക്കേണ്ട . കാരണം ആ വിഷയം കേരളം കുറെ ചർച്ച ചെയ്തതാണ്. ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരുന്ന കാര്യങ്ങളുമാണ് .

പക്ഷെ ഒരു കാര്യം പറയാതെ വയ്യ : ഒരു മന്ത്രി ഏഷ്യാനെറ്റിലെ അവതാരകനയച്ച വാട്സാപ് മെസേജുകൾ കണ്ടപ്പോൾ എത്ര വിദ്യാഭ്യസവും ഡോക്ടറേറ്റും ഉണ്ടായിട്ടു൦ കാര്യമില്ല, സീതി ഹാജി പറഞ്ഞതുപോലെ ലോകപരിചയവും വിവേകവും ഇല്ലെങ്കിൽ പിന്നെന്ത് കോളേജ്, പിന്നെന്ത് ഡിഗ്രീ, പിന്നെന്ത് ഡോക്ടറേറ്റ് എന്ന് തോന്നിപ്പോയി. കേവലം വിവേക ശൂന്യനായ ഒരാള്‍ക്ക് മാത്രമേ അങ്ങനെയൊക്കെ ചെയ്യുവാന്‍ പറ്റൂ .

അതുപോലെ ഒരാള്‍ക്ക് മാത്രമേ കെഎം ഷാജിപോലുള്ള ഒരാളോട് അങ്ങനെയൊക്കെ പറയുവാൻ പറ്റൂ. ശരിക്കും വിവേകരാഹിത്യത്തിന്‍റെ മൂർദ്ധന്യാവസ്ഥയാണ് നിയമസഭയിൽ കേട്ടത്. ശരിക്കും വിവേകം ഉള്ളവർ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മൗനം വിദ്വാന് ഭൂഷണം എന്ന മാർഗ്ഗമേ സ്വീകരിക്കുകയുള്ളൂ .

നമ്മുടെ മുഖ്യമന്ത്രിപോലും ഇത്തരം അവസരങ്ങളിൽ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മൗനം ഭജിക്കാറുണ്ട് . എന്തിനധികം പറയുന്നു നമ്മുടെ ജയരാജൻ മന്ത്രിയുടെ ഒരൊറ്റ പരാമർശമായിരുന്നു ഈ മന്ത്രിസഭയുടെ വിദ്യാഭ്യാസ വിവര സാങ്കേതിക ജ്ഞാനത്തിന്റെ അളവുകോലായി കേരളം കാണേണ്ടിയിരുന്നത് .

രാഷ്ട്രീയക്കാരുടെ ഭാഷ കടമെടുക്കുകയാണെങ്കിൽ ലേശം ഉളുപ്പ് ഇന്നത്തെ ഉന്നത വിദ്യാഭാസന് ഉണ്ടായിരുന്നങ്കിൽ അന്നേ രാജിവെച്ചു പോകണമായിരുന്നു . എന്നിട്ട് ശശി തരൂരുമൊക്കെയായി ചേർന്നുകൊണ്ട് ഒരു പുതിയ സംസ്കാരം ഇവിടെ സൃഷ്ടിക്കണമായിരുന്നു .

മലബാറിന്റെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ഒരു ആചാരം നിലനിൽക്കുന്നുണ്ട് . ഒരാള്‍ എവിടെയെങ്കിലും പോയി പഠിച്ചു എങ്ങാനും ഒരു എഞ്ചിനീയറോ ഡോക്ടറോ ബിരുദദാരിയോ ആയാൽ പിന്നെ അവരുടെ കാര്യം കഷ്ടം തന്നെയായിരിക്കും . കാരണം ഒരു കല്യാണ വീട്ടിലോ കല്യാണ നിശ്ചയ വീട്ടിലോ നാൽപ്പതു കുളിയുള്ള വീട്ടിലോ അവർ വന്നാൽ പെണ്ണുങ്ങളെല്ലാം ചേർന്ന് അവരെയങ് പൊതിയും .

ചന്ദ്രനിൽ പോയി വന്നവരെപ്പോലെ ഇപ്പറഞ്ഞവരെ അങ്ങ് പൊക്കി പൊക്കി താഴത്തും മേലെയും വെക്കാത്ത അവസ്ഥയിലാക്കും . ഇതിൽ കുറെ പേര് അഹമ്മതികളായി മാറുന്നു . അതിൽപ്പെട്ട ചിലരൊക്കെ പഞ്ചായത്ത് മെമ്പറെങ്ങാനും ആയാൽ പിന്നെ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് .

അപ്പോൾ പിന്നെ അങ്ങനെയുള്ള ഒരാൾക്ക് മന്ത്രിസ്ഥാനം ഒക്കെ കിട്ടിപ്പോയാൽ പിന്നെ എന്തായിരിക്കും അവസ്ഥ. കൊച്ചപ്പന്റെ മകനും മകൾക്കും മരുമകനും ഒക്കെ ജോലിയാകും. ജയിക്കാത്തവർ ജയിക്കും, ജയിച്ചവർ തോൽക്കും . കഠിനമായ വാക്കുകൾ പ്രയോഗിച്ചുള്ള പ്രസംഗങ്ങളും ന്യായീകരങ്ങളും ഒക്കെ നമ്മൾ കേൾക്കേണ്ടിവരും. ഇങ്ങനെയുള്ളവർ എന്നും കാലുമാറ്റക്കാരും അവസരവാദികളും ആയിരിക്കും .

എൺപതുകളിൽ പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് , അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ഏറ്റവും മോശമായ പ്രീഡിഗ്രി ബാച്ച് നടക്കുന്ന കോളേജിൽ ഇങ്ങനെ കുറേയാളുകൾ ഉണ്ടായിരുന്നു . ബുദ്ധി സഞ്ചിയും ഊശാൻ താടിയും കപ്പ പുഴുങ്ങി ചൂടോടെ വായിലിട്ട് സംസാരിക്കുന്നപോലത്തെ കുറെയെണ്ണം .

എന്ത് നമ്മൾ പറഞ്ഞാലും വാദിച്ചാലും അവസാനം നമ്മളെ വിവരമില്ലാത്തവനാക്കി മാറ്റുന്ന ഒരു പ്രവണതയുള്ളവർ . ഒട്ടുമിക്ക സമയവും പെൺകുട്ടികളുമായി കടല വറുത്തുകൊണ്ടിരിക്കുന്ന ( പഞ്ചാരയടി ) അവർക്ക് ഭൂലോകത്തുള്ള എന്തിനെയും കുറിച്ച് എന്തും അറിയാമെന്നുള്ള അഹങ്കാരവും അവരൊഴിച്ചുള്ളവരെല്ലാം കേവലം ഒന്നിനും കൊള്ളാത്തവരാണെന്നുള്ള ധാരണകളൂം .

ഇപ്പോൾ അവരിൽ ചിലരൊക്കെ രക്ഷപ്പെട്ടു. ചിലർ ഗൾഫിൽ . ചിലർ നാട്ടിൽ രാഷ്ട്രീയം ഒക്കെയായി ആളുകളെ പറ്റിച്ചു ജീവിതം കഴിച്ചുകൂട്ടുന്നു .

ഇപ്പോൾ ഈ ഉന്നത വിദ്യാഭ്യാസന്‍ ഏറ്റവും കൂടുതൽ കളികൾ കളിച്ചത് എതിർപാർട്ടിക്കാരുടെ ഭരണത്തിൽ ആയിരുന്നു എന്നതാണ് വസ്തുത . ഒരു ഉദാഹരണം . എടപ്പാളിനടുത്തായി നെൽവയൽ നികത്തിയ ഒരു സ്ഥലത്ത് ഒരു അനധികൃത ആയുർവേദ ആശുപത്രി കം റിസോർട്ട് സ്ഥാപിക്കുവാനുള്ള ലൈസൻസ് സംഘടിപ്പിച്ചുകൊടുത്തത് ഹരിചന്ദ്രനായ ഒരു മന്ത്രിയായിരുന്നു .

അതും അന്നദ്ദേഹം പ്രതിപക്ഷത്തിരിക്കുമ്പോൾ . അദ്ദേഹം ചവച്ചുതുപ്പി ഇറങ്ങിപ്പോന്ന പാർട്ടിയിലെ തന്നെ ഒരു മന്ത്രിയെ നേരിട്ട് വിളിച്ചാണ് ഈ റിസോർട്ടിന്റെ ലൈസൻസ് , വൈദ്യതി എല്ലാം സംഘടിപ്പിച്ചുകൊടുത്തത് . പഴയ ഹരിത എംഎൽഎമാരിൽ ഒരാളായ എംപി കുറെ സമരങ്ങളിലെല്ലാം പങ്കെടുത്തു .

പക്ഷെ ഉന്നതങ്ങളിൽ നിന്നുള്ള എതിർപ്പുകളാലും സ്വന്തം മുന്നണിയിലെ ചിലരുടെ വക്കാലത്തിനാലും സമരങ്ങളൊക്കെ പരാജയപെട്ടു . ഇപ്പറഞ്ഞ കോളേജ് പടി കാണാത്ത ഷാജിയും ഹരിത എംഎൽഎ മാരിൽ ഒരാളെന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇന്നത്തെ കേരളത്തിലെ ഏറ്റവും വലിയ ശാപം കോമ്പ്രമൈസ് ഭരണമാണ്. കണ്ടൽ കാട് വെട്ടിത്തെളിച്ച് ഒരു റിസോർട്ട് പണിയുവാൻ മന്ത്രിയെ സമീപിച്ച ഒരു സുഹൃത്തിനോട് മന്ത്രി പറഞ്ഞത് ‘ഇപ്പോൾ അനങ്ങണ്ട , അടുത്ത ഭരണം മറ്റവന്മാർക്കു കിട്ടുമ്പോൾ ഞാൻ അവരെ പിടിച്ചു ലൈസൻസ് ഒപ്പിച്ചു തരാം എന്ന്. ഇപ്പോൾ ചെയ്താൽ അത് വലിയ പാരയാകും.’

ഇതാണ് കേരളത്തിൽ നടക്കുന്നത് . അത് മാർക്കിന്റെ കാര്യത്തിലായാലും ലൈസൻസുകളുടെ കാര്യത്തിലായാലും ജോലിക്കാര്യത്തിലായാലും എല്ലാം ഇതുതന്നെ . പ്രതിപക്ഷ നേതാവിന്റെ മകന്റെ ഐഎഎസ് എന്തെന്നറിയാതെ വിടുവായത്തം പറഞ്ഞ ഒരു ഉന്നത വിദ്യഭാസ മന്ത്രി നാട് ഭരിക്കുമ്പോൾ ഇവിടെ ആർക്കും ജയിക്കാം ആർക്കും തോൽക്കാം .

ഇന്നത്തെ കേരളത്തിൽ ഒട്ടുമിക്ക പാർട്ടിക്കാരുടെ ഭാര്യമാരും പെങ്ങമ്മാരും അളിയന്മാരും ഉന്നത ജോലികളിൽ കയറിക്കൂടി എന്നതാണ് ആകപ്പാടെ ബന്ധിജനങ്ങൾക്കുള്ള ഒരു നേട്ടം .

ഒട്ടുമിക്ക സർവീസ് സഹകരണ ബാങ്കുകളിലും ബന്ധുക്കളെകൊണ്ട് ശ്വാസം മുട്ടുന്ന ഒരവസ്ഥ ഇവിടെ സംജാതമായിട്ടുള്ളത് കണ്ടെത്തുവാനോ ഒരു സമരം നയിക്കുവാനോ ഇവിടെയുള്ള ഒരു പ്രതിപക്ഷ കൊണാപ്പന്മാർക്കും സാധിച്ചിട്ടില്ല എന്നതും അങ്ങേയറ്റത്തെ ഗതികേടാണ് .

ജോലിക്ക് കയറ്റിയവരെ പിരിച്ചുവിട്ടത് കൊണ്ടോ മാർക്ക് തിരിച്ചു കൊടുത്തതുകൊണ്ടോ തട്ടിപ്പുകൾ തട്ടിപ്പല്ലാതാകില്ല എന്നോർമ്മപ്പെടുത്തിക്കൊണ്ട്

കാലിക്കറ്റ് യുണിവേഴ്സിറ്റിയിലെ കെകെടിഎമ്മിൽ നിന്നും പ്രീഡിഗ്രി തോറ്റ് തുന്നം പാടിയ ദാസനും വല്യച്ഛൻ മന്ത്രിയാകുവാൻ കാത്തിരിക്കുന്ന കോളേജിൽ പോകാത്ത വിജയനും

×