Advertisment

സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടല്‍ സ്വാഗതാര്‍ഹം: ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കോഴിക്കോട്: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ തിരക്കിനിടയിലും സഭാമേലധ്യക്ഷന്മാരെ ഒന്നിച്ചിരുത്തി അനുരഞ്ജന ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നടപടി സ്വാഗതാര്‍ഹമാണെന്ന് ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി.

അനുരജ്ഞനത്തിനു വഴിതെളിയിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മിസോറാം ഗവര്‍ണര്‍ അഡ്വ: പി.എസ് ശ്രീധരന്‍പിള്ള, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവരെ സൊസൈറ്റിയുടെ അടിയന്തിര യോഗം അഭിനന്ദിച്ചു.

കേരള ഹൈകോടതി ഉത്തരവു വരുന്നതിനു മുമ്പുതന്നെ 2018 ഡിസംബര്‍ 12-ന് സഭാതര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍മാര്‍ക്കും ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി കത്തയച്ച കാര്യം യോഗം അനുസ്മരിച്ചു.

തര്‍ക്കം തുടര്‍ന്നാല്‍ ഇരുസഭകളിലെയും വിവാഹം കഴിച്ചു ജീവിക്കുന്നവര്‍, പങ്കാളിത്ത വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, ജീവനക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാകാതിരിക്കാന്‍ സഭാഐക്യം അനിവാര്യമാണെന്ന് കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. വിവിധ ക്രിസ്തീയ സഭാമേലധ്യക്ഷന്‍മാരും സമുദായ സാമൂഹ്യ നേതാക്കളും ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌ന പരിഹാരത്തിനായി ഉപസമിതി രൂപീകരിച്ചു. എന്നാല്‍ ഉപസമിതി നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. സുപ്രീംകോടതി വിധി വന്നശേഷം സഭാതര്‍ക്കം ക്രമസമാധാന തലത്തിലേക്കു നീങ്ങി. 38 ദിവസം വരെ മൃതദേഹം സംസ്‌കരിക്കാതെ വീട്ടില്‍ സൂക്ഷിക്കേണ്ട അവസ്ഥ ഉണ്ടായി. ധീരജവാന്റെ ശവമെടുപ്പിനുപോലും അവരുടെ വിധവ ഉന്നത അധികാരികളെ സമീപിക്കേണ്ടിവന്നു.

ഈ സാഹചര്യത്തിലാണ് 2019 ഒകേ്ടാബര്‍ ഒമ്പതിന് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ.ചാക്കുണ്ണിയും ലെയ്‌സണ്‍ ഓഫീസര്‍ കേണല്‍ ആര്‍.കെ. ജഗോട്ടയും ദില്ലിയില്‍ വെച്ച് ആദരണീയരായ കേന്ദ്ര ആഭ്യന്തരമന്ത്രി, രാഷ്ട്രപതി, പ്രധാനമന്ത്രി, മിസോറാം ഗവര്‍ണര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവര്‍ക്കു നിവേദനം സമര്‍പ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തുവച്ച് കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉപസമിതി ചെയര്‍മാന്‍, അംഗങ്ങള്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്കും നേരിട്ട് നിവേദനം സമര്‍പ്പിച്ചു.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സും പിന്നീട് കേരള ക്രിസ്ത്യന്‍ സെമിത്തേരീസ് ബില്‍ 243-ഉം കൊണ്ടുവന്ന് ശവസംസ്‌കാര പ്രശ്‌നം പരിഹരിച്ചു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ നിലപാട് കൗണ്‍സിലിനും വിശ്വാസികള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് യോഗം വ്യക്തമാക്കി.

സൊസൈറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഷെവലിയാർ സി. ഇ .ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.സി ജോൺസൺ, ഭാരവാഹികളായ എം.കെ.ബിജു, സി. വി. ഗീവർ, സി.എം.ഷൈജു, സി.സി.മനോജ്, സി.എം ജെയിംസ്, സി.എം ഷാജു എന്നിവർ സംബന്ധിച്ചു.

ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റിയുടെയും വിശ്വാസികളുടെയും സമാധാനം ആഗ്രഹിക്കുന്ന നല്ലവരുടെയും നിരന്തരമായ നിവേദനവും അഭ്യര്‍ത്ഥനയും മാനിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, കേരള-മിസോറാം ഗവര്‍ണര്‍മാരും ഈ വിഷയത്തില്‍ ഇടപെട്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.

 

kozhikode news
Advertisment