ഞങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഗണിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്ദി; നല്ലൊരു ഇന്ത്യക്കായി പ്രവര്‍ത്തിക്കും; രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റും: സച്ചിന്‍ പൈലറ്റ്‌

നാഷണല്‍ ഡസ്ക്
Monday, August 10, 2020

ജയ്പൂര്‍: ഒരു മാസത്തോളം നീണ്ടു നിന്ന രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിക്ക് അവസാനം കുറിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് സച്ചിന്‍ പൈലറ്റിന്റെ തിരിച്ചുവരവിന് നിര്‍ണായകമായത്.

പ്രശ്‌നങ്ങള്‍ അവസാനിച്ചതില്‍ സച്ചിന്‍ പൈലറ്റും സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഗണിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായി സച്ചിന്‍ പറഞ്ഞു.

‘ഞങ്ങളുടെ ആകുലതകള്‍ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്ത സോണിയ ജി, രാഹുല്‍ ജി, പ്രിയങ്ക ജി, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരോടും നന്ദി പറയുന്നു. എന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നു. നല്ലൊരു ഇന്ത്യക്കു വേണ്ടിയും രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഞാന്‍ പ്രവര്‍ത്തനം തുടരും’-സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെട്ടിരുന്നു. ഞാനത് ചെയ്തു. ഇതെല്ലാം തത്വത്തില്‍ അധിഷ്ഠിതമാണെന്ന് ഞാന്‍ തുടക്കം മുതല്‍ പറയുന്നുണ്ടായിരുന്നു. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടി ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കണമെന്ന് ഞാന്‍ കരുതി’-സച്ചിന്‍ വ്യക്തമാക്കി.

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടെന്ന് കരുതുന്നില്ല. അഞ്ച് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായത്. തങ്ങളുയര്‍ത്തിയ ആശങ്കകള്‍ പരിശോധിക്കുന്നതിന് മൂന്നംഗസമിതിയെ നിയോഗിക്കാന്‍ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സച്ചിന്‍ പറഞ്ഞു.

പാര്‍ട്ടിയാണ് പദവികള്‍ തരുന്നതും തിരിച്ചെടുക്കുന്നതും. താന്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ല. സ്വന്തം അഭിമാനം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ 18-20 വര്‍ഷമായി പാര്‍ട്ടിയിലേക്ക് സംഭാവന നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയിലേക്ക് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചെത്താനുള്ള സന്നദ്ധത സച്ചിന്‍ പൈലറ്റ് അറിയിച്ചിരുന്നു.

താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെ സംബന്ധിച്ച് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി വിശദമായി ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാജസ്ഥാന്‍ സര്‍ക്കാരിന്റെയും താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനും മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചതായും വേണുഗോപാല്‍ അറിയിച്ചു.

ഇതോടെ ഒരു മാസത്തിലേറെയായി നീണ്ടു നിന്ന രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പു നല്‍കി. രണ്ടു മണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടുനിന്നെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിനായി രാജസ്ഥാന്‍ നിയമസഭ സമ്മേളിക്കാന്‍ നാലുദിവസം മാത്രം അവശേഷിക്കേയാണ് ഈ സംഭവവികാസങ്ങള്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. ഓഗസ്റ്റ് 14നാണ് നിയമസഭ സമ്മേളിക്കുന്നത്.

ജൂലൈയിലാണ് സച്ചിനും മറ്റ് 18 എംഎല്‍എമാരും പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഇത് അശോക് ഗെലോട്ട് സര്‍ക്കാരിന് പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. സച്ചിന്‍ ബിജെപിയിലേക്ക് പോയേക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും സച്ചിന്‍ തന്നെ അത് നേരിട്ട് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

വിമത നീക്കത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി പദവും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും സച്ചിന് നഷ്ടമായതോടെ രാജസ്ഥാനിലെ രാഷ്രീയ പ്രതിസന്ധിയും അയവില്ലാതെ തുടര്‍ന്നു. ഈ പ്രതിസന്ധിയാണ് രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് നടത്തിയ കൂടിക്കാഴ്ചയിലൂടെ അവസാനിച്ചത്.

×