ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കും; ബഹിഷ്കരണ തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി

സര്‍ക്കാര്‍ തീരുമാനം എന്തുതന്നെയായാലും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്ന് പാക് പേസര്‍ സല്‍മാന്‍ മിര്‍സ വ്യക്തമാക്കി.

New Update
Untitled

കൊളംബോ: 2026-ലെ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചതുപോലെ തന്നെ നടക്കും. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന മുന്‍ നിലപാടില്‍ നിന്ന് നാടകീയമായ മലക്കംമറിച്ചിലിലൂടെ പാകിസ്ഥാന്‍ സര്‍ക്കാര്‍ പിന്മാറി. ഫെബ്രുവരി 15-ന് നടക്കുന്ന മത്സരത്തില്‍ പാക് ദേശീയ ടീം കളിക്കാനിറങ്ങണമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശിച്ചു.

Advertisment

ഐസിസി, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ( പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ദീര്‍ഘനേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം. ടൂര്‍ണമെന്റിലെ സാമ്പത്തികമായി ഏറ്റവും നേട്ടമുണ്ടാക്കുന്ന ഈ മത്സരത്തില്‍ നിന്ന് പിന്മാറരുതെന്ന് ഐസിസി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.


ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയും ചര്‍ച്ചകളിലെ അനുകൂല തീരുമാനങ്ങളുമാണ് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു.

ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാനും ആഗോള കായിക രംഗത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ വ്യക്തമാക്കുന്നു.


സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പാകിസ്ഥാന്‍ നേരത്തെ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ ബംഗ്ലാദേശിന് പിഴയോ മറ്റ് നടപടികളോ ഈടാക്കേണ്ടതില്ലെന്ന ഐസിസിയുടെ നിലപാട് പാകിസ്ഥാനെ അയയാന്‍ പ്രേരിപ്പിച്ചു.


സര്‍ക്കാര്‍ തീരുമാനം എന്തുതന്നെയായാലും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്ന് പാക് പേസര്‍ സല്‍മാന്‍ മിര്‍സ വ്യക്തമാക്കി.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാം പാകിസ്ഥാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെ നന്മയ്ക്കായി ഇന്ത്യക്കെതിരെ കളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടെ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്.

Advertisment