ട്വന്റി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ മാറ്റത്തിനൊരുങ്ങി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് ?

New Update
sanju

മുംബൈ: ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. 

Advertisment

ബാറ്റിങ് നിരയിൽ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് സൂചന നൽകി. 

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഇടംകൈയ്യൻ ബാറ്റർമാരടങ്ങിയ മുൻനിര തകർന്നിരുന്നു. അഭിഷേക് ശർമ, തിലക് വർമ എന്നിവർ തുടർച്ചയായി പരാജയപ്പെടുന്നത് ടീമിന് തിരിച്ചടിയാവുകയാണ്.

ടോപ് ഓർഡറിൽ ഒരു വലംകൈയ്യൻ ബാറ്ററുടെ അഭാവം നിഴലിക്കുന്നുണ്ടെന്നും നിലവിൽ ടീമിലുള്ള ഏക വലംകൈയ്യൻ ഓപ്പണിംഗ് ഓപ്ഷൻ സഞ്ജുവാണെന്നും ഡോഷെറ്റ് പറഞ്ഞു. ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ കഴിഞ്ഞ നാല് ഇന്നിങ്സുകളിൽ നിന്ന് വെറും 15 റൺസ് മാത്രമാണ് നേടിയത്. 

അദ്ദേഹത്തിന് ഭക്ഷ്യവിഷബാധയേറ്റതും ടീം മാനേജ്‌മെന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കി ബാറ്റിങ് നിര പുനഃക്രമീകരിക്കാനാണ് ആലോചന. 

നേരത്തെ നമീബിയക്കെതിരെ ലഭിച്ച അവസരത്തിൽ 8 പന്തിൽ 22 റൺസെടുത്ത് സഞ്ജു തന്റെ പ്രഹരശേഷി തെളിയിച്ചിരുന്നു. വ്യാഴാഴ്ച ചെന്നൈയിൽ സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത നിർണ്ണായക മത്സരം.

Advertisment