മാവടിയിൽ കമ്പികൊണ്ട് ചുറ്റി കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ അസ്ഥികൂടം; ആളെ തിരിച്ചറിയാനാകാതെ പൊലീസ്

New Update

നെടുങ്കണ്ടം : മാവടിയിൽ കത്തിക്കരിഞ്ഞ അസ്ഥികൂടം കണ്ടെത്തിയിട്ടു 9 മാസം പിന്നിട്ടിട്ടും ആളെ തിരിച്ചറിയാൻ കഴിയാതെ പൊലീസ്. ഡിഎൻഎ പരിശോധന ഫലവും സൂപ്പർ ഇംപോസിഷൻ ഫലവും ലഭിക്കാത്തതാണ് അന്വേഷണത്തിനു തടസ്സം.

Advertisment

publive-image

2 തവണ നെടുങ്കണ്ടം പൊലീസ് പരിശോധനാഫലം നൽകണമെന്ന് കത്ത് നൽകിയിട്ടും ലബോറട്ടറിയിൽ നിന്നും ഫലം ലഭിച്ചിട്ടില്ല. കമ്പികൊണ്ട് ചുറ്റി കെട്ടിയിട്ട നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

2019 സെപ്റ്റംബറിൽ പ്രദേശത്ത് നിന്നും കാണാതായ വ്യക്തിയുടെ അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അസ്ഥികൂടം പ്രദേശവാസിയുടെതെന്ന് സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.

40 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണിതെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. അസ്ഥികൂടത്തിൽ നിന്നും ശേഖരിച്ച സാംപിളുകൾ തിരുവനന്തപുരത്തെ റീജനൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് നൽകി. ഈ ഫലങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

അസ്ഥികൂടത്തിന്റെ സമീപത്തു നിന്നും കത്തിക്കരിഞ്ഞ മൊബൈൽ ഫോൺ, തീപിടിച്ച വസ്ത്രങ്ങളുടെ ഏതാനും ഭാഗം, ഇന്ധനം എത്തിച്ച കുപ്പിയുടെ ഭാഗം, ചെരിപ്പ്, കൂട എന്നിവയും കണ്ടെത്തി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസിനു മൊഴി നൽകിയ വീട്ടമ്മയെ ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു.

മാവടിയിൽ നിന്നും ഗൃഹനാഥനെ കാണാതായതു 2019 സെപ്റ്റംബറിൽ. പരാതിയിൽ അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. 2019 സെപ്റ്റംബർ 3നാണ് കാണാതായത്. നാലാം തീയതി പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.

3 നു രാവിലെ സാധാരണ പോലെ പുറത്തേക്കു പോയ ഗൃഹനാഥനെ ഉച്ചയ്ക്ക് 2 വരെ കണ്ടവരുണ്ട്. ഇതിനു ശേഷമാണ് ഫോൺ ഓഫായത്. ഇക്കാര്യങ്ങൾ കാണിച്ച് നെടുങ്കണ്ടം പൊലീസിലും കട്ടപ്പന ഡിവൈഎസ്പിക്കും പരാതി നൽകി.

അന്വേഷണം തടസ്സപ്പെട്ടതോടെ ഗൃഹനാഥന്റെ ഭാര്യ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. ഇതോടെ വീട്ടിലെത്തിയ പൊലീസ് സംഘം ഹൈക്കോടതിയിൽ പോയതിന് കയർത്ത് സംസാരിച്ചു. ഇതിനു ശേഷം പൊലീസ് സംഘം വീണ്ടും എത്തി 2 വെള്ള പേപ്പറിൽ സ്റ്റേറ്റ്മെന്റ് എടുത്ത് ഒപ്പിട്ട് വാങ്ങി.

ബന്ധുക്കൾക്കു പരാതിയില്ലെന്ന രീതിയിൽ ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് ചെയ്തതായും ബന്ധുക്കൾ ആരോപിക്കുന്നു. നവംബർ 30 നു മുൻപ് ഭർത്താവിനെ തിരികെ വീട്ടിൽ എത്തിക്കാമെന്ന് പൊലീസ് ഉറപ്പും നൽകി. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാണു ബന്ധുക്കളുടെ ആവശ്യം.

skeleton found
Advertisment