1947 ലെ സ്വാതന്ത്ര്യ ദിനത്തിലെ ഓർമ്മകളുമായി പി.കുമാരൻ മാസ്റ്റർ

New Update
p kumaran master

പൊന്നാനി ഈഴുവത്തിരുത്തിയിൽ പാടാലിൽ കുഞ്ചയുടെയും, ചീരമ്മുവിന്റെയും മകനായി 1937 ൽ ജനിച്ച കുമാരൻ മാസ്റ്റർ 88 വയസ് പിന്നിട്ടിട്ടും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയതിന്റെ ആവേശത്തിന്റെ തിളക്കത്തിന് മങ്ങലേറ്റിട്ടില്ല. 

Advertisment

1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കുമാരൻ മാഷ് സ്വതന്ത്രദിന ആഘോഷത്തിൽ ഒക്കെ സജീവമായി പങ്കെടുത്തിരുന്നു. കുമാരൻ മാഷും കൂട്ടുകാരും പൊന്നാനിയിൽ അങ്ങോളമിങ്ങോളം നടന്ന എല്ലാ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഓർമ്മകൾ എന്നും മനസ്സിൽ സൂക്ഷിക്കുന്നു.

തികഞ്ഞ ഗാന്ധി ഭക്തനായ കുമാരൻ മാസ്റ്റർ അക്കാലം തൊട്ടുതന്നെ ഗാന്ധിയൻ ആദർശങ്ങളെ മുറുകെ പിടിച്ച്  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായും  പൊതു പ്രവർത്തകനായും മാറി.

സ്വാതന്ത്ര്യത്തിനു ശേഷം 1952 നടന്ന ആദ്യ  തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മദ്രാസ് അസംബ്ലിയിലേക്ക് മത്സരിച്ച അഡ്വക്കറ്റ് എൻ. ഗോപാല മേനോന് വേണ്ടി എ.വി.ഹൈസ്ക്കൂളിൽ 9-ാം ക്ലാസിൽ പഠിക്കുന്ന കുമാരൻ മാസ്റ്റർ വളണ്ടിയർ ആയി സജീവമായി പ്രവർത്തിക്കുകയും, വോട്ടർമാർക്ക് സ്ലിപ്പ് എഴുതി കൊടുക്കുകയും മറ്റു പ്രവർത്തനങ്ങൾ നടത്തുവാനും മുന്നിൽ നിന്നു.

ഗോപാലമേനോൻ നല്ല ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു. ഗോപാലമേനോൻ പിന്നീട് മദ്രാസ് അസംബ്ലിയിലെ സ്പീക്കറായി തെരഞ്ഞെടുക്കുകയും ചെയ്തു. 

p kumaran master-2

സ്വാതന്ത്ര്യ സമര സേനാനികളും കോൺഗ്രസ് നേതാക്കളുമായ കെ.വി. രാമൻ മേനോൻ, കെ.സി. രാമൻ മേനോൻ, കെ.ജി. കരുണാകരമേനോൻ എം.എൽ.എ, സി. ചോയുണ്ണി, സി.ഗോവിന്ദൻ, കെ.പി.സി.സി. അംഗം ടി.കെ. അബ്ദുല്ല കുട്ടി, പി.ടി. മോഹന കൃഷ്ണൻ, കെ.ഗോവിന്ദൻകുട്ടി മേനോൻ, എം.പി. ഗംഗാധരൻ, സി. ഹരിദാസ്, യു.കെ. ഭാസി എന്നിവരുമായി ഒക്കെ സമ്പർക്കം പുലർത്തി പ്രവർത്തിച്ചു. 

1949 മുതൽ കൃഷ്ണപ്പണിക്കർ വായനശാലയിൽ അംഗമായി പ്രവർത്തിച്ചിരുന്നു. മഹാകവി ഇടശ്ശേരി ഗോവിന്ദമേനോൻ ഒപ്പം ആയിരുന്നു അക്കാലത്ത് കൃഷ്ണപ്പണിക്കർ വായനശാലയിൽ പ്രവർത്തിച്ചിരുന്നത്. 1966 ൽ കൃഷ്ണപ്പണിക്കർ വായനശാലയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. 

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ നിന്നിരുന്ന 1957 കാലഘട്ടത്തിൽ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഭാരത് സേവാസമാജം മുഖേന ബി.എം. യു.പി സ്കൂളിൽ വെച്ച് പാവപ്പെട്ടവരായ നൂറോളം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് പാൽ വിതരണം നടത്തുവാൻ മുന്നിൽ നിന്ന് സജീവമായി പ്രവർത്തിച്ചു. 

1962ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച കുമാരൻ മാസ്റ്റർ തൃക്കാവ് ഗവ: സ്കൂളിലും, മാറഞ്ചേരി ഗവ: സ്കൂളിലും 30 വർഷക്കാലം അധ്യാപകനായി പ്രവർത്തിച്ച് 1992 റിട്ടയർ ചെയ്തു. 

അധ്യാപകൻ ആയിരിക്കുമ്പോൾ അധ്യാപക സംഘടനകളുടെ പൊന്നാനി മേഖലയിലെ നേതാവായും ഭാരവാഹി ആയും കുമാരൻ മാസ്റ്റർ പ്രവർത്തിച്ചിരുന്നു. 

അക്കാലത്ത് സാമൂഹ്യ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും ഏറ്റെടുത്തുകൊണ്ട് 1970 കളിൽ രോഗങ്ങളോട് മല്ലടിച്ചു കൊണ്ടിരുന്ന പാവങ്ങളായ നിരവധി ആളുകൾക്ക് ആശ്വാസം പകരുവാൻ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലുമായും, പിന്നീട് അമല ഹോസ്പിറ്റലുമായും, അമൃത ഹോസ്പിറ്റലുമായും ഒക്കെ ബന്ധപ്പെട്ടുകൊണ്ട് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ രോഗികളെ അങ്ങോട്ട് കൊണ്ടുപോകുവാനും അവർക്ക് വേണ്ട ചികിത്സ നൽകുവാനും വേണ്ട എല്ലാ സഹായം നൽകുവാനും കുമാരൻ മാസ്റ്റർ മുന്നിൽ നിന്നു.

1952 മുതൽ തൂവെള്ള ഖദർ വസത്രധാരിയായ കുമാരൻ മാസ്റ്റർ രാജ്യം സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികം ആഘോഷിക്കുമ്പോഴും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യവും, വോട്ടാവകാശത്തിൽ തട്ടിപ്പ് നടത്തി ജനാധിപത്യവും, മതേതരത്വവും തകർക്കുന്നതിനെതിരെ പോരാടാനും, സംരക്ഷിക്കുവാൻ വീറോടെ പോരാടുമെന്ന ദൃഡനിശ്ചയത്തിലാണ്. 

അധ്യാപക ജോലിയിൽ വിരമിച്ചതിനു ശേഷം കഴിഞ്ഞ 33 വർഷമായി ഈഴുവത്തിരുത്തി മേഖലയിൽ കോൺഗ്രസിന്റെ മുൻനിര നേതാവായി പ്രവർത്തിക്കുന്നു. വാർഡ്, ബൂത്ത് തലത്തിൽ പ്രസിഡണ്ടായി നീണ്ട കാലം പ്രവർത്തിച്ചു. 

കുമാരൻ മാസ്റ്ററുടെ ഭാര്യ പുറത്തൂർ കള്ളിക്കാട്ടിൽ സുജാതയാണ്. പ്രതീഷ് (സൗദി അറേബ്യ), പ്രജീഷ് (മസ്കത്ത്), പ്രസീദ (അണ്ടത്തോട്), പ്രീത (കോട്ടക്കൽ ആര്യ വൈദ്യശാല) എന്നിവർ മക്കളാണ്.

-ടി.കെ. അഷറഫ് (മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി)

Advertisment