ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ നീക്കവുമായി ഇന്ത്യ. 'എയര്‍ ബബിള്‍' സംവിധാനം വഴി മൂന്ന് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫ്രാന്‍സ്, യു.എസ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ ചര്‍ച്ച നടത്തുന്നത്. ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 1 വരെ പാരീസില്‍ നിന്നും ഡല്‍ഹി, ബെംഗളൂരു, മുംബൈ നഗരങ്ങളിലേക്ക് 28 വിമാന സര്‍വീസുകള്‍ നടത്താനാണ് 'എയര്‍ ഫ്രാന്‍സ്' ഒരുങ്ങുന്നത്. ജൂലൈ 17നും ജൂലൈ 31നും ഇടയില്‍ യുഎസ് 18 വിമാന സര്‍വീസുകള്‍ നടത്തും. ജര്‍മ്മനിയുമായി ചര്‍ച്ച നടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 'എയര്‍ ബബിള്‍' സംവിധാനത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന് മന്ത്രി പറഞ്ഞു.
ഇതുവഴി തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. യാത്രക്കാര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പും ശേഷവും നിരവധി പരിശോധനകള്‍ നടത്തേണ്ടി വരും. യാത്രക്കാര്‍ പാലിക്കേണ്ടതായ നിയന്ത്രണങ്ങള്‍ ഓരോ വിദേശരാജ്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. അതായത്, ഒരു പ്രത്യേക രാജ്യത്തേക്കുള്ള വിസയുണ്ടെങ്കിലും അധികം അനുതികളും പേപ്പര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കാതെ യാത്ര അനുവദിക്കില്ല.
വ്യക്തമായ നിയന്ത്രണങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ പരിമിതമായി മാത്രമേ വിമാന സര്‍വീസുകള്‍ നടത്താന്‍ സാധിക്കൂവെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ചില്‍ തന്നെ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. 'അണ്‍ലോക്ക്-2'ന്റെ ഭാഗമായി ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. വന്ദേഭാരത് മിഷന്‍ മുഖേന 670000-ല്‍ അധികം ആളുകള്‍ തിരിച്ചെത്തിയതായും മന്ത്രി വ്യക്തമാക്കി.
എന്താണ് എയര്‍ ബബിള്‍ (ട്രാവള്‍ ബബിള്‍) ?
കൊറോണ ഇടനാഴികള്‍, ഗ്രീന്‍ കോറിഡോഴ്‌സ്, യാത്രാ ഇടനാഴികള്‍ എന്നിങ്ങനെ അറിയപ്പെടുന്ന 'എയര്‍ ബബിള്‍' വിമാനയാത്ര അനുവദിക്കുന്നതിന് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രത്യേക പങ്കാളിത്തത്തെയാണ് സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നല്ല റിസല്‍ട്ടുകള്‍ ഉണ്ടാവുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇരുരാജ്യങ്ങളിലും ഈ പ്രത്യേക സംവിധാനം സാധ്യമാകൂ. എയര്‍ ബബിള്‍ വഴി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഇന്ത്യ ജൂണ്‍ മുതല്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.