Advertisment

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹെപ്പറ്റിറ്റീസ് വാക്‌സിന്‍ വികസിപ്പിച്ച, സിക്ക വൈറസിന് ലോകത്ത് ആദ്യമായി വാക്‌സിന്‍ കണ്ടെത്തിയ ഭാരത് ബയോടെക്കിന് വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി; കോവാക്‌സിന്‍ പരീക്ഷണം വിജയം കണ്ടാല്‍ ലോകത്ത് ആദ്യം കൊറോണ മരുന്ന് വികസിപ്പിച്ച രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തം..!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. മനുഷ്യരില്‍ പരീക്ഷണമാരംഭിച്ച കോവാക്‌സിന്‍, വിജയം കണ്ടാല്‍ വൈകാതെ വാക്‌സിന്‍ വിപണിയിലെത്തും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും. രാജ്യം ഈ ചരിത്ര നേട്ടത്തിനായി കാതോര്‍ക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനിയും അതിന്റെ അമരക്കാരനും ശ്രദ്ധേയരാവുകയാണ്.

Advertisment

publive-image

തമിഴ്‌നാട്ടിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഡോ. കൃഷ്ണ എല്ല ആണ് 'കോവാക്‌സിന്‍' വികസിപ്പിച്ച ഭാരത് ബയോടെക്കിന് ചുക്കാന്‍ പിടിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് കോവാക്‌സിന്‍ വികസിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹെപ്പറ്റിറ്റീസ് വാക്‌സിന്‍ വികസിപ്പിച്ചതും സിക്ക വൈറസിന് ലോകത്ത് ആദ്യമായി വാക്‌സിന്‍ കണ്ടെത്തിയും ഇതേ ഭാരത് ബയോടെക്ക് തന്നെ. ഹൈദരാബാദിലെ ഒരു ചെറിയ ലാബില്‍ ഡോ. കൃഷ്ണ ആരംഭിച്ച കമ്പനിയാണ് ഇന്ന് ഭാരത് ബയോടെക്ക് എന്ന നിലയില്‍ ലോകത്തിന് വിലപ്പെട്ട ശാസ്ത്രനേട്ടങ്ങള്‍ സംഭാവന ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ തിരുത്തണിയിലുള്ള കര്‍ഷക കുടുംബത്തില്‍ പിറന്ന കൃഷ്ണ ബയോടെക്‌നോളജിയില്‍ എത്തിയതും കൃഷിയിലൂടെയായിരുന്നു. അഗ്രികള്‍ച്ചര്‍ പഠനത്തിന് ശേഷം കൃഷിയിലേക്ക് ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബെയര്‍ എന്ന കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കൃഷി വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്നു.

ഈ സമയത്താണ് റോട്ടറിയുടെ ഫ്രീഡം ഫോര്‍ ഹങ്കര്‍ ഫെല്ലോഷിപ്പ് കിട്ടി കൃഷ്ണ അമേരിക്കയില്‍ പഠനത്തിനായി പോകുന്നത്. അമേരിക്കയിലെ ഹവായ് സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദവും വിസ്‌കോണ്‍സില്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റുമെടുത്ത് 1995ല്‍ ഡോ. കൃഷ്ണ ഇന്ത്യയില്‍ മടങ്ങിയെത്തി.

ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലായിരുന്നെങ്കിലും അമ്മയുടെ നിര്‍ബന്ധം കാരണം തിരികെയെത്തുകയായിരുന്നു. വില കുറഞ്ഞഹെപ്പറ്റൈറ്റീസ്വാക്‌സിന്‍ വികസിപ്പിക്കാനുള്ള ബിസിനസ് ആശയവുമായിട്ടാണ് എത്തിയത്. അങ്ങനെയാണ് ഹൈദരാബാദില്‍ ഒരു കമ്പനി സ്ഥാപിക്കുന്നത്. ഒരു ഡോളര്‍ നിരക്കില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിന് 12.5 കോടി രൂപയുടെ പദ്ധതി രൂപരേഖ കമ്പനി സമര്‍പ്പിച്ചു. മറ്റ് കമ്പനികള്‍ 35 മുതല്‍ 40 വരെ ഡോളര്‍ ഈടാക്കുന്ന സമയത്തായിരുന്നു ഇത്.

എന്നാല്‍ പ്രതീക്ഷിച്ച പോലെ ധനസഹായം ലഭിക്കാത്തതിനാല്‍ ഐഡിബിഐ ബാങ്കിനെ സമീപിച്ചു. 2 കോടി രൂപ ബാങ്കില്‍ നിന്ന് ലഭിച്ചു. നാലു വര്‍ഷത്തിനു ശേഷം 1999ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഹെപ്പറ്റൈറ്റീസ് വാക്‌സിന്‍ ഉദ്ഘാടനം ചെയ്തു.

പത്ത് രൂപയ്ക്ക് 35 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ കമ്പനി ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്കായി നല്‍കി. 65ലധികം രാജ്യങ്ങള്‍ക്ക് 350-400 ദശലക്ഷം ഡോസുകളും വിതരണം ചെയ്തു.

ബയോടെക് കമ്പനികള്‍ക്കായി ഒരു പാര്‍ക്ക് എന്ന ആശയം ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന് മുന്നില്‍ വയ്ക്കുന്നതും ഡോ. കൃഷ്ണയാണ്. ഈ ആശയത്തിന് അംഗീകാരം ലഭിക്കുകയും തുടര്‍ന്ന് ജീനോം വാലി രൂപീകൃതമാകുകയും ചെയ്തു. ഇവിടെ സ്ഥാപിച്ച ആദ്യ വ്യവസായങ്ങളിലൊന്ന് ഭാരത് ബയോടെക്കിന്റെ ഹെപ്പറ്റിറ്റീസ് വാക്‌സിന്‍ പ്ലാന്റാണ്. ഇന്ന് നൊവാര്‍ട്ടീസും ബെയറും ഐടിസിയും അടക്കം 100ലധികം കമ്പനികള്‍ ജീനോം വാലിയില്‍ പ്രവര്‍ത്തിക്കുന്നു.

latest news covid 19 covid vaccine covaccine all news
Advertisment