സഞ്ജുവില്ലാതെ കളി ‘കൈവിട്ട്’ ഇന്ത്യ

ഉല്ലാസ് ചന്ദ്രൻ
Sunday, December 8, 2019

മലയാളി ‘പയ്യന്‍’ സഞ്ജു സാംസണ് അവസാന ഇലവനില്‍ അവസരം ലഭിക്കാത്തതിന്റെ നിരാശ. ക്രിക്ക്റ്റ് പ്രേമി എന്നനിലയില്‍ ഇന്ത്യ ജയിക്കണമെന്നും മലയാളിയെന്ന നിലയില്‍ ഇന്ത്യ ‘പൊട്ടണ’മെന്നുമാണ് ഭൂരിഭാഗം കാണികള്‍ ഇന്നലെ കളി കണ്ടത്. കൈവിട്ട ക്യാച്ചുകള്‍ തിരിച്ചടിച്ചതോടെയാണ് തിരുവനന്തപുരം ട്വന്റി20 യില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്.

സിമ്മണ്‍സിന്റെ ബാറ്റിംഗ്‌

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 170 റണ്‍സാണെടുത്തത്. ലെന്‍ഡ്ല്‍ സിമ്മണ്‍സ് അര്‍ധസെഞ്ച്വറി നേടി ആടിത്തകര്‍ത്തതോടെ ഇന്ത്യയുടെ വിജയ സ്വപ്നങ്ങള്‍ വീണുടഞ്ഞു. ട്വന്റി20യില്‍ വിന്‍ഡീസിനെതിരേ തുടര്‍ച്ചയായ എട്ടാംജയം തേടിയിറങ്ങിയ ഇന്ത്യക്കെതിരേ ഒന്‍പതു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി. സിമ്മണ്‍സ് 45 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. മുന്‍പ് വെസ്റ്റിന്‍ഡീസിനെയും ന്യൂസീലന്‍ഡിനെയും ഇന്ത്യ ഇവിടെ തോല്‍പ്പിച്ചിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് ഇന്ത്യയ്‌ക്കൊപ്പമെത്തി (1-1). ഹൈദരാബാദില്‍ നടന്ന ഒന്നാം ട്വന്റി20യില്‍ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. നിര്‍ണായകമായ മൂന്നാം മത്സരം 11-ന് മുംബൈയിലാണ് നടക്കുക.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ കൈവിട്ട രണ്ട് അനായാസ ക്യാച്ചുകളാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. വ്യക്തിഗത സ്‌കോര്‍ ആറില്‍ നില്‍ക്കെ സിമ്മണ്‍സ് നല്‍കിയ അനായാസ ക്യാച്ച് വാഷിങ്ടണ്‍ സുന്ദറും വ്യക്തിഗത സ്‌കോര്‍ 16-ല്‍ നില്‍ക്കെ എവിന്‍ ലൂയിസ് നല്‍കിയ ക്യാച്ച് ഋഷഭ് പന്തുമാണ് കൈവിട്ടത്. വാഷിങ്ടണ്‍ വിട്ട ക്യാച്ച് ‘ഈസി ക്യാച്ച്’ ആയിരുന്നെങ്കില്‍ പന്ത് ‘പന്ത്’ കൈവിട്ടത് നല്ല പരിശ്രമത്തിനൊടുവിലാണ്. ലൂയിസ് 35 പന്തില്‍ 40 റണ്‍സെടുത്ത് സിമ്മണ്‍സിന് പിന്തുണ നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ സിമ്മണ്‍സ് – ലൂയിസ് സഖ്യം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഷിമ്രോണ്‍ ഹെറ്റ്മയര്‍ 14 (23), നിക്കോളാസ് പുരാന്‍ 38 (18) എന്നിവരും തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് അനായാസം ജയത്തിലെത്തി. ശിവം ദുബെയുടെ കന്നി അര്‍ധസെഞ്ചുറി (30 പന്തില്‍ 54) പാഴായി. ക്യാച്ചുകള്‍ പാഴാകുന്നതിന്റെ നിരാശയ്ക്കിടയിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മയറിനെ പുറത്താക്കാന്‍ വിരാട് കോലിയെടുത്ത ക്യാച്ച് ശ്രദ്ധേയമായി. എവിന്‍ ലൂയിസിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത സുന്ദര നിമിഷം കൂടി ചേര്‍ത്തുവച്ചാല്‍ വിന്‍ഡീസ് ഇന്നിങ്‌സില്‍ ഇന്ത്യ സന്തോഷിച്ചത് വളരെ കുറച്ച് അവസരങ്ങളിലായിരുന്നു.

30 പന്തില്‍ മൂന്നു ഫോറും നാലു സിക്‌സും സഹിതം 54 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 22 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന്റെ പ്രകടനവും ടീമിനെ തുണച്ചു.

×