Advertisment

അമേരിക്കന്‍ അതിര്‍ത്തികളില്‍ ഇറാനികളെ മണിക്കൂറുകളോളം തടഞ്ഞുവെയ്ക്കുന്നതായി പരാതി

New Update

ലോസ് ഏഞ്ചല്‍സ്:  ഇറാനിയന്‍ സൈനിക ജനറല്‍ കാസെം സൊലൈമാനിയെ കൊലപ്പെടുത്തിയതിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ഡസന്‍ കണക്കിന് ഇറാനികളേയും ഇറാനിയന്‍-അമേരിക്കക്കാരേയും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും മണിക്കൂറുകളോളം തടഞ്ഞുവെയ്ക്കുകയും അനാവശ്യമായി ഉപദ്രവിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന് ആരോപണം.

Advertisment

publive-image

അമേരിക്കന്‍ മുസ്ലീം അഭിഭാഷക ഗ്രൂപ്പായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍), വാരാന്ത്യത്തില്‍ തടവിലാക്കപ്പെട്ട 60 ലധികം യാത്രക്കാര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും, കാനഡയുമായുള്ള വാഷിംഗ്ടണ്‍ സ്റ്റേറ്റ് അതിര്‍ത്തിയില്‍ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അനാവശ്യമായി ചോദ്യം ചെയ്തതായും പറഞ്ഞു.

യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോളിന് (സിബിപി) തടങ്കലില്‍ വയ്ക്കാനുള്ള സ്ഥലപരിമിതി മൂലം ഇവരില്‍ പലര്‍ക്കും യുഎസിലേക്കുള്ള പ്രവേശനം നിഷേധിച്ചതായാണ് അറിവ്.

വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ബ്ലെയ്നിലെ പീസ് ആര്‍ച്ച് ബോര്‍ഡര്‍ ക്രോസിംഗില്‍ ഞായറാഴ്ച പുലര്‍ച്ചെ മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം 10 മണിക്കൂറിലധികം തടഞ്ഞുവെച്ച് ചോദ്യം ചെയ്തെന്ന് ക്രിസ്റ്റല്‍ എന്ന 24 കാരി സിഎഐആറിനോട് പറഞ്ഞു.

എന്തിനാണ് ഞങ്ങളെ തടങ്കലില്‍ വെച്ചതെന്ന് ചോദിച്ചപ്പോള്‍ സിബിപി ഏജന്‍റുമാര്‍ പറഞ്ഞത്, 'ഇത് നിങ്ങള്‍ക്ക് മോശം സമയമാണ്' എന്നാണെന്ന് ക്രിസ്റ്റല്‍ പറഞ്ഞു.

'ഈ റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. അമേരിക്കന്‍ പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലില്‍ വെയ്ക്കാന്‍ ഒരു നിയമവും അനുശാസിക്കുന്നില്ല,' സിഎഐആര്‍ വാഷിംഗ്ടണ്‍ ചാപ്റ്ററിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാസിഹ് ഫൗലാദി പറഞ്ഞു.

'ഇറാനിയന്‍-അമേരിക്കക്കാരെ വിമാനത്താവളങ്ങളിലും അതിര്‍ത്തി തുറമുഖങ്ങളിലും തടഞ്ഞുവയ്ക്കാനുള്ള രാജ്യവ്യാപക നിര്‍ദ്ദേശം ആരാണ് നല്‍കിയത്, അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ ആ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതനുസരിച്ച് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് കൃത്യമായ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും.' അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അതിര്‍ത്തിയില്‍ ദീര്‍ഘനേരം കാലതാമസം വന്നത് അവധിക്കാലം കാരണം ട്രാഫിക് വര്‍ദ്ധിച്ചതും യാത്രക്കാരെ പ്രൊസസ് ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ കുറവുമാണ് എന്ന് സിബിപി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. മതം, വംശം, എന്നിവ അടിസ്ഥാനമാക്കി ഏജന്‍സി വിവേചനം കാണിക്കുന്നില്ലെന്നും അവര്‍ വാദിക്കുന്നു.

'ഇറാനിയന്‍-അമേരിക്കക്കാരെ സിബിപി തടഞ്ഞുവയ്ക്കുകയും അവരുടെ മാതൃരാജ്യം കാരണം യുഎസിലേക്ക് പ്രവേശിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നുവെന്ന സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകള്‍ തെറ്റാണെന്ന് സിബിപി വക്താവ് മൈക്കേല്‍ ഫ്രയല്‍ പറഞ്ഞു.

ഇറാനിയന്‍-അമേരിക്കക്കാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പും സിബിപിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ഇറാനിയന്‍-അമേരിക്കക്കാര്‍ നേരിടുന്ന കാലതാമസം സിബിപിയുമായി ബന്ധപ്പെട്ടതു തന്നെയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയിലെ കാലതാമസത്തെ പൊതു ഉദ്യോഗസ്ഥര്‍ അപലപിച്ചിട്ടും ട്രംപ് ഭരണകൂടം അതിരുകടന്നതായി പലരും ആരോപിക്കുന്നു.

വാഷിംഗ്ടണിലെ താമസക്കാരായ ഇറാനിയന്‍-അമേരിക്കന്‍ വംശജരെ അവരുടെ വംശവും മതവും മാതൃരാജ്യവും കാരണമാണ് അതിര്‍ത്തികളില്‍ തടഞ്ഞുവെച്ചതെന്ന് വാഷിംഗ്ടണ്‍ ഗവര്‍ണ്ണര്‍ ജയ് ഇന്‍സ്ലേ പ്രസ്താവനയില്‍ പറഞ്ഞു.

'ഇത് തെറ്റാണ്, ഭരണഘടനാപരവും ധാര്‍മ്മികവുമായ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അവര്‍ എവിടെ നിന്നാണ് വരുന്നത്, അവര്‍ എങ്ങനെ കാണപ്പെടുന്നു അല്ലെങ്കില്‍ ഏത് ഭാഷ സംസാരിക്കുന്നു എന്നു നോക്കി ആരേയും വ്യത്യസ്തമായി പരിഗണിക്കരുത്,' അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്‍റ് മല്‍സരത്തിലെ മുന്‍നിര ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സെനറ്റര്‍ എലിസബത്ത് വാറന്‍ പറഞ്ഞു, 'റിപ്പോര്‍ട്ടുകള്‍ അലോസരപ്പെടുത്തുന്നതാണ്.'

'ഇറാനിയന്‍ അമേരിക്കക്കാര്‍ക്ക് മറ്റെല്ലാ യുഎസ് പൗരന്മാര്‍ക്കുമുള്ളതുപോലെ തുല്യമായ അവകാശങ്ങളാണുള്ളത്. നമ്മുടെ അതിര്‍ത്തിയില്‍ മാന്യതയോടും ആദരവോടും കൂടി പെരുമാറണം. വര്‍ഗീയവാദികളോടെന്ന പോലെയോ വെറുക്കപ്പെട്ടവരോടെന്ന പോലെയോ അല്ല അവരെ സൂക്ഷ്മപരിശോധന നടത്തേണ്ടത്,' അവര്‍ ട്വീറ്റില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തില്‍ കാസെം സോലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞ ചെയ്തതിന് ശേഷമാണ് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രതയും പരിശോധനയും നടത്തുന്നത്.

Advertisment