തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് പ്രകാരം കീഴ്വായ്പൂര്‍ എസ്എച്ച്ഒ വ്യാഴാഴ്ച കേസെടുത്തിരുന്നു. ഇതുവരെ എട്ടുപേരാണ് സജി ചെറിയാനെതിരെ പരാതി നല്‍കിയിട്ടുള്ളത്.
ഡിവൈഎസ്പി ടി രാജപ്പന്‍ റാവുത്തര്‍ക്കാണ് അന്വേഷണ ചുമതല. പരാതിക്കാരായ എട്ടുപേരില്‍ നിന്നും ആദ്യം മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ നിന്നും മൊഴിയെടുക്കും. സജി ചെറിയാന്‍ പ്രസംഗിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന എംഎല്‍എമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണന്‍ എന്നിവരുടെ മൊഴിയും എടുക്കും. സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രസംഗത്തില്‍ എഡിറ്റിങ് ഒന്നും നടന്നിട്ടില്ലെന്ന് തന്നെയാണ് പ്രാഥമിക വിലയിരുത്തല്‍. പ്രസംഗത്തിന്റെ വീഡിയോ വിദഗ്ദ പരിശോധനയക്ക് അയക്കാനും തീരുമാനമുണ്ട്. നേരത്തെ എഫ്‌ഐആറില്‍ ഭരണഘടനയെ അധിക്ഷേപിച്ച് സജി ചെറിയാന്‍ പറഞ്ഞിരുന്ന വാക്കുകളടക്കം ചേര്‍ത്തിരുന്നു.
അതിനിടെ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്തതിനു സജി ചെറിയാനെതിരെ നെടുമ്പ്രം സ്വദേശി ചെങ്ങന്നൂര്‍ എസ്എച്ച്ഒയ്ക്കു പരാതി നല്‍കി. മോട്ടര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കണമെന്നാണ് ആവശ്യം.