തിരുവനന്തപുരം: ശബരിമല പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നത് യുഡിഎഫിന്‍റെ അറ്റകൈ പ്രയോഗമെന്ന് സിപിഎം. കുതന്ത്രങ്ങളിലൂടെയേ കേരളത്തില്‍ നിലനില്‍ക്കാനാകൂ എന്ന നിലയിലേക്ക് യുഡിഎഫ് അധഃപതിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയെ കടന്നാക്രമിച്ച ഐസക് മുസ്്ലീം ലീഗ് മുഖ്യധാരാ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്‍റെ ആഘാതം ലോക് സഭാ തിരഞ്ഞെടുപ്പോടെ അവസാനിച്ചെന്ന ആശ്വാസത്തിലായിരുന്നു സിപിഎം. എന്നാല്‍ ശബരമലപ്രശ്നം വീണ്ടും ആയുധമാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.
പറയാന്‍ മറ്റൊന്നുമില്ലാത്ത കോണ്‍ഗ്രസ് പരിഹരിച്ച പ്രശ്നം വീണ്ടും കുത്തിപ്പൊക്കുകയാണെന്നാണ് സിപിഎമ്മിന്‍റെ മറുപടി. മതനിരപേക്ഷനിലപാട് എടുക്കുന്ന ഹൈന്ദവ സമൂഹമാണ് കേരളത്തിന്‍റെ കരുത്തെന്നും അതില്‍ വിള്ളലുണ്ടാക്കാന്‍ എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും വലിയപങ്കുവഹിക്കുന്നുണ്ടെന്നും തോമസ് ഐസക്.
അവരെ തള്ളിപറഞ്ഞാലേ ബിജെപിയെ നേരിടാന്‍ പറ്റൂ. എന്നാല്‍ മുസ്ലീം ലീഗ് മുഖ്യധാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നാണ് തോമസ് ഐസക്കിന്‍റെ നിലപാട്. കോണ്‍ഗ്രസ് ആക്ഷേപിക്കുന്നതുപോലെ സിപിഎം അല്ല ഭൂരിപക്ഷ വര്‍ഗീയത പറയുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി ഓതിക്കൊടുക്കുന്ന രാഷ്ട്രീയം കോണ്‍ഗ്രസ് പറയരുതെന്നും തോമസ് ഐസക് പറഞ്ഞു.