കോൺഗ്രസിനൊപ്പം വളർന്ന ഗ്രൂപ്പു വഴക്ക് ! കോൺഗ്രസ് ഒരു പാർട്ടിയല്ല; രണ്ടു ഗ്രൂപ്പുകളുടെ കോഓർഡിനേഷൻ കമ്മറ്റി. 75 -ാം വയസിൽ പാർട്ടി വിട്ട പി സി ചാക്കോ പറഞ്ഞ വലിയ ശരി ! ചാക്കോയോട് വിയോജിക്കുമ്പോഴും ചാക്കോ പറഞ്ഞതിനോട് യോജിച്ച്‌ കോൺഗ്രസ് പ്രവർത്തകരും. ജേക്കബ് ജോർജ് എഴുതുന്നു

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചുകൊണ്ട് പിസി ചാക്കോ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞ ഒരു വലിയ ശരിയുണ്ട്. 'കോണ്‍ഗ്രസില്‍ രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ഇന്ന് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ല. പകരം രണ്ടു ഗ്രൂപ്പുകളേയുള്ളു'. ചാക്കോ പറഞ്ഞതെന്തു ശരി.

Advertisment

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വലിയൊരു പ്രത്യേകതയാണ് ഗ്രൂപ്പ് വഴക്ക്. എഴുപതുകളിലും എണ്‍പതുകളിലും കേരളം കണ്ട ഗ്രൂപ്പ് കളിയുമായി നോക്കുമ്പോള്‍ ഇപ്പോഴത്തേത് ഒന്നുമല്ലെന്നുതന്നെ പറയാം. അന്നു സാക്ഷാല്‍ കെ കരുണാകരനായിരുന്നു ഒരു ഭാഗത്ത്. മറുവശത്ത് എകെ ആന്‍റണിയും. അതൊരു ക്ലാസിക് പോരാട്ടം തന്നെയായിരുന്നു.

ആ പോരാട്ടത്തിന്‍റെ ഒരു ഗുണം, അതിലൊരു രാഷ്ട്രീയമുണ്ടായിരുന്നുവെന്നുള്ളതു തന്നെയാണ്. ഗ്രൂപ്പ് പ്രവര്‍ത്തനം ആത്യന്തികമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായിരുന്നുവെന്നര്‍ത്ഥം. അവസാനം ആ പോരാട്ടത്തിന് ഒരവസാനമുണ്ടായത് കെ കരുണാകരന്‍റെ വീഴ്ചയോടെയാണ്. ഒട്ടും രാഷ്ട്രീയമല്ലാത്ത കാരണങ്ങളുടെ പേരില്‍ രാഷ്ട്രീയക്കാരനായ കെ കരുണാകരന് രാജി വയ്ക്കേണ്ടിവന്നു.

1995 ലായിരുന്നു ഗ്രൂപ്പ് വഴക്ക് മൂത്ത് കരുണാകരന്‍റെ മുഖ്യമന്ത്രിക്കസേര താഴെ വീണത്. ഐഎസ്ആര്‍ഒ ചാരക്കേസായിരുന്നു കാരണമായത്. അല്ല, കാരണമാക്കിയത്. നമ്പിനാരായണന്‍ എന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ പാകിസ്ഥാനു ചോര്‍ത്തി നല്‍കി എന്നതായിരുന്നു കേസ്. കരുണാകരനു പ്രിയപ്പെട്ട പോസീസുദ്യോഗസ്ഥനായിരുന്ന ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് ഇതില്‍ പങ്കുണ്ടെന്ന പോലീസിന്‍റെയും ഐബിയുടെയും കണ്ടെത്തലാണ് അദ്ദേഹത്തിനു വിനയായത്.

കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നായി ആന്‍റണി പക്ഷം. കരുണാകരന്‍റെ സ്വന്തം ഐ ഗ്രൂപ്പില്‍ നിന്നുതന്നെ പോരുനടത്തി പുറത്തുപോയി തിരുത്തല്‍വാദികളായവരും ആന്‍റണി പക്ഷത്തോടു കൂട്ടുകൂടി. കരു നീക്കങ്ങളൊക്കെയും നടത്തിയത് ഉമ്മന്‍ ചാണ്ടി. ആദ്യത്തെ ഓപ്പറേഷന്‍ മുന്നണിയിലെ ഘടക കക്ഷികളില്‍ മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എന്നീ പാര്‍ട്ടികളെ ആദ്യമേ തന്നെ വശത്താക്കി. പിന്നെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയിലായി ഓപ്പറേഷന്‍. അവിടെയും കരുണാകരനു ഭൂരിപക്ഷമില്ലാതാക്കി.

മുന്നണിയില്‍ കരുണാകരനോടൊപ്പം നിന്നത് എംവി രാഘവന്‍റെ സിഎംപി മാത്രം. പിന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണ പണിക്കരും. കാല്‍ച്ചുവട്ടിലെ മണ്ണ് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി നരസിംഹറാവു തന്നെ കൈവിടില്ലെന്ന് കരുണാകരന്‍ കണക്കുകൂട്ടി. പക്ഷെ, ഹൈക്കമാന്‍റ് കണ്ടത് മുന്നണിയിലും പാല്‍ലമെന്‍ററി പാര്‍ട്ടിയിലും തികച്ചും ഒറ്റപ്പെട്ട കരുണാകരനെയാണ്. കരുണാകരനു കസേര പോയി.

ഡല്‍ഹിയിലായിരുന്ന എകെ ആന്‍റണി പ്രത്യേക വിമാനത്തില്‍ പറന്നെത്തി മുഖ്യമന്ത്രിയായി. 1967 ല്‍ നിയമസഭയില്‍ വെറും ഒമ്പത് അംഗങ്ങളുടെ നേതാവായിരിക്കെ പല ഘടകകക്ഷികളെയും ഒന്നിച്ചു കൊണ്ടുവന്ന് കെ കരുണാകരനാണ് ഇന്നു കാണുന്ന ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫ് തുന്നിക്കൂട്ടിയെടുത്തത്.

കരുണാകരന്‍റെ വീഴ്ചയോടെ ആ മുന്നണിയുടെ നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ കൈയിലെത്തി. ഐ പക്ഷത്തിന്‍റെ കൈയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം ആന്‍റണിയും കൈക്കലാക്കി. ഉമ്മന്‍ ചാണ്ടി, കെഎം മാണി, പികെ കുഞ്ഞാലിക്കുട്ടി എന്നീ തൃമൂര്‍ത്തികളുടെ നിയന്ത്രണത്തിലായിരുന്നു യുഡിഎഫ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലം വരെ.

അഞ്ചു വര്‍ഷത്തെ പിണറായി വിജയന്‍ ഭരണത്തിന്‍റെ കാലാവധി കഴിഞ്ഞ് തെരഞ്ഞെടുപ്പുവരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു നേതാക്കളും ദല്‍ഹയിലാണ് - സ്ഥാനാര്‍ത്ഥി ലിസ്റ്റിന് ഹൈക്കമാന്‍റിന്‍റെ അംഗീകാരം തേടി.

ലിസ്റ്റില്‍ രണ്ടു ഗ്രൂപ്പിലുള്ളവര്‍ മാത്രമേയുള്ളുവെന്ന് പിസി ചാക്കോ ഉറപ്പിച്ചു പറയുന്നു. അതില്‍ മനം നൊന്താണ് ചാക്കോ പടിയിറങ്ങുന്നത്. 75 -ാം വയസില്‍.

kazhchapad
Advertisment