കാപ്പനുവേണ്ടി കാപ്പന്‍ ! കാപ്പനും കാപ്പനും ചേര്‍ന്നാല്‍ ജോസ് കെ മാണിയെ തളയ്ക്കാനാകുമോ ? സിപിഎമ്മിന് പാലായില്‍ കുറഞ്ഞത് 33000 വോട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന് 50000 ഉം. അതില്‍ ഒരു 12000 തള്ളിയാലും വഴിക്കണക്കുകള്‍ ജോസ് കെ മാണിക്കുതന്നെ അനുകൂലം – മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു…

ജേക്കബ് ജോര്‍ജ്
Saturday, April 3, 2021

പാലായില്‍ കാപ്പനു വേണ്ടി പ്രചരണത്തിനിറങ്ങിയിരിക്കുന്നത് മറ്റൊരു കാപ്പന്‍. യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനു വേണ്ടി പഴയകാല കേരള കോണ്‍ഗ്രസ് നേതാവായ ഡിജോ കാപ്പന്‍ രംഗത്തിറങ്ങിയിരിക്കുന്നുവെന്നേ ഇപ്പറഞ്ഞതിനര്‍ഥമുള്ളു.

കേരളാ കോണ്‍ഗ്രസിന്‍റെ നല്ലകാലത്ത് ഉയര്‍ന്ന സ്ഥാനങ്ങളിലിരുന്ന് എല്ലാ രാഷ്ട്രീയക്കളികളും കളിച്ചും പഠിച്ചും വളര്‍ന്ന ഡിജോ കാപ്പന്‍ ആവനാഴിയിലെ അമ്പുകളൊക്കെ പൊടിതട്ടി പുറത്തെടുത്തിരിക്കുകയാണ്. ഒക്കെയും ജോസ് കെ മാണിക്കെതിരെ പ്രയോഗിക്കാന്‍. കാപ്പനും കാപ്പനും കുടുംബക്കാരാണെന്നുള്ളതുമുണ്ട് എടുത്തുപറയാന്‍.

കേരളാ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സിയിലൂടെയായിരുന്നു ഡിജോ കാപ്പന്‍റെ തുടക്കം. കെ.എം മാണിതന്നെ ആദ്യകാല നേതാവ്. കേരളാ കോണ്‍ഗ്രസ് പലതവണ പിളര്‍ന്നപ്പോള്‍ കാപ്പനും തരംപോലെ പക്ഷം മാറി.

കെഎം മാണിയാകട്ടെ, പാലാ എന്ന സ്വന്തം തട്ടകത്തില്‍ വേറൊരാള്‍ മിടുക്കനായി വളര്‍ന്നുവരുന്നതിഷ്ടപ്പെടുന്നയാളുമല്ല. പാര്‍ട്ടി പിളര്‍ന്ന് പിജെ ജോസഫ് സ്വന്തം ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ ഡിജോ കാപ്പന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

പിന്നെ ആര്‍. ബാലകൃഷ്ണപിള്ളയോടൊപ്പം. ഒടുവില്‍ പിള്ളയുടെ നടപടികളില്‍ മനം മടുത്ത് രാഷ്ട്രീയം വിട്ടു. പിന്നങ്ങോട്ടു തിരിഞ്ഞുനോക്കാനേ പോയില്ല. വര്‍ഷങ്ങളായി ഡിജോ കാപ്പന്‍ സ്വന്തം കാര്യം നോക്കി നടക്കുന്നു.

എങ്കിലും ഇത്തിരി കാലമെങ്കിലും രാഷ്ട്രീയം കളിച്ചിട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പു വന്നാലുടന്‍ പനി പിടിക്കും. എവിടെയെങ്കിലും കുറച്ചെങ്കിലും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരുതരം ഇരിപ്പുറയ്ക്കായ്ക. ജോസ് കെ മാണിക്കു പറ്റുന്ന വാക് പിഴവും അബദ്ധങ്ങളുമൊക്കെ പ്രചാരണായുധമാക്കി മാണി സി കാപ്പനു കൊടുക്കുകയാണ് ഡിജോ സി കാപ്പന്‍റെ കര്‍മ്മ പദ്ധതി. ലൗ ജിഹാദ് വിഷയം ഉദാഹരണം.

പാലാ മുന്‍സിപ്പാലിറ്റിയിലെ സിപിഎം-കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സംഘര്‍ഷം മറ്റൊന്ന്. അഞ്ചുമാസം ഒന്നിച്ചിരിക്കാന്‍ വയ്യാത്തവരാണോ ഇനി നിയമസഭയില്‍ അഞ്ചു വര്‍ഷം ഒന്നിച്ചിരിക്കാന്‍ പോകുന്നതെന്ന് ഡിജോ കാപ്പന്‍ പറഞ്ഞുകൊടുക്കുന്ന പ്രചരണ വാക്യം.

എന്നുകരുതി ഡിജോ കാപ്പന്‍ എക്കാലത്തും മാണി സി കാപ്പന്‍റെ ആളായിരുന്നുവെന്നു കരുതേണ്ട. കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് ജനറല്‍ സെക്രട്ടറിയായിരിക്കെ രാഷ്ട്രീയം വിട്ട ഡിജോ കാപ്പന്‍ അതിനു ശേഷം രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടേയില്ല. ഓഫറുകള്‍ പലതും വന്നിട്ടും.

പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, അതായത് 2016 -ല്‍ ഡിജോ കാപ്പനെ തേടി ഒരു ഗംഭീര ഓഫര്‍ വന്നു. പാലാ സീറ്റില്‍ സാക്ഷാല്‍ കെഎം മാണിയ്ക്കെതിരെ മത്സരിക്കുക. അതും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി.

കാപ്പന്‍ ആദ്യം വലിയ ഉത്സാഹമൊന്നും കാണിച്ചില്ല. വലിയ കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദം മുറുകിയപ്പോള്‍ കാപ്പന്‍ സമ്മതം മൂളി. സിപിഎം നേതൃത്വത്തിന് ഡിജോ കാപ്പനോട് താല്‍പര്യമായിരുന്നു. പ്രായത്തിന്‍റെ ക്ഷീണമുണ്ടെങ്കിലും കെഎം മാണി ഒരിക്കല്‍ കൂടി മത്സരിക്കണമെന്ന ആവശ്യം എതിര്‍ കേന്ദ്രങ്ങളില്‍ ഉയര്‍ന്നു.

മാണി സി കാപ്പനെപ്പോലെയല്ല ഡിജോ കാപ്പന്‍ എന്നു പലതും കണക്കെഴുതി. എന്‍സിപി സീറ്റ് വിട്ടുകൊടുത്താലല്ലേ പാലാ ഡിജോ കാപ്പനു കൊടുക്കാനാകൂ. ശരത് പവ്വാറിനു മേല്‍ സമ്മര്‍ദം മുറുകി. അതും പാലായില്‍നിന്ന്. സമ്മര്‍ദം ചെന്നത് പവാറിന്‍റെ മകള്‍ സുപ്രിയാ സുലേ വഴി.

ചെന്നതാകട്ടെ പാലായില്‍ നിന്നും. ജോസ് കെ മാണിയും സുപ്രിയയും രാജ്യസഭയില്‍ സുഹൃത്തുക്കളായിരുന്നു. സീറ്റ് എന്‍സിപിയുടെ കൈയ്യില്‍ തന്നെ നിലനിന്നു. മാണി സി കാപ്പന്‍ മത്സരിച്ചു. മാണി സാര്‍ നിയമസഭയിലേയ്ക്കും ചരിത്രത്തിലേയ്ക്കും നടന്നു കയറുകയും ചെയ്തു. ഡിജോ കാപ്പന്‍ ഒന്നുമറിഞ്ഞ ഭാവം പ്രകടിപ്പിച്ചില്ല.

ഇന്നിപ്പോള്‍ കാപ്പനും കാപ്പനും കൂടി ചേര്‍ന്നാല്‍ ജോസ് കെ മാണിയെ തളയ്ക്കാനാകുമോ ? സിപിഎം ജോസ് കെ മാണിയെ ജിയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. എണ്ണം പറഞ്ഞ 33000 വോട്ടുണ്ട് പാര്‍ട്ടിക്ക്. കേരള കോണ്‍ഗ്രസിന് എങ്ങനെയൊക്കെയായാലും ഏകദേശം 50000 വോട്ട് കൈയ്യിലുണ്ട്.

പിളര്‍പ്പും വഴക്കുമൊക്കെയായി ഒരു 12000 വോട്ട് എഴുതിത്തള്ളിയാലും പ്രശ്നമില്ല. വഴിക്കണക്കുകള്‍ എങ്ങനെ കൂട്ടിയാലും ജോസ് കെ മാണിക്കുതന്നെ അനുകൂലമായി നില്‍ക്കുന്നു. ഡിജോ കാപ്പന്‍ മാണി സി കാപ്പനുവേണ്ടി അവസാന ദിവസത്തെ തന്ത്രം മെനയാന്‍ തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് അധികം നേരമില്ല.

×