Advertisment

ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ നോക്കി ഈ മുദ്രാവാക്യം ആഞ്ഞുവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു... നേതാക്കളെ നിങ്ങളിത് കേള്‍ക്കുന്നുണ്ടോ ? - മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. തകര്‍ന്നത് യുഡിഎഫ് അപ്പാടെയായിരുന്നു. ഘടകകക്ഷികളൊക്കെയും ചിന്നിച്ചിതറിപ്പോയി. ആര്‍.എസ്.പി രണ്ടാം തവണയും ഒരു സീറ്റും നേടാതെ സംപൂജ്യരായി. സിഎംപിക്കും സീറ്റ് കിട്ടിയില്ല. കേരളാ കോണ്‍ഗ്രസിനു കിട്ടിയത് വെറും രണ്ടു സീറ്റ്. മുസ്ലീം ലീഗ് 18 -ല്‍ നിന്ന് 15 ലേക്ക് ചുരുങ്ങി.

ഘടകകക്ഷികളൊക്കെ പരിഭ്രാന്തിയിലാണ്. ഇത്രയും കാലം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സമൃദ്ധമായിക്കഴിഞ്ഞ ഭരണമില്ലാത്ത ഓരോ ഇടവേള കഴിയുമ്പോഴും ഭരണം നിലാവുപോലെ വരും. വേനലിന്‍റെ കടുത്ത ചൂടു വിട്ടൊഴിയും. പിന്നെ അഞ്ചുവര്‍ഷക്കാലം സമൃദ്ധിയുടെയും സമ്പന്നതയുടെയും കാലമാണ്. വറുതിയുടെ കാലം മുമ്പില്‍ കാണുമെങ്കിലും പേടിക്കാനൊന്നുമില്ല. അഞ്ചു വര്‍ഷമല്ലേ കഷ്ടപ്പെടേണ്ടൂ. പിന്നെ നല്ലകാലം വരുമല്ലൊ.

ആ പതിവിതാ മാറിയിരിക്കുന്നു. ഭരണത്തിന്‍റെ തണലില്ലാതെ കാഞ്ഞ വെയിലത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് അഞ്ചു കൊല്ലമായി. ഇനി അടുത്ത അഞ്ചു കൊല്ലം കൂടി. ഈ നീണ്ട വരള്‍ച്ചയില്‍ എത്ര കക്ഷികള്‍ക്കു പിടിച്ചു നില്‍ക്കാനാകും ?

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗിനാകും ഏറ്റവും വലിയ ബുദ്ധിമുട്ട്. ഒന്നിടവിട്ടുള്ള അയ്യഞ്ചുവര്‍ഷത്തെ ഭരണ കാലയളവില്‍ അങ്ങേയറ്റം ആര്‍ഭാടത്തില്‍ കഴിഞ്ഞതാണ്. ഇനി കൊടും വെയിലത്തു നില്‍ക്കണം. അതും അഞ്ചുവര്‍ഷം.

കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫാകട്ടെ, ജോസ് കെ മാണിയുമായി ഇടഞ്ഞ്, പിന്നെ പിസി തോമസുമായി ചേര്‍ന്ന് വാലില്ലാത്ത കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചെങ്കിലും കിട്ടിയത് രണ്ടു സീറ്റ്. ഇനിയെങ്ങനെ ഈ ഘടകകക്ഷികളൊക്കെ കരുത്താര്‍ജിക്കാന്‍ നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനെ ആശ്രയിക്കും ?

കോണ്‍ഗ്രസ് എങ്ങനെ ഈ കക്ഷികളെയൊക്കെ കൂടെ നിര്‍ത്തും ? അതും സ്വന്തം കാര്യം പോലും ഒന്നിച്ചിരുന്നാലോചിച്ച് ഒരു തീരുമാനം എടുക്കാനാകാതെ ഗതിമുട്ടി നില്‍ക്കുന്ന കോണ്‍ഗ്രസ് !

അധോഗതിയിലായ ബിജെപിയുടെ കൂടെ പോകാന്‍ കോണ്‍ഗ്രസുകാരുണ്ടാകില്ലെന്നു പ്രതീക്ഷിക്കാമെന്നു മാത്രം.

കോണ്‍ഗ്രസിനു വേണ്ടത് പുതിയൊരു നേതൃത്വമാണ്. ശക്തമായൊരു നേതൃത്വം. സംഘടനയെ വളര്‍ച്ചയിലേയ്ക്കു നയിക്കാന്‍ ശേഷിയുള്ള നേതൃത്വം. പാര്‍ട്ടിയായാലും ബിസിനസായാലും മതമായാലും ബാങ്കായാലും കൃത്യമായ വളര്‍ച്ച വേണമെങ്കില്‍ മികവുള്ള നേതാവു വേണം.

പ്രാഗത്ഭ്യമുള്ള നേതൃത്വം വേണം. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കൈക്കലാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ആ വോട്ടത്രയും ഈ സംസ്ഥാനത്തെ സ്വന്തം തട്ടകത്തുനിന്നാണ് യുഡ‍ിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആ വോട്ടൊക്കെയും ഇടത്തേക്കു തിരിഞ്ഞു. അതേ രീതിയില്‍ത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടുകള്‍ ഇടത്തേക്കുപോയി.

കേരള സമൂഹത്തില്‍ പല വ്യത്യാസങ്ങളും ഉണ്ടായിരിക്കുന്നു. ഇതൊന്നും യുഡിഎഫ് നേതാക്കള്‍ കണ്ടതേയില്ല. കണ്ടെങ്കിലും ജനങ്ങളുടെ മാറ്റം അവര്‍ക്കു മനസിലായില്ല. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ബിജെപിക്കും മനസിലായില്ല. കാടിളക്കി, കാശിളക്കി, ഹെലിക്കോപ്റ്ററിറക്കി, മെട്രോമാനെയിറക്കി വോട്ടുവാങ്ങാമെന്ന് അവര്‍ മനക്കോട്ട കെട്ടി. ഒന്നും നടന്നില്ല. കൈയ്യിലിരുന്ന നേമവും പോയി.

കോണ്‍ഗ്രസ് ഇനിയെന്തു ചെയ്യും ? പരാജയം ശരിക്കു പഠിച്ചിട്ട് പിന്നെ കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. അതാരു പഠിക്കും ? എത്ര കാലമെടുക്കും ? 2004 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേടിയപ്പോള്‍ മുഖ്യമന്ത്രി എകെ ആന്‍റണി ഉടന്‍ രാജിവച്ചൊഴിഞ്ഞല്ലോ. പകരം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുകയും ചെയ്തു.

1969 -ല്‍ കെ കരുണാകരന്‍ സ്വന്തം തന്ത്രവും രാഷ്ട്രീയവുമൊക്കെ ചേര്‍ത്തുണ്ടാക്കിയ ഐക്യ ജനാധിപത്യ മുന്നണിയാണ് ഇന്ന് നിര്‍ജീവമായി കിടക്കുന്നത്. 1967 -ലെ തെരഞ്ഞെടുപ്പില്‍ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസിന് വെറും ഒമ്പതുംഗങ്ങള്‍ മാത്രം നിയമസഭയിലുണ്ടായിരുന്നു.

അവിടെ നിന്നാണ് ഐക്യജനാധിപത്യ മുന്നണിജയിച്ചു വളര്‍ന്നത്. ലീഡര്‍ കരുണാകരന്‍റെ നേതൃത്വത്തില്‍.

ആ കരുണാകരനെ വലിച്ചു താഴെയിറക്കിയാണ് എകെ ആന്‍റണി 1995 -ല്‍ മുഖ്യമന്ത്രിയായത്. കരുണാകരന്‍ അന്നു നേതൃത്വം കൊടുത്തു വളര്‍ത്തിയെടുത്ത ഐക്യജനാധിത്യ മുന്നണി ഉമ്മന്‍ ചാണ്ടിയുടെ കൈയ്യിലുമായി.

കെഎം മാണിയും പികെ കുഞ്ഞാലിക്കുട്ടിയും കൂടെനിന്ന് മുന്നണിയുടെ പിടി മുഴുവന്‍ കൈകളിലൊതുക്കി. പിന്നെ 2011 -ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി. 2016 -ല്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രി.

ഇപ്പോഴിതാ, 2021 -ല്‍ പിണറായി വിജയന്‍റെ ഭരണ തുടര്‍ച്ചയില്‍ കോണ്‍ഗ്രസ് രണ്ടാമതും വെറും 22 സീറ്റില്‍ ഒതുങ്ങിനില്‍ക്കുന്നു. ചുറ്റും തളര്‍ന്നു വീണു കിടക്കുന്ന ഘടകകക്ഷികള്‍ക്കു പുതു ജീവന്‍ നല്‍കാന്‍ കോണ്‍ഗ്രസില്‍ പുതിയ നേതാക്കളാരുണ്ട് ?

പഴയ നേതാക്കളാരും മാറിക്കൊടുക്കുന്ന ലക്ഷണമില്ലതന്നെ. അഞ്ചു വര്‍ഷം ഏറെ അധ്വാനിച്ചിട്ടും ഇതാണു ഫലമെങ്കില്‍ ഇനിയൊരഞ്ചു വര്‍ഷംകൂടി അവര്‍ തന്നെ അവിടെത്തന്നെ ഇരുന്നിട്ട് ആര്‍ക്കന്തു പ്രയോജനം ?

ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി ? 1970 -കളില്‍ കേരളത്തിലെ കാലാലയങ്ങളില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുഴക്കിയിരുന്ന മുദ്രാവാക്യമാണിത്. ഇന്ന് യുഡിഎഫിനകത്ത് ഏറെ പ്രസക്തിയുണ്ട് ഈ മുദ്യാവാക്യത്തിന്.

ഘടകകക്ഷികള്‍ ഈ മുദ്രാവാക്യം ആഞ്ഞുവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസുകാരോട്. നേതാക്കള്‍ കേള്‍ക്കുന്നുണ്ടോ ?

 

kazhchapad
Advertisment