തിരുവനന്തപുരം: നിയമസഭ തെഞ്ഞെടുപ്പിൽ സിപിഐഎം ബിജെപി ധാരണയുണ്ടെന്നാരോപിച്ച് നടനും കോൺഗ്രസ് പ്രവർത്തകനുമായ ജഗദീഷ്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഐഎം രഹസ്യ ധാരണയുണ്ടെന്ന് ജഗദീഷ് പറഞ്ഞു. ഇതിനെ പറ്റി ഇടതുപക്ഷത്തുള്ള സിനിമ പ്രവർത്തകർ തന്നോട് പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ നിന്നും പുറത്തുവന്നതെന്നും ജഗദീഷ് കുറ്റപ്പെടുത്തി. മലയാള മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് വിമുക്ത ഭാരതം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. സിപിഐഎം ആ ട്രാപിൽ വീണിരിക്കുകയാണ്. ഇതിനെ വളരെ ദയനീയമായ ഒന്നായേ കാണാനാകൂവെന്നുംജഗദീഷ്പറയുന്നു.
സംസ്ഥാനം പ്രകൃതി ദുരന്തം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ സർക്കാരിന് പിന്തുണ നൽകി ഒപ്പം നിന്നവരാണ് ഇവിടുത്തെ ജനങ്ങളും പ്രതിപക്ഷവും. എന്നാൽ ഈ സർക്കാരിന്റെ അഴിമതികളെ ഒരു കാരണവശാലും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പടെയുള്ളവരാണ് അഴിമതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്പ്രിങ്ക്‌ളർ ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് നേരെ കൈമലർത്തിയ സർക്കാർ അതിന് പിന്നാലെ വന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമുട്ടി നിൽക്കുകയാണ് ചെയ്തത്.
കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരെ നീങ്ങിയിരിക്കുകയാണെന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ലെന്നും ജഗദീഷ് പറഞ്ഞു. ബന്ധുനിയമനത്തിനെതിരെയും ജഗദീഷ് രംഗത്തെത്തി. കാലിക്കറ്റ്, കാലടി സർവ്വകലാശാലകളിലെ പിൻവാതിൽ നിയമനങ്ങളെ കുറിച്ചുയരുന്ന ആരോപണങ്ങൾ പണ്ടുമുതലെ ഉയർന്നു കേൾക്കുന്ന ഒന്നാണ്. ഒരു കോളേജ് അധ്യാപകനായിരുന്ന തനിക്ക് അതിന്റെ നിജസ്ഥിതിയറിയാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ യുവ നേതാക്കളുടെ ഭാര്യമാർക്ക് ഉന്നത തസ്തികകളിൽ എങ്ങനെ ജോലി ലഭിക്കുന്നുവെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ജഗദീഷ്. മൂന്ന് മുന്നണികളിൽ നിന്നും മൂന്ന് സിനിമാ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയെന്ന പ്രത്യേകതയും കഴിഞ്ഞ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. എൽഡിഎഫിൽ നിന്നും കെബി ഗണേഷ് കുമാറും എൻഡിഎ സ്ഥാനാർത്ഥിയായി ഭീമൻ രഘുവുമായിരുന്നു അന്ന് ഏറ്റുമുട്ടിയത്. 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബി ഗണേഷ് കുമാർ മണ്ഡലത്തിൽ വിജയിച്ചത്. 49,867 വോട്ടുകളോടെ ജഗദീഷ് രണ്ടാമതെത്തിയപ്പോൾ ഭീമൻ രഘുവിന് നേടാനായത് 11,700 വോട്ടുകൾ മാത്രമായിരുന്നു.