അഭിനയത്തിന്റെ ആവേശവും ഉത്സാഹവും നിറച്ച് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ ; ആക്‌ഷൻ ശബ്ദം മുഴങ്ങിയതോടെ സംഭാഷണം ഇല്ലാതെ മുഖത്ത് ഭാവങ്ങള്‍ തെളിയിച്ച് വിസ്മയിപ്പിക്കുന്ന അഭിനയം !!

ഫിലിം ഡസ്ക്
Monday, January 20, 2020

തിരുവനന്തപുരം : ആക്‌ഷൻ ശബ്ദം മുഴങ്ങിയതോടെ സംഭാഷണം ഇല്ലാതെ, മുഖത്ത് ഭാവങ്ങൾ നിറച്ച് ജഗതി ശ്രീകുമാർ സിനിമാ ക്രൂവിനെ വിസ്മയിപ്പിച്ചു . ഒപ്പം അഭിനേതാക്കളായി മകൻ രാജ്കുമാറും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും ഉൾപ്പെടെയുള്ള സംഘവുമുണ്ടായിരുന്നു. അഭിനയത്തിന്റെ ആവേശവും ഉത്സാഹവും നിറച്ച് ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുന്നിൽ എത്തിയതോടെ കണ്ടു നിന്നവർക്കും ഏറെ സന്തോഷമായി.

സ്വന്തം ജീവിതം പശ്ചാത്തലമാക്കിയ പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ജഗതി ശ്രീകുമാർ ഒരു ദിവസം മുഴുവൻ‍ പങ്കെടുത്തത്. പഠിച്ച കലാലയത്തിലേക്ക് ജഗതി മടങ്ങി വരുന്നതും സുഹ്യത്തുക്കളുമായി ഒത്തു ചേരുന്നതുമാണ് ഒന്നര മിനിറ്റുള്ള ചിത്രത്തിലുള്ളത്. ജഗതിയുടെ ചെറുപ്പകാലമാണ് മകൻ രാജ്കുമാർ ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചത്.

സംവിധായകൻ സിധിൻ ഗോകുലം ഗ്രൂപ്പിനായി തയാറാക്കിയ പരസ്യചിത്രീകരണത്തിലാണ് ജഗതി പങ്കെടുത്തത്. വഴുതക്കാട് ഗവ.വിമൻസ് കോളജിലായിരുന്നു ചിത്രീകരണം. ഗോകുലം ഗോപാലൻ ഉ​റ്റ ചങ്ങാതിയുടെ വേഷത്തിൽ എത്തുന്നുണ്ട്.

മാർ ഇവാനിയോസ് കോളജിൽ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അധ്യാപികയായിരുന്ന മേഴ്‌സിയും ചിത്രത്തിൽ അഭിനയിക്കാൻ എത്തി. ഷൂട്ടിങ് ആവശ്യത്തിനായി എത്തിച്ച പഴയ കാറിലിരുന്നു ഇടവേളയിൽ ജഗതിയും ഗോകുലം ഗോപാലനും സൗഹൃദം പങ്കു വച്ചു.

×