പിണറായി വിജയന് ഇസ്ലാമോഫോബിയ; ആർഎസ്എസ് ചർച്ചാ വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മറുപടി

New Update

publive-image

കോഴിക്കോട്: ആർഎസ്എസുമായുള്ള ചർച്ചാ വിവാദത്തിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയെന്ന് ജമാഅത്തെ ഇസ്ലാമി. ഇപ്പോൾ നടക്കുന്നത് വില കുറഞ്ഞ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ ജമാ അത്തെ ഇസ്ലാമി വിമർശനം ഇസ്ലാമോഫോബിയ ആണെന്നും കേരള അസിസ്റ്റന്റ് അമീർ മുജീബ് റഹ്മാൻ കുറ്റപ്പെടുത്തി.

Advertisment

ആർഎസ്എസ്സുമായുള്ള ചർച്ചയിൽ ഇതാദ്യമായാണ് ജമാഅത്തെ ഇസ്ലാമി പരസ്യ പ്രതികരണവുമായി എത്തുന്നത്. ഇന്ത്യയിലെ പ്രബല മുസ്ലിം സംഘടനകൾ ചർച്ചയിലുണ്ടായിരുന്നിട്ടും ജമാഅത്തെ ഇസ്ലാമിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ വ്യക്തമായ തിരക്കഥയുണ്ടെന്ന് നേതൃത്വം കുറ്റപ്പെടുത്തുന്നു. ജനുവരി 14ന് നടന്ന ചർച്ച ഇപ്പോൾ വിവാദമാക്കുന്നത് സിപിഎം കേന്ദ്രങ്ങളാണ്.

ജമാഅത്തെ ഇസ്ലാമിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഇസ്ലാമോഫോബിയ ആണെന്നും അമീർ കുറ്റപ്പെടുത്തി. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വിടണം എന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി 2016ൽ ശ്രീ എമ്മിന്റെ മാധ്യസ്ഥതയിൽ നടന്ന സിപിഎം-ആർഎസ്എസ് ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോയെന്നും മുജീബ് റഹ്മാൻ ചോദിച്ചു.

വില കുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെതെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തുന്നു. എന്നാൽ തുടക്കം മുതൽ ചർച്ചയ്‌ക്കെതിരെ രംഗത്തുള്ള സമുദായ സംഘടനകൾക്കെതിരെയോ യുഡിഎഫിനെതിരെയോ ജമാഅത്തെ ഇസ്ലാമിക്ക് വിമർശനമില്ല.

സംഘ്പരിവാറിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്‍ലിംകൾ. സംഘ്പരിവാറിനോട് ഇന്നും രാജിയാകാത്ത സമുദായമാണ് ഇവിടുത്തെ മുസ്‍ലിം സമുദായം. എന്തിനുവേണ്ടിയാണോ മുസ്ലീം സമൂഹം നിലകൊള്ളുന്നത് അതിനു വേണ്ടിയായിരുന്നു ചർച്ച. ജമാഅത്തെ ഇസ്‍ലാമിയും ആർഎസ്എസ്സുമായിട്ടായിരുന്നില്ല ചർച്ച നടന്നത്. മറിച്ച് മുസ്‍ലിം സംഘടനകളും ആർഎസ്എസ്സുമായി നടന്ന ചർച്ചയിൽ ജമാഅത്ത് ഭാഗമാകുകയായിരുന്നു.

സംഘപരിവാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ചർച്ചയ്ക്ക് ക്ഷണിച്ചത് ആർഎസ്എസ്സാണ്. ചർച്ചയിലൂടെ കാര്യങ്ങൾ ഉന്നയിക്കുന്നത് സമര മുറയാണെന്നും നേതൃത്വം വിശദീകരിക്കുന്നു. ആൾക്കൂട്ട കൊലപാതകം,വിദ്വേഷ പ്രസംഗം, അസാമിലെ കുടിയൊഴിപ്പിക്കൽ, മുസ്ലിംങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഒക്കെ ചർച്ചയിൽ ഉയർത്തി.

Advertisment