ജനതാകര്‍ഫ്യൂ നോട്ട് നിരോധനം പോലെയാകുമോ ; പ്രധാനമന്ത്രിക്ക് കമല്‍ ഹാസന്‍റെ കത്ത്

നാഷണല്‍ ഡസ്ക്
Tuesday, April 7, 2020

ചെന്നൈ: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെടുക്കാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും അശാസ്ത്രീയമായ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും നേരിടേണ്ടിവരുമോ എന്ന് ആശങ്കയുണ്ടെന്ന് കമല്‍ നരേന്ദ്രമോദിക്കയച്ച കത്തില്‍ പറയുന്നു.

 

രാജ്യം ലോക്ക്ഡൗണിൽ കഴിയുമ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുക സമൂഹത്തിലെ താഴേത്തട്ടിൽ ജീവിക്കുന്നവരാണെന്നും അവർ റൊട്ടി ഉണ്ടാക്കാൻ വേണ്ടിയുള്ള എണ്ണ വാങ്ങാൻ പോലും ബുദ്ധിമുട്ടുന്നു എന്ന് കമല്‍ ഹാസ്സന്‍ തുറന്നടിച്ചു.

വ്യക്തമായ ആസൂത്രണമില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതാണ് കാരണം. രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങൾക്ക് ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിളക്ക് തെളിയിക്കല്‍ ആഹ്വാനത്തെ പരോക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസ്സന്‍ കത്തില്‍ നിലപാട് വ്യക്തമാക്കുന്നു.

ചൈനയിലും ഇറ്റലിയിലും കൊറോണ പടർന്നു പിടിച്ചത് കണ്ടുകൊണ്ടിരുന്നപ്പോൾ കുറഞ്ഞത് 4 മാസത്തെ സമയമാണ് രാജ്യത്തിന് പ്രതിരോധ മതിൽ കെട്ടാൻ ഉണ്ടായിരുന്നു സമയം. എന്നാൽ സമയോചിതമായ തീരുമാനങ്ങൾ എടുക്കാതെ നാല് മണിക്കൂർ കൊണ്ട് ഒരു രാജ്യം മുഴുവൻ തങ്ങളുടെ വീടുകളിൽ ഒതുങ്ങാൻ
വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനേയും കമൽ തന്റെ കത്തിൽ വിമർശിക്കുന്നുണ്ട്.

ബാൽക്കണികൾ ഉള്ള ജനങ്ങളുടെ മാത്രം ഗവൺമെന്റ് അല്ല മോദി സർക്കാർ എന്നും കത്തിലൂടെ മോദിയെ ഓർമ്മിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ അടിസ്ഥാനം തന്നെ ബാൽക്കണികൾ ഇല്ലാതെ ജീവിക്കുന്ന വലിയ വിഭാഗം ജനങ്ങളാണ്.

×