"ആ അർധ രാത്രിയിൽ അച്ചാച്ചൻ പാലായെ ഒരിക്കൽ കൂടി കണ്ടു, അവസാനമായി"; അച്ചാച്ചൻ്റെ അന്ത്യാഭിലാഷമായിരുന്നൂ ആ യാത്രയെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു; ജോസ്. കെ.മാണി

New Update

പാലാ: " ആ അർധരാത്രിയിൽ അവസാനമായി ഒരിക്കൽക്കൂടി അച്ചാച്ചൻ (കെ.എം. മാണി ) പാലാ നഗരത്തെ കണ്ടു. ഇനിയൊരിക്കലും ജീവനോടെ പാലായെ കാണാൻ കഴിയില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായിരുന്നിരിക്കണം.

Advertisment

publive-image

അച്ചാച്ചൻ്റെ അന്ത്യാഭിലാഷമായിരുന്നൂ ആ യാത്രയെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു " - ഇതേ വരെ പുറത്താരുമറിയാത്ത കെ. എം. മാണിയുടെ അവസാന ആഗ്രഹത്തെക്കുറിച്ചും തുടർന്നു പാലാ ടൗണിലൂടെ നടത്തിയ യാത്രയേക്കുറിച്ചും പറയവേ മകൻ ജോസ്. കെ. മാണി ഗദ്ഗദകണ്ഠനായി, മിഴികൾ നിറഞ്ഞു തുളുമ്പി.

കെ.എം. മാണിയുടെ 88-ാം ജന്മദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച "ഹൃദയത്തിൽ മാണി സാർ" എന്ന പരിപാടിയുടെ സമാപന ഭാഗമായി പാലായിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ജോസ്. കെ. മാണി ഇക്കാര്യം വെളിപ്പെടുത്തിയത്.

"അസുഖബാധിതനായ അച്ചാച്ചനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇടയ്ക്കിടെ കൊണ്ടു പോകുമായിരുന്നു. ക്ഷീണം അൽപ്പം കുറയുമ്പോൾ പാലായ്ക്ക് മടങ്ങും. ഇതായിരുന്നു പതിവ്. ഇക്കാര്യമൊക്കെ മിക്കവർക്കും അറിയില്ലായിരുന്നു.

ഒരിക്കൽ ആരോഗ്യനില തീരെ വഷളായി ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ നേരിയൊരു പുരോഗതി കണ്ടു. എന്നെ വിളിച്ച് മാറ്റി നിർത്തി അച്ചാച്ചൻ പറഞ്ഞു; എനിക്ക് അത്യാവശ്യമായി പാലായ്ക്ക് പോകണം. ഡോക്ടർമാർ യാത്ര കർശനമായി വിലക്കി.

പാലായ്ക്ക് പോയിട്ട് ഉടൻ മടങ്ങി വരാമെന്ന അച്ചാച്ചൻ്റെ നിർബന്ധത്തിന് ഒടുവിൽ ഡോക്ടർമാർ വഴങ്ങി. സന്ധ്യയോടെ പാലായിലെത്തി. വീട്ടിൽ വന്നതറിഞ്ഞ് അച്ചാച്ചനെ കാണാനും മറ്റും ആളുകളെത്തി. അവരെല്ലാം മടങ്ങിയപ്പോൾ രാത്രിയേറെ ആയി.

അപ്പോൾ അച്ചാച്ചൻ എന്നോടു പറഞ്ഞു, നീ കാറെടുക്ക്, നമുക്ക് പാലാ ടൗൺ ഒന്നു ചുറ്റണം. പേഴ്സണൽ സ്റ്റാഫ് പോലുമറിയാതെ ഞാനും അച്ചാച്ചനും മാത്രമായി കാറിൽ പാലാ ടൗൺ ചുറ്റി. തിരികെ പോരാൻ നേരം കുരിശുപള്ളിക്കു മുമ്പിൽ കാർ നിർത്താൻ പറഞ്ഞു. വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആരോഗ്യമില്ലാതിരുന്ന അച്ചാച്ചൻ കാറിലിരുന്ന് തന്നെ രണ്ട് മിനിട്ട് പ്രാർത്ഥിച്ചു, വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് ആശുപത്രിയിലേക്ക് പോയി.പിന്നീട് ജീവനോടെ അദ്ദേഹം പാലായ്ക്ക് വന്നില്ല. അന്ന് രാത്രി പാലാ നഗരം ചുറ്റാൻ എന്നെ അദ്ദേഹം നിർബന്ധിച്ചത്, തൻ്റെ പ്രിയപ്പെട്ട പട്ടണത്തെ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെ ആയിരിക്കണം" - പറഞ്ഞു നിർത്തുമ്പോൾ ഏറെ വികാരാധീനനായിരുന്നു ജോസ്. കെ. മാണി. കാണികളുടെ മുഖവും പെട്ടെന്ന് മ്ളാനമായി.

പാലായാണ് തൻ്റെ ജീവിതവും ലോകവുമെന്ന് അച്ചാച്ചൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടിമുടി സ്നേഹത്തിൻ്റെ രാഷ്ട്രീയമായിരുന്നൂ അച്ചാച്ചൻ്റേത്. ആ വഴിയെ പോകാനാണ് ഞാനും ശ്രമിക്കുന്നത്. എന്തെല്ലാം ആക്ഷേപിച്ചാലും ആരോപണമുന്നയിച്ചാലും അവരെ വ്യക്തിപരമായി വേദനിപ്പിക്കാൻ പാടില്ല എന്ന ഉപദേശമാണ് അച്ചാച്ചൻ എനിക്ക് തന്നിട്ടുള്ളത്. പൊതുജീവിതത്തിൽ അങ്ങേയറ്റം വരെ ഞാനിത് പാലിക്കുകയും ചെയ്യും" - ജോസ്. കെ. മാണി പറഞ്ഞു

km mani jose k mani
Advertisment