Advertisment

‘ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത്’; ജൂഹി ചൗളയെ വിമർശിച്ച് ഹൈക്കോടതി

New Update

publive-image

Advertisment

കോടതി വിധിച്ച പിഴ അടയ്ക്കാത്ത, ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമർശിച്ചു ഹൈക്കോടതി. ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത് ആണെന്നായിരുന്നു ജസ്റ്റിസ് ജെ.ആർ. മിധയുടെ പ്രതികരണം. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി നേരത്തെ തള്ളിയ ഹൈക്കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ഇതിനെതിരെ ജൂഹി ചൗളയും മറ്റു രണ്ടു പേരും നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. കോടതി ഫീസ് തിരികെ നൽകുക, പിഴ ചുമത്തിയ നടപടി പിൻവലിക്കുക, ഹർജി തള്ളി എന്ന പരാമർശം ഒഴിവാക്കി നിരസിക്കുക എന്ന വാക്ക് ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുമായാണു വീണ്ടും അപേക്ഷ നൽകിയത്.

ജൂഹി ചൗളയെയും മറ്റു ഹർജിക്കാരെയും വിമർശിച്ചു കോടതി ഒരാഴ്ചയ്ക്കുള്ളിൽ 20 ലക്ഷം രൂപ പിഴ സമർപ്പിക്കണമെന്നും അല്ലാത്ത പക്ഷം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ‘ജൂഹി ചൗളയ്ക്ക് എതിരെ കോടതിയലക്ഷ്യ നോട്ടിസ് അയക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിട്ടുണ്ട്.

ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണ്’ ജസ്റ്റിസ് ജെ.ആർ. മിധ പറഞ്ഞു. തന്റെ നീതിന്യായ കാലയളവിൽ കോടതി ഫീസ് അടയ്ക്കാൻ തയാറാകാത്ത ഒരാളെ ആദ്യം കാണുകയാണെന്നായിരുന്നും ജസ്റ്റിസ് മിധ വിമർശിച്ചു. അപേക്ഷയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു ജൂഹി ചൗളയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മീത് മൽഹോത്ര വ്യക്തമാക്കിയതോടെ ഇതിനു കോടതി അനുമതി നൽകി.

പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജിയെന്നും നിയമസംവിധാനത്തെ ഹർജിക്കാർ അപഹസിച്ചുവെന്നും വിമർശനം ഉയർത്തിയാണു ജൂൺ 5നു ഹൈക്കോടതി 20 ലക്ഷം പിഴ അടയ്ക്കാൻ നിർദേശിച്ചത്.

NEWS
Advertisment