Advertisment

കാൽ നൂറ്റാണ്ടോളം ഹൃദയത്തോട് ചേർത്തു നിർത്തിയ ആലപ്പുഴയോടാണ് തീരാത്ത നന്ദിയും കടപ്പാടും ; രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പ് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

New Update
ആലപ്പുഴ : രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പ് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ .
publive-image
പൊതു ജീവതത്തിൽ വീണ്ടുമൊരു വഴിത്തിരിവു കൂടി. ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സംഘടനാപരമായ ഔദ്യോഗിക ചുമതലകളുടെ ബാഹുല്യം നിമിത്തമാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാൻ കഴിയാതെ പോയത്. ഇത്തവണ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും നിയോഗിച്ചതനുസരിച്ച് ഇന്ന് ജയ്പൂരിലെ നിയമസഭാ മന്ദിരത്തിൽ ഉച്ചയ്ക്ക് 12.30 ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.
രാജ്യം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഈ വർത്തമാനകാലത്ത് ഭാരതത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യൻ പാർലമെന്റിൽ ജനങ്ങളുടെ ശബ്ദമാകാൻ ഈ അവസരം വിനിയോഗിക്കാനാകുമെന്ന് എനിക്കുറപ്പുണ്ട് .എന്റെ പ്രസ്ഥാനവും നാടും എന്നിലർപ്പിച്ച ചുമതലകൾ എന്നും തികഞ്ഞ അർപ്പണ ബോധത്തോടെയും ഉത്തരവാദിത്തത്തോടെയും നിറവേറ്റാൻ പരിശ്രമിച്ചിട്ടുണ്ട്.
ഇനിയും പൊതുജനങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളായി രാജ്യത്തെ സാധാരണക്കാരുടെ അവകാശങ്ങൾക്കായി നിലകൊള്ളും. ജീവിതത്തിൽ അവിചാരിതമായാണ് മിക്കപ്പോഴും സ്ഥാനലബ്ധികൾ ഉണ്ടായിട്ടുള്ളത്. ജീവിതത്തിൽ ആദ്യമായി പാർലമെന്ററി രംഗത്ത് പ്രവർത്തിക്കാൻ ഒരവസരം തന്നത് ആലപ്പുഴയാണ് .
1996ൽ അസംബ്ലിയിലേക്ക് മത്സരിക്കുമ്പോൾ കുടുംബത്തിലൊരാളായി എന്നെ കൂടെ കൂട്ടി കഴിഞ്ഞ കാൽ നൂറ്റാണ്ടോളം ഹൃദയത്തോട് ചേർത്തു നിർത്തിയ ആലപ്പുഴയോടാണ് എക്കാലവും തീരാത്ത നന്ദിയും കടപ്പാടുമുള്ളത് .
ഇന്നലെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒപ്പം ആലപ്പുഴയിൽ നിന്ന് പ്രത്യേകിച്ചും ഒട്ടേറെ പേർ ആശംസകളറിയിക്കാൻ വിളിച്ചിരുന്നു. എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. നിങ്ങളോരുത്തരുടേയും സ്നേഹവും പിന്തുണയും പ്രാർഥനകളും എന്നും ഒപ്പമുണ്ടാകണം. നിറഞ്ഞ സ്നേഹത്തോടെ
social media kc venugopal facebook post rajya sabha
Advertisment