തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളുടെ ഭാരവാഹികളുടെ സാധ്യതാ പട്ടിക നല്‍കണമെന്ന കെപിസിസി അധ്യക്ഷന്റെ നിര്‍ദേശത്തോട് മുഖം തിരിച്ച ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് താക്കീതുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നാളെക്ക് മുമ്പ് സാധ്യതാ പട്ടിക പാനലടക്കം കൈമാറാനാണ് കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നും മാത്രമാണ് ഇതുവരെ സാധ്യത പട്ടിക കെപിസിസിക്ക് കൈമാറിയിട്ടുള്ളത്.
ഡിസിസി അധ്യക്ഷന്‍മാരും അതത് ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് ജില്ലയില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പട്ടിക തയ്യാറാക്കി കെപിസിസി നേതൃത്വത്തിന് കൈമാറണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഗ്രൂപ്പ് വീതം വയ്പ്പും പിടിവാശികളും നീണ്ടതോടെ ചര്‍ച്ച എങ്ങുമെത്തിയില്ല. അതിനിടെ പാനല്‍ നല്‍കാനാവില്ലെന്ന് എ, ഗ്രൂപ്പുകളും വാദിച്ചു.
ജില്ലകളില്‍ 25 ഭാരവാഹികളും 26 എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 51 ഭാരവാഹികളുടെ സാധ്യത പട്ടികയാണ് കെപിസിസി ചോദിച്ചത്. ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടെത്തണം. നിലവില്‍ നൂറിലധികം പേരുണ്ടായിരുന്ന പട്ടികയാണ് ഇങ്ങനെ കുറക്കേണ്ടത്.
ചില ജില്ലകളില്‍ പ്രമുഖനേതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഒഴിഞ്ഞു മാറിയതോടെ ചര്‍ച്ച പോലും നടന്നില്ല. തിരുവനന്തപരുത്ത് വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞില്ല.
കൊല്ലത്തും പത്തനംതിട്ടയിലും 25 ഭാരവാഹികള്‍ക്കായി അന്‍പതിലധികം പേരുകള്‍ പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ പുതിയ ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കോട്ടയത്തും ഇടുക്കിയിലും തൃശൂരും എറണാകുളത്തും നൂറിലധികം പേരുകള്‍ പരിഗണനിലുണ്ട്. തര്‍ക്കം തുടര്‍ന്നാല്‍ പരിഗണിക്കുന്ന എല്ലാ പേരുകളും നേതൃത്വത്തിന് കൈമാറാന്‍ നിര്‍ദേശമുണ്ട്.
പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സാധ്യതാപട്ടിക തയ്യാറാക്കല്‍ പൂര്‍ത്തിയായി. മറ്റു ജില്ലകളിലെ പട്ടിക കൂടി കൈമാറുന്ന മുറയ്ക്ക് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി അടുത്തയാഴ്ചയോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. അതിനു ശേഷമാകും കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയ്യാറാക്കുക.