കവിത “കാലപ്രവാഹം” മഞ്ജുള ശിവദാസ്‌ .

Thursday, June 27, 2019
കവിത "കാലപ്രവാഹം" മഞ്ജുള ശിവദാസ്‌


കാലം നമുക്കേതുകോലമാകാം-
കൽപ്പിച്ചുനൽകുന്നതാരറിഞ്ഞു.
അനുഭവത്താളുകളിലൊന്നുപോലും-
ഒരുപോൽ ചമച്ചിരുന്നില്ല കാലം.

ആരെന്റെജീവിതത്താളുകൾക്കീ-
വർണ്ണങ്ങളേകിയെന്നാരുകണ്ടു.
ഓരോ നിറങ്ങളുമോരോ പ്രതീക്ഷ-
തൻ തൂവൽകുടഞ്ഞിട്ടദൃശ്യമായി.

ഒച്ചിനെപ്പോലിഴഞ്ഞെന്നു തോന്നാം,
ഒച്ചവയ്ക്കാതെപ്പറന്നു കാലം.
താളുകൾക്കിടയിലുടക്കിയീജീവിതം- 
താളംപിഴച്ചുലഞ്ഞൊഴുകി മെല്ലെ.

പിന്നിട്ടപേജുകൾ പരതുവാനായ്-
പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കി.
ആരുംനിനയ്ക്കാത്ത കഥകൾ പറഞ്ഞു-
കൊണ്ടോരോ ദളവുമടർന്നിരുന്നു.

ആരുമല്ലായിരുന്നെങ്കിലും നമ്മി-
ലേയ്ക്കാനയിച്ചെത്തിച്ചിടുന്ന കാലം.
അറിവിന്റെ ജാലകപ്പാളികൾ മെല്ലെ-
ത്തുറന്നിട്ടുവെട്ടം പകർന്നുനൽകി.

വിഷംതിന്നുചീർത്ത ചിത്തത്തിലെ-
ക്കല്മഷം കഴുകിടാം കാലപ്രവാഹം.
തുരുമ്പിച്ചചിന്തകൾ ചന്തത്തിലാക്കുന്ന-
കാലത്തെയൊന്നു സ്തുതിച്ചിടട്ടേ.

തൽക്ഷണംമാഞ്ഞിടുന്നനുഭവത്താ-
ളുകൾ തനിയേ മറിഞ്ഞുമായുമ്പോൾ,
അവസാനതാളുകളിലെങ്കിലും കാല-
മൊരു വ്യക്തചിത്രം വരച്ചേകീടുമോ.
×