കലാഭവന്‍ മണിയുടെ മരണത്തിനു കാരണമായ ആ ‘വില്ലന്‍’ ഭസ്മം, ഡോക്ടർ കാണിച്ച മണ്ടത്തരം, മണിയുടെ വാശികള്‍, ബിനാമി സുഹൃത്തുക്കള്‍ .. ഒന്നിനും ഉത്തരം കിട്ടാതെ 4 വര്‍ഷങ്ങള്‍ ! ജയന്‍റെ മരണശേഷം മണിയുടെ മരണവും സമാനതകളും !

ദാസനും വിജയനും
Friday, March 6, 2020

മണി ഓർമ്മയായിട്ട് 4 വർഷങ്ങൾ തികയുമ്പോൾ ദുരൂഹതകൾ ഇപ്പോഴും ബാക്കി തന്നെ . കോളിളക്കം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ജയന്റെ മരണമാണ് ഇതിനുമുമ്പ് ജനങ്ങൾ കൊത്തിപ്പെറുക്കിയത് . കുറെ വർഷങ്ങൾ ജയന്റെ മരണം ചർച്ചയായപ്പോൾ മണിയുടെ മരണം ഇപ്പോഴും ജനസദസ്സുകളിൽ ചർച്ചചെയ്യപ്പെടുന്നു , സിബിഐ ദുരൂഹത നീക്കം ചെയ്തിട്ടും ഇപ്പോഴും അതിനെ വകവെക്കാതെയാണ് ചർച്ചകൾ പുരോഗമിക്കുന്നത് .

മണി കാരണം ഏറ്റവും കഷ്ടപ്പെടുന്നത് അമ്മായിഅപ്പന്മാരാണ് . ഇന്നിപ്പോൾ ഒരു അമ്മായിയപ്പനും മരുമക്കളുടെ സ്വത്തും പണവും കൈകാര്യം ചെയ്യുവാനുള്ള അവസരം ലഭിക്കുന്നില്ല എന്നതാണ് വസ്തുത . പിന്നെ ലിവറിൽ അസുഖമുള്ളവർക്ക് കള്ളുകുടിക്കാൻ കൂട്ടിന് ആളെകിട്ടുന്നില്ല എന്നൊരു പരിഭവവും .  ഈയിടെ ഒരു ചങ്ങാതിക്ക് ഒരു പറമ്പ് കച്ചവടത്തിൽ കമ്മീഷനായി കുറെയധികം പണം ലഭിച്ചു .

അവൻ രണ്ടു സ്‌നേഹിതന്മാരെയും കൂട്ടുപിടിച്ചുകൊണ്ട് വീടിനടുത്തുള്ള കായലോരത്ത് ഒരു പാഡി (ഒരു ചിന്നവീട് ) ഉണ്ടാക്കുവാൻ തീരുമാനിച്ചു . ഇതറിഞ്ഞ മറ്റൊരു സ്നേഹിതൻ അവരെ വിലക്കി . പാഡി ഉണ്ടാക്കിയാൽ പിന്നെ ദിവസവും കള്ളുകുടി ആയിരിക്കും , ചോദിക്കാനും പറയാനും ആളുണ്ടാവില്ല , ഒരു ദിവസം മണിയുടെ ഗതിയായിരിക്കും സംഭവിക്കുക എന്ന് പറഞ്ഞതോടെ പരിപാടി വഴിയിൽ ഉപേക്ഷിച്ചു .

മണിക്ക് കുറെ വാശികളുണ്ടായിരുന്നു , ആ വാശികളിൽ തന്നെയാണ് മണി ഇന്നും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നതും ഇത്രത്തോളം ഉയരങ്ങളിൽ എത്തിയതും അതുപോലെ ജീവിതം ഹോമിക്കേണ്ടിവന്നതും . ഒരു ഉദാഹരണം : അദ്ദേഹം ചാലക്കുടി പുഴയിൽ കുളിക്കുമ്പോൾ അപ്പുറത്തെ കടവിലെ പെണ്ണുങ്ങൾ പോത്ത് കുളിക്കുന്നു എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു . തന്നെപ്പോലെ കറുത്തകുട്ടികൾ വേണ്ട എന്ന വാശിയിൽ കല്യാണം കഴിച്ചു .

വെളുക്കാനായി ധാരാളം തങ്കഭസ്മം കഴിക്കുമായിരുന്നു . ഒരു സാധാരണ മനുഷ്യൻ തങ്കഭസ്മം കഴിക്കുകയാണെങ്കിൽ അതിനനുസരിച്ചുള്ള ഭക്ഷണ ക്രമം ശീലിക്കണം . കള്ളും തങ്കഭസ്മവും തമ്മിൽ ഒരിക്കലും ചേരില്ല . ലിവറിനെയും മൊത്തം പാർട്സുകളെയും വളരെ മോശമായി ബാധിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞതിൽ തങ്കഭസ്മം വലിയ പങ്കു വഹിച്ചിട്ടുണ്ടാകാം .

”ഒരുവൻ ലോകം മുഴുവൻ നേടിയിട്ടും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ പിന്നെന്ത് പ്രയോജനം” എന്ന ബൈബിൾ വചനം പോലെയാണ് മണിയുടെ ജീവിതം . കുറെയധികം സമ്പാദിച്ചുകൂട്ടി . കുറെ ബിനാമികളെ വളർത്തി . അവരൊക്കെ ഇന്നിപ്പോൾ ഏറെ സന്തോഷത്തിലാണ് . ആരും ഒന്നും ചോദിക്കുവാനും പറയാനുമില്ല .

ദൈവത്തിനും മണിക്കും അല്ലാതെ വേറെ ഒരാൾക്കും മണിയുടെ സ്വത്തുക്കൾ എവിടെയൊക്കെ ഉണ്ടെന്നോ ? ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്നോ ? ആരൊക്കെ അടിച്ചുമാറ്റിയെന്നോ യാതൊരു വിവരവുമില്ല . അവരൊക്കെ പല ഭാഗങ്ങളിലും ഭൂമി രാജാക്കന്മാരായി വിലസുന്നു .

ചാലക്കുടിയിലെ ഒരു പ്രമുഖ സിൽക്ക്സ് ഷോപ്പുടമയും മണിയും തമ്മിൽ വളരെയടുത്ത സൗഹൃദമായിരുന്നത്രെ , ഇവർ ഒരുമിച്ചു കളിക്കാത്ത കളികൾ ഉണ്ടായിരുന്നില്ലെന്നാണ് അടുത്ത സുഹൃത്തുക്കൾ പറഞ്ഞിരുന്നത് . ഒരു പ്രത്യേക സാഹചര്യത്തിൽ ആ മുതലാളി മരണപ്പെട്ടപ്പോൾ അതിന്നടുത്ത ദിവസം തന്നെ മണിയും മരണപ്പെടുകയായിരുന്നു . അതുപോലെ മണിയുടെ മരണശേഷം ഒരു മരണം തൃശൂരിലെ ശോഭ സിറ്റിയിലെ അപ്പാർട്മെന്റിൽ നടന്നു .

അതൊരു ആത്മഹത്യയായിരുന്നു . സുന്ദരിയായ ഒരു സീരിയൽ നടി സ്വയം ജീവൻ വെടിഞ്ഞപ്പോൾ അതിന്റെ കാരണമായി പറഞ്ഞിരുന്നത് , ഒരു നടൻ തന്റെ അടുത്ത ചിത്രത്തിൽ ആ നടിയെ നായികയാക്കാമെന്ന് ഏറ്റിരുന്നു . നടന്റെ മരണം ആ നടിയിലെ പ്രതീക്ഷകൾ അസ്തമിക്കുകയിരുന്നു . മണിയുടെ ഹിറ്റായ മൂന്നു സിനിമകളിലെ വേഷങ്ങൾ വച്ച് ഒരുമിച്ചൊരു സിനിമ പ്ലാൻ ചെയ്തിരുന്നു .

മണിയുടെ മരണത്തോടെ കുറെയധികം നാടൻ പാട്ടുകാരെ ജനം അറിഞ്ഞുതുടങ്ങി , ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡിഷോയിൽ അവരെല്ലാവരും എത്തിത്തുടങ്ങിയപ്പോൾ ഇതൊന്നും കാണുവാനോ കേൾക്കുവാനോ മണിച്ചേട്ടൻ ഇല്ലാത്തതിൽ അവർക്കൊക്കെ ദുഖമുണ്ട് . ഏറ്റവും പ്രധാനമായി കലാഭവൻ മണികണ്ഠൻ എന്നവ്യക്തിയായിരുന്നു മണിയുടെ ഏറ്റവും ആദ്യത്തെ നാടൻ പാട്ടും കോമഡി കാസറ്റും മലയാളിക്ക് സമ്മാനിക്കുവാൻ തൂലിക ചലിപ്പിച്ചത് .

‘തൂശിമേ കൂന്താരോ’ , ‘പുളുമ്മ പുളുമ്മ ചുവപ്പുള്ള മാങ്ങാ’ , ‘ആനവായിൽ അമ്പഴങ്ങ’ , ‘മണി മിണ്ടരുത് ചുപ്പരഹോ’ , ‘ചാലകുടിക്കാരൻ ചങ്ങാതി’ എന്നീ നിരവധി കോമഡി കാസറ്റുകളും ‘ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട’ എന്ന നാടൻ പാട്ടും തിട്ടപ്പെടുത്തിയ കലാഭവൻ മണികണ്ഠൻ എന്ന കോണത്തുകുന്നുകാരനെ ജനം അറിഞ്ഞുതുടങ്ങിയത് ഇപ്പോഴാണ് .

കോമഡിഷോയിൽ മിഥുൻ ഓരോരുത്തരെ കേരളത്തിന് പരിചയപ്പെടുത്തിയപ്പോൾ അറുമുഖൻ വെങ്കിടങ്ങും , എന്തിനാടീ പൂങ്കുയിലിന്റെ മണികണ്ഠൻ പെരുമ്പടപ്പും ഒക്കെ ജനങ്ങൾക്ക് സ്വീകാര്യരായി . ഒരു സമയത്ത് സ്വന്തം ഗ്രാമവാസികളും സ്നേഹിതന്മാരും ഒക്കെ എഴുതിത്തള്ളിയിരുന്ന ഈ കലാകാരൻമാർ ഇന്നിപ്പോൾ ജനകളുടെ ആരാധനാപാത്രങ്ങളായി മാറുമ്പോൾ മണിച്ചേട്ടൻ ഇതൊക്കെ കാണുന്നുണ്ടാകും എന്ന് വേണം കരുതുവാൻ .

കലാഭവൻ മണികണ്ഠന് സംഭവിച്ചത് , ഈ പാട്ടും കേസറ്റും ഒക്കെ വിറ്റ് മണിയും കൂട്ടുകാരും മാരുതിയും സെന്നും എസ്റ്റീമും സുമോയും ലാൻസറും ബെൻസുമൊക്കെയായി വിലസുമ്പോൾ ഇതൊക്കെ എഴുതിയ ആൾ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജിന്റെ മുന്നിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചും , പോത്തിനേയും എരുമയെയും വളർത്തി വിറ്റും, വയസായ അച്ഛനെയും അമ്മയെയും ചികിത്സിക്കുകയിരുന്നു.

ഇക്കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായിരുന്ന ഓലക്കൂരയെ വെള്ളം വിഴുങ്ങിയപ്പോൾ ഇന്നിപ്പോൾ വാടക വീടുകളിൽ മാറി മാറി താമസിച്ചു ജീവിതം തള്ളിനീക്കുന്നു. ഇതും മണിച്ചേട്ടൻ കാണുന്നുണ്ടോ ആവോ ?

ഡോക്ടർ മണിയോട്  കാണിച്ച മണ്ടത്തരം സംഭവിച്ചില്ലായിരുന്നെങ്കിൽ ചാലക്കുടിയുടെ എംഎൽഎ ആയി നിയമസഭയെ പ്രതിനിധീകരിക്കുമായിരുന്നു . ശരിക്കും പറഞ്ഞാൽ ആദ്യത്തെ പ്രളയത്തിൽ മണിയുടെ പാഡി ഒന്നടങ്കം വെള്ളം വിഴുങ്ങിയപ്പോൾ ദൈവം എല്ലാം പറഞ്ഞുറപ്പിച്ചതുപോലെയായിരുന്നു .

ഇനിയും മണിയുടെ ഓർമ്മകൾ നമ്മിൽ ഉണ്ടാകുമെന്ന വിശ്വാസത്തിൽ,

മണിക്ക് വേണ്ടി പാട്ടെഴുതി പാട്ടെഴുതി ജീവിതം ഹോമിച്ച കലാഭവൻ ദാസനും
പാഡിയിൽ വെള്ളമടിച്ചു ലിവർ മാറ്റിവെച്ചു വിലസുന്ന ഡ്രൈവർ വിജയനും

×