വീടും സ്ഥലവും വിറ്റു. 19 സെന്റും പഴയ വീടും അടങ്ങുന്ന പുരയിടം 35 ലക്ഷം രൂപയ്ക്ക് പണയം വച്ചു. സിനിമ സാമ്പത്തിക വിജയം നേടിയില്ല; ‘വിനയന്റെ വീടിന് മുന്നില്‍ പട്ടിണി സമരം നടത്തി മരിക്കും’; സംവിധായകന്‍ വഞ്ചിച്ചതായി നിര്‍മ്മാതാവ്

ഫിലിം ഡസ്ക്
Wednesday, February 24, 2021

സംവിധായകന്‍ വിനയനെതിരെ പരാതിയുമായി നിര്‍മ്മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍. ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമ തന്റെ അനുവാദമില്ലാതെയാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിന് വിനയന്‍ നല്‍കിയത് എന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. താന്‍ വഞ്ചിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

2017ല്‍ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ജോയ് പരാജയപ്പെട്ടതോടെ താന്‍ കടക്കെണിയിലായെന്ന് നിര്‍മ്മാതാവ് പറയുന്നു. ജയസൂര്യയെയും വിനയന്റെ മകന്‍ വിഷ്ണുവിനെയും നായകന്‍മാരാക്കി ഒരു കോടി രൂപ ബജറ്റിലാണ് സിനിമ പ്ലാന്‍ ചെയ്തത്. എന്നാല്‍ ചിലവ് 2.5 കോടിയായി.

ഷൂട്ടിംഗ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജയസൂര്യയെ കിട്ടില്ല എന്ന് അറിയിച്ചതോടെ പകരം നടന്‍ വിനയ് ഫോര്‍ട്ടിനെ കൊണ്ടു വന്നു. വീടും സ്ഥലവും വിറ്റു. 19 സെന്റും പഴയ വീടും അടങ്ങുന്ന പുരയിടം 35 ലക്ഷം രൂപയ്ക്ക് പണയം വച്ചു. സിനിമ സാമ്പത്തിക വിജയം നേടിയില്ല. സാറ്റലൈറ്റ് റേറ്റ് ഒരു കോടി കിട്ടുമെന്ന് പറഞ്ഞ് വിനയന്‍ സമാധാനിപ്പിച്ചു.

വിനയന്റെ നിര്‍ദേശത്തോടെ പാം സ്റ്റോം എന്ന കമ്പനിയ്ക്ക് മൂന്നു ലക്ഷം രൂപയ്ക്ക് സിനിമയുടെ സി.ഡി റൈറ്റ് കൊടുത്തു. പിന്നീടാണ് സിനിമ ആമസോണ്‍ പ്രൈമില്‍ ഓടുെന്നന്ന് അറിഞ്ഞു. സി.ഡി റൈറ്റ് ഒപ്പിട്ടു കൊടുത്ത കരാറില്‍ പുതിയ നിബന്ധനകള്‍ എഴുതി ചേര്‍ത്താണ് ആമസോണ്‍ പ്രൈമിന് സിനിമ നല്‍കിയത് എന്നാണ് നിര്‍മ്മാതാവ് മാധ്യമങ്ങളോട് പറയുന്നത്.

32 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും ലഭിച്ച പണം കൊണ്ടാണ് സിനിമ നിര്‍മ്മിക്കാന്‍ എത്തിയത്. എല്ലാ സ്വത്തും നഷ്ടമായി. 35 ലക്ഷം വായ്പ തിരിച്ച് അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ജപ്തി നടപടിയായി. 35 ലക്ഷം രൂപ തന്ന് വീടും സ്ഥലവും തിരിച്ച് എടുത്തു തരണമെന്നും അല്ലാത്ത പക്ഷം താനും ഭാര്യയും വിനയന്റെ വീടിന് മുന്നില്‍ പട്ടിണി സമരം നടത്തി മരിക്കും എന്ന് നിര്‍മ്മാതാവ് പറഞ്ഞു.

×