മീനച്ചിൽ - കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ തോട്ടം - പുരയിടം പ്രശ്നം 4 മാസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ : മീനച്ചിൽ - കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ തോട്ടം - പുരയിടം പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചതായി മാണി സി കാപ്പൻ എം എൽ എ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment

ഇതിനായി നവംബർ 18 വരെ താലൂക്ക് - വില്ലേജ് ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷകളുടെ പരിശോധനയ്ക്കു ശേഷം അദാലത്ത് നടത്തി പ്രശ്നം പരിഹരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നാലു മാസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നു എം. എൽ. എ. പറഞ്ഞു.

നാളുകളായി ഈ വിഷയവുമായി ബന്ധപ്പെട്ട് ആളുകൾ കഷ്ടപ്പെടുകയാണ്. റീ സർവ്വേ നടത്തിയ പിഴവാണ് പ്രശ്ന കാരണമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

publive-image

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നു റവന്യൂമന്ത്രിയുമായി ചർച്ച നടത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞത്. ഇത് പ്രകാരം 1964- ന് ശേഷം തോട്ടമായി മാറ്റപ്പെട്ട പുരയിടങ്ങളെ പുരയിടമായി പുന:ക്രമീകരിക്കും. പുരയിടമായി മാറ്റിക്കൊണ്ടുള്ള സർട്ടിഫിക്കേറ്റ് ഉടമകൾക്കു നൽകും.

ഇത് ബാങ്കിംഗ് ഉൾപ്പെടെ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കും. തുടർന്നു നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബി ടി ആറിൽ ഉൾപ്പെടുത്തും. തോട്ടം മുറിച്ച് വാങ്ങിച്ചവരുടെ പ്രശ്നം പിന്നീട് പരിശോധിച്ച് പരിഗണിക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

ഇടതുമുന്നണി നേതാക്കളായ പി എം ജോസഫ്, അഡ്വ. തോമസ് വി ടി, സിബി തോട്ടുപുറം, ജോസ് പാറേക്കാട്ട്, പീറ്റർ പന്തലാനി, ജോഷി പുതുമന, സാജൻ ആലക്കുളം, വി എൽ സെബാസ്റ്റ്യൻ, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ, സുദർശൻ കെ ആർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

pala news mani c kappeen
Advertisment