/sathyam/media/media_files/2025/03/12/OG1nqk6fC80xAqSCNhU9.jpg)
മനുഷ്യനാവണം, മനുഷ്യനാവണം എന്ന് പാടി പിശാചിന്റെ പ്രലോഭനങ്ങൾക്ക് പിന്നാലെ പായുന്നപോലല്ല, അനന്ത് അംബാനി എന്ന യുവാവ്.
ഇന്ന് ലോകം മുഴുവൻ അനന്ത് അംബാനി എന്ന യുവാവിന് കയ്യടിക്കുന്നത് അദ്ദേഹം ലോകത്തിലെ തന്നെ അതി ധനികരിൽ ഒരാളായ മൾട്ടി മില്ല്യണയർ ബിഗ് ഷോട്ടിന്റെ മകനായത് കൊണ്ടോ, അദ്ദേഹം പടുത്തുയർത്തിയ വ്യവസായ ശാലകളുടെ, സംരംഭങ്ങളുടെ എണ്ണം കണ്ടിട്ടോ അല്ല.
മറിച്ച് വൻതാര അഥവാ വനനക്ഷത്രം എന്ന പേരിൽ ഈ ഭൂമിയിലെ പക്ഷി - മൃഗാദികൾക്ക് വേണ്ടി സൃഷ്‌ടിച്ച വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ, അത് ലോകത്തിന് നല്കുന്ന മഹത്തായ ഒരു സന്ദേശത്തിന്റെ പേരിലാണ്.
ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഗുജറാത്ത് ജാം നഗറിൽ ഉള്ള വൻതാര. 2000 ലധികം സ്പീഷീസുകളുടെയും വംശനാശ ഭീഷണി നേരിടുന്ന 1.5 ലക്ഷത്തിലധികം മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് വൻതാര.
റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിൽ 3000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വൻതാര ഇന്ത്യയിലും വിദേശത്തും പരിക്കേൽക്കുകയും വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്ന മൃഗങ്ങളെ രക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും പരിപാലിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി ഒരുക്കിയെടുത്തത് അനന്ത് അംബാനിയാണ്.
മുകേഷ്അംബാനി എന്ന വ്യവസായ ടൈക്കൂൺ ജാംനഗർ എന്ന മരുഭൂമി കണക്കെയുള്ള ഒരു പ്രദേശം മുഴുവൻ ദത്തെടുത്ത് ആധുനിക നഗരമാക്കി മാറ്റി. ഒപ്പം ലോകത്തിലെ രണ്ടാമത്തെ റിഫൈനറി ഉണ്ടാക്കി.
അദ്ദേഹത്തിന്റെ ഇളയ മകൻ ജാംനഗർ എന്ന നഗരത്തിൽ ലക്ഷക്കണക്കിന് മരങ്ങൾ വെച്ച് പിടിപ്പിച്ച് ഗ്രൗണ്ട് വാട്ടർ ലെവൽ ഉയർത്തി ലോകത്തിലെ ഏറ്റവും വലിയ അനിമൽ റെസ്ക്യൂ സെന്റർ ആയ വനതാര പണിതു.
അത് കുടുംബം ബിസിനസ് വഴി ഉണ്ടാക്കിയ വെൽത്തിന്റെ ഷെയറിങ് കൊണ്ടാണ്. അതായത് കച്ചവടത്തിൽ നിന്നും ലഭിച്ച കോടികൾ എടുത്ത് ഒരു വനപ്രദേശം ഉണ്ടാക്കി അവിടെ ലോകത്തിലെ സർവ്വ മൃഗങ്ങൾക്കും പക്ഷികൾക്കും ജീവികൾക്കും സസുഖം ജീവിക്കാൻ വേണ്ടിയുള്ള ആവാസ വ്യവസ്ഥ സൃഷ്ടിച്ചു എന്ന്.
എന്തിലും ഏതിലും കുറ്റംമാത്രം കാണുന്ന മല്ലൂ മൈൻഡഡ് പൊളിറ്റിക്കൽ കറക്ട്നെസ്സ് ടീമുകൾ അംബാനിയെ കുറ്റം പറയാത്ത ഒരു ദിനം പോലുമില്ല. അംബാനി രാജ്യം മൊത്തം വിലയ്ക്ക് എടുത്തേ എന്ന മുറവിളി കൂട്ടാത്ത ഒരു ദിവസവും ഇല്ല. അനന്ത് അംബാനിയുടെ വിവാഹത്തിന് കോടികൾ പൊടിച്ചേ എന്നായിരുന്നു ഇവിടെ നിലവിളി.
ഒപ്പാരി കേട്ടാൽ തോന്നും അംബാനി ഇവരുടെയൊക്കെ സ്ഥാവര ജംഗമ സ്വത്തുക്കൾ അടിച്ച് മാറ്റി മോന്റെ കല്യാണം കഴിപ്പിച്ചു എന്ന്. അന്ന് കുറ്റം പറഞ്ഞ, ആ കല്യാണം കണ്ട് കുന്നായ്മ മാത്രം പൊലിപ്പിച്ചു പറഞ്ഞോണ്ട് ഇരുന്ന ആരേലും ഒരെണ്ണം വൻതാര എന്ന പ്രോജക്ട് എന്താണെന്നോ അത് ലോകത്തിന് നല്കുന്ന സന്ദേശം എന്താണെന്നോ ഒരു വാക്ക് എങ്കിലും പറഞ്ഞോ ?
മുകേഷ് അംബാനി എന്ന ഏകദേശം 120 ബില്യൺ ഡോളർ നെറ്റ് വെര്‍ത്ത് ഉള്ള ഇന്ത്യയിലെ നമ്പർ 1 വ്യവസായി, ഏതാണ്ട് അമ്പത് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കാനുള്ളത് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന മനുഷ്യൻ അങ്ങേരുടെ സ്വത്തിന്റെ, അതും ബിസിനസ്സ് ചെയ്ത് ഉണ്ടാക്കിയ സമ്പത്തിന്റെ ചെറിയൊരു ശതമാനം കൊണ്ട് ഇളയ മകന്റെ വിവാഹം നടത്തിയപ്പോൾ അതിൽ പൊടിച്ച കോടികൾ കണ്ട മല്ലൂസ്, ഇവിടെ ആ മകൻ ഭൂമിയിലെ സർവ്വ പക്ഷി മൃഗാദികളെയും സംരക്ഷിക്കാൻ വേണ്ടി പടുത്തുയർത്തിയ മെഗാ പ്രോജക്ടിന് വേണ്ടി ചിലവഴിച്ച ദശലക്ഷ കോടികൾ കണ്ടതേ ഇല്ല.
നിത അംബാനിയുടെ വൈരകല്ല് മാല കാണുമ്പോൾ മാത്രം കേരളാവിലെ പാവങ്ങളെ ഓർക്കുന്ന ഐസക്കിയൻ ധനതത്വ പ്രത്യയശാസ്ത്ര കയ്യടിക്കാർ കഴിഞ്ഞ ദിവസം ജാംനഗറിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കണ്ടിട്ടേയില്ല.
അനന്ത് അംബാനിയുടെ വിവാഹ മാമാങ്കം കണ്ടയുടൻ ധാർമിക ബോധം ഉണർന്ന മല്ലു പൊക ടീമുകൾ അക്രമത്തിന് ഇരയായ, ഉപേക്ഷിക്കപ്പെട്ട, അല്ലെങ്കിൽ ആരോഗ്യ പ്രശ്മങ്ങൾ അനുഭവിക്കുന്ന ഒരു ദശലക്ഷത്തിലധികം മൃഗങ്ങൾക്ക് ആശ്വാസം പകരുന്ന വൻതാര കണ്ടിട്ടില്ല.
ആ വിവാഹ പകിട്ടിലെ ആർഭാടം അനാവശ്യമെന്ന് പുലമ്പിയ പ്രബുദ്ധ ബുദ്ധിജീവി തലച്ചോറുകൾ പക്ഷേ വൻതാരയിൽ സംരക്ഷിക്കുന്ന മൃഗങ്ങൾക്കായി ചിലവഴിക്കുന്ന ദശ കോടികളുടെ അത്യാധുനിക വെറ്റിനറി ആശുപത്രിയും ആന പരിചരണ കേന്ദ്രവും ചികിത്സാരീതികളും ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല.
ഇവിടെ നാഴികയ്ക്ക് നാല്പത് വട്ടം മനുഷ്യനാവണം, മനുഷ്യനാവണം എന്ന് പാടി പിശാചിന്റെ പ്രലോഭനങ്ങൾക്ക് പിന്നാലെ പായുന്നു. അവിടെ താൻ മൃഗങ്ങളിലും ദൈവത്തെ കാണുന്നു എന്ന് ഒരു മനുഷ്യൻ കർമ്മം കൊണ്ട് തെളിയിക്കുന്നു.
അപ്പോൾ എങ്ങനാ, ബൂർഷ്വാ അദാനി മൂർദ്ദാബാദ്, ബൂർഷ്വാ നെപ്പോ കിഡ് അനന്ത് മൂർദ്ദാബാദ് വിളികൾ അനുസ്യൂതം തുടരട്ടെ അല്ലേ ? അതും അംബാനിയുടെ സ്വന്തം ബ്രോഡ്ബാൻഡ് വഴി ആവുമ്പോൾ അതും ഒരു സുഖം അല്ലേ ...ആശംസകളോടെ ഫോറെസ്റ്റിഫിക്കേഷൻ