/sathyam/media/media_files/2025/03/21/pHHkJqY4GliukgBjIodg.jpg)
കരാമ വൈബ്, കർമ്മ വൈബ് എന്നൊക്കെ പറയാമെങ്കിലും അതിന്റെയൊക്കെ പിറകിൽ ദുബായിൽ ഒഴിച്ചുകൂടുവാൻ പറ്റാത്ത ഒരു മലയാളി സാന്നിദ്ധ്യം ഉണ്ടെന്നുള്ളത് അവിടെ എത്തിച്ചേരുന്ന ആർക്കൊക്കെ അറിയാം ?
2015 ജനുവരിയിൽ നമ്മുടെ അൽ ഖൂസിൽ അരങ്ങേറിയ ലാറ്റിൻ ആർട്ട് ഫെസ്റ്റ് ആസ്വദിച്ച ഒരു വ്യക്തിയുടെ മനസ്സിൽ ഉൾക്കൊണ്ട ആശയം, ഇന്നിപ്പോൾ സോഷ്യൽ മീഡിയയുടെ സഹായത്താൽ മലയാളികളുടെ മനസ്സുകളിൽ കയറിപ്പറ്റിയിരിക്കുന്നു !
അന്ന് അൽ ഖൂസിൽ അരങ്ങേറിയ ലാറ്റിൻ ആർട്ട് ഫെസ്റ്റിൽ പ്രതീക്ഷിച്ചിരുന്നത് 3000 ആളുകളെ ആയിരുന്നുവെങ്കിലും എത്തിച്ചേർന്നത് 13000 ആളുകൾ.
ഇതോടെ ലാറ്റിൻ ആർട്ട് ഫെസ്റ്റിന്റെ സ്പോൺസർ ആയിരുന്ന ആർട്ട് യുഎഇയുടെ സഹ സ്ഥാപകൻ സക്കറിയ മുഹമ്മദ്, സത്താർ അൽ കരനുമായി പങ്കുവെച്ച ആശയം പിന്നീട് അദ്ദേഹം യുഎഇ യിലെ ഒന്നാംകിട മാധ്യമ ശ്രുംഖലയായ ഗൾഫ് മാധ്യമവുമായി സഹകരിച്ചുകൊണ്ട് കരാമയിൽ ഒരു വിന്റർ ഫെസ്റ്റിവലിനായി ദുബായ് മുനിസിപ്പാലിറ്റിക്ക് അപേക്ഷ വെച്ചു.
അതോടൊപ്പം കരാമയിൽ സ്ഥാപിതമായ 2000 റെസ്റ്റോറന്റ് ബ്രാൻഡുകളുടെ ഒരു ഡയറക്ടറിയും അതുമായി ബന്ധപ്പെട്ടുള്ള ഒരു ഫുഡ് കാർണിവലിനും പദ്ധതിയിട്ടിരുന്നു. പക്ഷെ അപ്രതീക്ഷിതമായി വന്ന കോവിഡ് എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി.
റമദാൻ, വർഷങ്ങൾക്ക് മുൻപ് ജൂണിലും ജൂലായിലും ഒക്കെ വന്നിരുന്ന കാലഘട്ടത്തിൽ കറാമയിലെ റോസ്‌റ്റോറന്റുകാർ ദുബായ് മുനിസിപ്പാലിറ്റിയോട് സഹായമഭ്യർത്ഥിച്ചു. വാടകയിൽ ഒന്നോ രണ്ടോ മാസത്തെ ഇളവുകളോ അല്ലെങ്കിൽ കച്ചവടം കൂട്ടുവാനുള്ള എന്തെങ്കിലും പ്ലാനുകളോ ആവശ്യപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തിൽ ദുബായ് കൾച്ചറുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇപ്പോൾ ഈ റമദാൻ ഫെസ്റ്റിവൽ ആരംഭിച്ചത്. ഈ ഫെസ്റ്റിവൽ ജനങ്ങൾക്കിടയിൽ വളരെ സംസാരവിഷയമായി എങ്കിലും രണ്ടഭിപ്രായം വന്നതിന് കാരണങ്ങൾ ഏറെയുണ്ട്.
ഒന്നാമതായി, സാധാരണ ശനിയും ഞായറും കരമയിലേക്ക് വണ്ടിയുമായി കയറണമെങ്കിൽ ഒന്നൊന്നര മണിക്കൂർ എങ്കിലും എടുക്കാറുണ്ട്. ഇപ്പോൾ ഈ റമദാൻ ഫെസ്റ്റിവൽ വന്നതിൽ പിന്നെ വണ്ടിയുമായി കയറുന്നത് തന്നെ ചിന്തിക്കാവുന്നതിൽ അപ്പുറമാണ്.
മറ്റുള്ള ഭാഗത്തുനിന്നും കരമയിലേക്ക് ഫെസ്റ്റിവൽ ആസ്വദിക്കുവാൻ വരുന്നവർ ലേശം ക്യുവിൽ കിടന്നാലും വിരോധമില്ല. പക്ഷെ അവിടെ സ്ഥിരമായി താമസിക്കുന്നവരുടെ അവസ്ഥയാണ് ഏറെ കഷ്ടപ്പാടായി മാറിയത്.
അവർക്ക് കറാമ വിട്ട് വെളിയിൽ പോകാനോ കറാമയിലെ സ്വന്തം വീട്ടിലേക്കു മടങ്ങുവാനോ മണിക്കൂറുകൾ കാത്തുകിടക്കണം എന്നത് വളരെ പരിതാപകരമാണ്. കൂടാതെ രാത്രി ഏറെ വൈകിയുള്ള പാട്ടും ബഹളവും കുറെയധികം പേരിൽ അസ്വസ്ഥതയുളവാക്കുന്നുണ്ട്.
സാധാരണ ഫെസ്റ്റിവൽ എന്നൊക്കെ പറഞ്ഞാൽ കൂടിവന്നാൽ രണ്ടോ മൂന്നോ നാളുകൾ മാത്രം നീണ്ടുനിൽക്കുമ്പോൾ ഇവിടെയിപ്പോൾ ഒരു മാസം മൊത്തം പാടി തിമിർക്കുകയാണ്.
അന്ന് സക്കറിയയുടെ പ്ലാനിങ്ങിൽ, കറാമയിലേക്ക് നാല് ഗെയ്റ്റുകളിൽ പുറത്തുനിന്നും വരുന്നവരുടെ വാഹനങ്ങൾ പ്രവേശിപ്പിക്കാതെ, അവിടത്തെ താമസക്കാരുടെ കാറുകൾ മാത്രം പ്രവേശിപ്പിക്കുന്ന പ്രോജക്ടാണ് കൊടുത്തിരുന്നത്.
വേറെ ഭാഗത്തു നിന്നും വരുന്നവർ സബീൽ പാർക്കിലും, ക്രീക്കിലും, പോസ്റ്റാഫീസ് പാർക്കിങ്ങിലും ബാർജുമാൻ ഭാഗത്തുമൊക്കെ കാറുകൾ പാർക്ക് ചെയ്തുകൊണ്ടാണ് വരേണ്ടിയിരുന്നത്.
ഇന്നിപ്പോൾ കൂടുതൽ ആളുകൾ വരുന്നതും അവരുടെ കാറുകളും സൗകര്യങ്ങളും മറ്റുള്ളവരെ കാണിക്കുവാൻ മാത്രമായതുകൊണ്ട് മാത്രമാണ് ഇത്രേം തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
കൂടാതെ അന്നത്തേതിനേക്കാളും സോഷ്യൽ മീഡിയ വളർന്നു പന്തലിച്ചപ്പോൾ അതിലേക്കുള്ള വീഡിയോകൾ എടുക്കുവാനുമായിട്ടാണ് ഇത്രേം തിരക്ക്.
ചുമ്മാ വന്ന് ഭക്ഷണം കഴിച്ചു പോകുന്നത് വീഡിയോ എടുത്താൽ അതൊന്നും കാണുവാൻ ആളുകൾ ഇല്ലാത്തതുകൊണ്ട് ആണും പെണ്ണും പാട്ടും കൂത്തുമായി വൈബ് കളിക്കുമ്പോൾ റമദാൻ മാസം ആണെന്ന ബോധമില്ലാത്തവരാണ് ഇതൊക്കെ ചെയ്തുകൂട്ടുന്നത് എന്ന് ഒരു കൂട്ടർ.
പകൽ മുഴുവൻ വ്രതമനുഷ്ഠിച്ചു രാത്രിയിൽ ലേശം പാട്ടുകൾ ഒക്കെ പാടിയാൽ എന്ത് തെറ്റാണ് സംഭവിക്കുന്നത് എന്ന് മറ്റുചിലരും.
എന്തായാലും ഈ റമദാൻ ഫെസ്റ്റിവൽ നടത്തുവാൻ ഏറ്റവും നല്ല സമയം ക്രിസ്തുമസ്സ് ന്യു ഇയർ ആയി ബന്ധപ്പെട്ട് ഡിസംബർ അവസാനവാരം ആണെന്ന് ചിലർ നിർദ്ദേശിക്കുന്നുമുണ്ട്. എന്തായാലും നടക്കട്ടെ വൈബുകൾ !