കരിപ്പൂരിലും രാജമലയിലും ? ഇത് കേരളത്തിനൊരു കറുത്ത വെള്ളിയാഴ്ച ! അപകടത്തില്‍പെട്ട വിമാനത്തിന് സമയാസമയങ്ങളില്‍ മെയിന്‍റനന്‍സ് നടക്കാറുണ്ടായിരുന്നോ എന്ന് പരിശോധിക്കണം

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Friday, August 7, 2020

കരിപ്പൂരിലും രാജമലയിലും സംഭവിച്ച ദുരന്തങ്ങള്‍ കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയാണ്. ഈ രാത്രി അവസാനിക്കുമ്പോഴും ഈ ദുരന്തങ്ങളില്‍ നമ്മെ വിട്ടു പിരിഞ്ഞവരുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല. ഇതൊരു കറുത്ത വെള്ളിയാഴ്ച തന്നെയാണ്.

രാജമലയിലേത് പ്രകൃതി ദുരന്തമാണെങ്കില്‍ കരിപ്പൂരില്‍ സംഭവിച്ചത് ഒഴിവാക്കാനാകുമായിരുന്ന ദുരന്തമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകേണ്ടിയിരിക്കുന്നു.

2006 നവംബറില്‍ എയര്‍ ഇന്‍ഡ്യ എക്സ്പ്രസിന്‍റെ ഭാഗമായതാണ് 1344 -)0 നമ്പര്‍ വിമാനം. ലാണ്ടിങ്ങില്‍ സംഭവിച്ച തകരാറാണ് അപകടകാരണമെന്ന് പറയുന്നു. ആദ്യ തവണ ലാണ്ടിങ്ങിന് ശ്രമിച്ചപ്പോള്‍ പരാജയപ്പെടുകയും രണ്ടാമത് ലാണ്ടിങ് ശ്രമത്തിനിടെ വിമാനത്തിന്‍റെ ടയറുകള്‍ ജാമായതാണ് അപകട കാരണമെന്നുമാണ് പ്രാഥമിക വിവരം.

വന്ദേമാതിരം ദൌത്യത്തിന്‍റെ ഭാഗമായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ഈ വിമാനവും നിരവധി സര്‍വീസുകളാണ് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ മെയിന്‍റനന്‍സ് അപാകതകളാണോ ടയറുകള്‍ ജാമാകാന്‍ കാരണമെന്ന സന്ദേഹം ശക്തമാണ്.

എയര്‍ ഇന്ത്യയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് മെയിന്‍റനന്‍സ് അപാകതകളുമായി ബന്ധമുണ്ടോ എന്നും സംശയിക്കണം. മെയിന്‍റനന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടെ ശമ്പളം നല്‍കിയിട്ടു മാസങ്ങള്‍ ആയെന്ന ആക്ഷേപം ശക്തമാണ്.

ഓരോ സര്‍വീസുകള്‍ക്ക് ശേഷവും വിമാനത്തിന് മെയിന്‍റനന്‍സ് കൃത്യമായി നടക്കണം. അതിന്‍റെ ചക്രങ്ങളും ചിറകുകളും എഞ്ചിനുമൊക്കെ പരിശോദിക്കണം. അപകടത്തില്‍പ്പെട്ട എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് 1344 നു അത്തരം മെയിന്‍റനന്‍സുകള്‍ സമയാസമയങ്ങളില്‍ നടക്കുന്നുണ്ടായിരുന്നോ എന്ന സംശയം നിലനില്‍ക്കുകയാണ്.

റൺവേ ഉയരത്തിൽ നിൽക്കുകയും റൺവേ കഴിഞ്ഞുള്ള പ്രദേശം താണു കിടക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഹാർഡ് ലാൻഡിങ് ഇത്രവലിയ അപകടമുണ്ടാക്കിയതെന്ന് പറയുന്നു. കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാൽ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് സാധാരണ ചെയ്യാറുള്ളത്.

ഈ സംഭവത്തില്‍ അങ്ങനൊരു സന്ദേശം പൈലറ്റ് നല്‍കിയതായി അറിയില്ല. വിമാനം റൺവേയിൽനിന്ന് തെന്നി മുന്നോട്ട് പോയെന്നാണ് റിപ്പോര്‍ട്ട് . മതിലു കഴിഞ്ഞ് താഴേയ്ക്ക് മൂക്കുകുത്തി വീണതിനാലാണ് മുൻഭാഗം പിളർന്ന് ക്യാബിന്റെ ഭാഗം തകരാറിലായത്.

അങ്ങനെയെങ്കില്‍ വിമാനത്തിന്‍റെ തകരാര്‍ അതിനു കാരണമായിരിക്കാം എന്ന സംശയം ശക്തമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന വിമാനങ്ങളുടെ മെയിന്‍റനന്‍സ് കൃത്യമായി നടക്കുന്നുണ്ടോ എന്നും പരിശോധിക്കണം. കരിപ്പൂരിലും രാജമലയിലും ഇന്ന് പൊലിഞ്ഞ ജീവിതങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

– എഡിറ്റര്‍ 

×