ന്യൂഡല്‍ഹി: 20 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ശനിയാഴ്ച പുറത്തുവിട്ടു. 257 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.
പൈലറ്റ് 'സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍' (എസ്ഒപി) പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സാങ്കേതിക തകരാറുകളുടെ പങ്കും അവഗണിക്കാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാൻഡ് ചെയ്തത്. മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയെന്നും പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 2020 ഓഗസ്റ്റ് 27-നാണ് അപകടം നടന്നത്.