വിദ്യാര്‍ത്ഥി മനസ്സുകളില്‍ തീവ്രമായ സമരാവേശമായി സംഘടനയെ ചലിപ്പിച്ച കെഎസ്‌യു പ്രസിഡന്റ് ! നവചിന്തകള്‍ യുവത്വത്തിന്റെ പ്രതിഷേധ രൂപമെന്ന് പഠിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. നിയമനിര്‍മ്മാണ സഭകളില്‍ രജത ജൂബിലി പിന്നിട്ട് കെ സി വേണുഗോപാല്‍ എംപി ! നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അംഗമായ ചുരുക്കം മലയാളികളിലൊരാളായ കെസിയുടെ കാല്‍ നൂറ്റാണ്ടിന് ആശംസകളുമായി രാഷ്ട്രീയ കേരളം !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിയമനിര്‍മ്മാണ സഭയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. നിയമസഭ. ലോക്‌സഭ, രാജ്യസഭ എന്നിവിടങ്ങളിലായി 25 വര്‍ഷമായി നിയമനിര്‍മാണ സഭയില്‍ കെസി വേണുഗോപാല്‍ തന്റെ സാന്നിധ്യം തുടരുകയാണ്. കെസി വേണുഗോപാലിന്റ നേട്ടത്തില്‍ സംവീധായകന്‍ ഫാസിലടക്കമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആശംസകളുമായെത്തി.

Advertisment

publive-image

1996 മെയ് 29ന് ആലപ്പുഴയില്‍ നിന്നുമാണ് കണ്ണൂരുകാരനായ കെസി വേണുഗോപാല്‍ ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2001, 2006 വര്‍ഷങ്ങളിലും ആലപ്പുഴയിലെ ജനത അദ്ദേഹത്തെ നിയമസഭയിലെ തങ്ങളുടെ പ്രതിനിധിയായി ചേര്‍ത്തു നിര്‍ത്തി. നിയമസഭാംഗമായിരിക്കെ പാര്‍ട്ടി നിയോഗിച്ച മറ്റൊരു ദൗത്യമായിരുന്നു ആലപ്പുഴയില്‍ നിന്നും ലോക്‌സഭയിലേക്ക് അദ്ദേഹത്തിന്റെ മത്സരം.

ഇടതുപക്ഷത്തിന്റെ കയ്യിലിരുന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലം 2009ല്‍ കെസി തന്റെ കൈപ്പിടിയിലൊതുക്കി. കെസി മത്സരിക്കാനെത്തിയതോടെ ആലപ്പുഴയിലെ ജനാഭിലാഷമായിരുന്നു ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചത്. 2014ല്‍ വീണ്ടും വിജയമാവര്‍ത്തിച്ചു.

2019 മെയ് മുതല്‍ 2020 മെയ്‌വരെ ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം 2020 ജൂണില്‍ രാജ്യസഭാംഗമായി. ഇതിനിടെ തന്നെ സംസ്ഥാന മന്ത്രിപദവിയും കേന്ദ്രമന്ത്രിസ്ഥാനവും കെസിയെ തേടിയെത്തിയിരുന്നു. കിട്ടിയ പദവികളൊന്നും കേവലം അലങ്കാരമാക്കാതെ കര്‍മ കുശലതയോടെ തന്റെതായ അടയാളപെടുത്തലുകള്‍ നടത്തിയ ഭരണാധികാരിയെന്ന് പേരെടുക്കാന്‍ വേണുഗോപാലിനായതും ചരിത്രം.

കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ വേണുഗോപാല്‍ 1987ല്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് വാശിയേറിയ സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് കെ സി വേണുഗോപാല്‍ സംസ്ഥാന പ്രസിഡന്റായത്.

അദ്ദേഹം പ്രസിഡന്റായതോടെ കെ എസ് യുവിലും ആവേശം നിറഞ്ഞു. കെഎസ് യുവിനെ സുവര്‍ണകാലത്തേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു കെസി. 1989 നന്ദാവനത്തു പോലീസ് കാമ്പില്‍ വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച നന്ദാവനം ലാത്തിച്ചാര്‍ജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന മാര്‍ക്ക് ദാനത്തിനെതിരെ കെ എസ് യു നടത്തിയ പ്രക്ഷോഭത്തിന് നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാര്‍ജ് എന്നിവയൊക്കെ കെസിയുടെ കാലത്തായിരുന്നു.

എംജി യൂണിവേഴ്‌സിറ്റിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടന്ന പ്രക്ഷോഭം, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ പ്രക്ഷോഭം, തിരുവനന്തപുരത്ത് പാഠ പുസ്തക സമര പ്രക്ഷോഭം എന്നിങ്ങനെ സമരങ്ങള്‍ നിരവധി. പിന്നീട് 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി എട്ടുവര്‍ഷം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായി കെസി എത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളിലേക്ക് ഒരിടവേളയ്ക്ക് ശേഷം ഉണര്‍ത്തെണീറ്റത് അക്കാലത്തായിരുന്നു. 1993-94 വര്‍ഗീയതക്കെതിരെ തിരുവനന്തപുരം ശംഖുമുഖത്തു സംഘടിപ്പിച്ച യുവസാഗരം റാലി, പ്രധാനമന്ത്രി നരസിംഹറാവു പങ്കെടുത്ത യുവസാഗരം പരിപാടിയുമൊക്കെ കെസിയിലെ സംഘാടകന്റെ മികവായി.

1997 കളിയിക്കാവിള മുതല്‍ പാലക്കാട് വരെ ദേശീയപദയാത്ര നടത്തിയും കേരളത്തിലെ ജനമനസുകളില്‍ വേണുഗോപാല്‍ സ്ഥാനമുറപ്പിച്ചു.1998-കൊല്ലം എസ് എന്‍ കോളജ് സമരം. 2000-01ല്‍ പരിയാരം പഞ്ചായത്തില്‍ നടന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ 9 ദിവസം നീണ്ട നിരാഹാര സമരവും കെസി നടത്തി.

ഇന്നിപ്പോള്‍ കോണ്‍ഗ്രസ് സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും അതിനെ തരണം ചെയ്യാന്‍ കെസി വേണുഗോപാല്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ മുഖ്യപങ്ക് വഹിക്കുകയാണ്. വെല്ലുവിളികളുടെയും തിരിച്ചടികളുടെയും കാലഘട്ടത്തില്‍ ചരിത്രം തമസ്‌കരിച്ച് പുതിയ പറുദീസകള്‍ തേടി പാലായനം ചെയ്യപ്പെടുന്നവര്‍ക്കിടയില്‍ മൗനമായി തീഷ്ണമായ ലക്ഷ്യബോധത്തോടെ പാര്‍ട്ടിയെ മുമ്പോട്ടു നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹം നിര്‍വഹിക്കുകയാണ്.

പുതിയ കാലത്തിലേക്കുള്ള പടയോട്ടത്തിന് കോണ്‍ഗ്രസിന്റെ ദേശീയ നയരൂപീകരണത്തിന് കാലം നിയോഗിച്ച എട്ടുപേരില്‍ ഒരാളായതും കെസി വേണുഗോപാലാണ്.

Advertisment